Follow the News Bengaluru channel on WhatsApp

ഇനിയൊന്ന് തിരിഞ്ഞു നോക്കാം

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം നാൽപ്പത്തിയേഴ്

സൈനിക സേവനത്തിലേക്കും സമാനമായ മറ്റ് ജോലികളിലേക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുന്ന വളരെ പ്രധാനപ്പെട്ട ട്രെയിനിങ്ങുകളിൽ ഒന്നാണ് മാപ്പ് റീഡിങ്. ഒരു പ്രദേശത്തിന്റെ ഭൂപടം വടക്കുനോക്കി യന്ത്രത്തിന്റെ സഹായത്തോടെ പരിശോധിച്ച് അവിടെ നിന്നും ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരാനുള്ള പരിശീലനമാണ് ഇതിലൂടെ ലഭിക്കുന്നത്. ഓരോ പ്രദേശത്തിന്റേയും പ്രത്യേകതകളായ മലകളും പുഴകളും പാതകളുമെല്ലാം സ്വാഭാവികമായും ഭൂപടത്തിൽ ഉൾപ്പെട്ടിരിക്കും. ഇത്തരം അടയാളങ്ങളാണ് ഏതു വഴിയിലൂടെ യാത്ര ചെയ്യണമെന്ന് തീരുമാനിക്കാൻ മാപ്പ് റീഡറെ സഹായിക്കുന്നത്. മാപ്പും വടക്ക്നോക്കി യന്ത്രവും ഇല്ലാതെയും ദിശ നിർണയിക്കാനുള്ള പരിശീലനവും ചിലപ്പോൾ നൽകാറുണ്ട്. സൂര്യന്റെ സ്ഥാനം, ഇലകളിൽ സൂര്യപ്രകാശം പതിഞ്ഞുണ്ടാകുന്ന നിറവ്യത്യാസം, മൊട്ടുസൂചിയും ഇലയും വെള്ളത്തിലിട്ട് വടക്ക് എവിടെയെന്നു കണ്ടുപിടിക്കാനുള്ള മാർഗങ്ങൾ അങ്ങനെ പലതും ഈ ഘട്ടത്തിൽ പരിശീലത്തിൽ ഉൾപ്പെടുന്നു.

ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുമ്പോൾ ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കണം എന്നൊരു പൊതുവായ രീതി ഇത്തരം പരിശീലനത്തിന്റെ ഭാഗമായി മുന്നോട്ടുവെക്കാറുണ്ട്. പോകുന്ന വഴിയിൽ എവിടെയെങ്കിലും തടസമുണ്ടായാൽ പുറകിലേക്ക് മടങ്ങിയെത്തി മറ്റൊരു വഴിയിലേക്ക് പോകേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ ബുദ്ധിമുട്ടുകൾ ഉണ്ടാവാതെ ഇരിക്കാനാണ് ഇങ്ങനെ പരിശീലിപ്പിക്കുന്നത്. കാരണം, ഭൂമിശാസ്ത്രപരമായി നമ്മുടെ സഞ്ചാരവീഥിയിൽ മുന്നോട്ട് കാണുന്ന കാഴ്ചകളും അതെ പാതയിലൂടെ തിരികെ വരുമ്പോൾ ഉണ്ടാകുന്ന കാഴ്ചകളും ഒരേപോലെയല്ല. പോകുന്ന വഴിയിൽ നാം കാണുന്ന കെട്ടിടങ്ങളുടേയും, മരങ്ങളുടെയും, ജങ്ഷനുകളുടെയുമൊക്കെ വ്യത്യസ്തമായ മറ്റൊരു ദർശനമാകും മടക്കു യാത്രയിൽ നമുക്കുണ്ടാകുന്നത്. പ്രത്യേകിച്ച് പുതിയതായി നാം എത്തിച്ചേരുന്ന സ്ഥലങ്ങളിൽ. അൽപ്പം ദൂരം യാത്രചെയ്തശേഷം തിരിഞ്ഞു നോക്കുമ്പോൾ, മടക്കുയാത്രയിൽ ആ വഴി എങ്ങനെയാണ് കാണപ്പെടുക എന്നതാകും നമ്മുടെ മനസിൽ പതിയുക. സ്വാഭാവികമായും ഇടയ്ക്കുവച്ച് തിരികെ വരേണ്ടി വന്നാൽ അപരിചിതത്തിന്റെ ബുദ്ധിമുട്ടുകൾ കൂടാതെ ആ വഴിയിൽ നമുക്ക് യാത്ര ചെയ്യാനാകും. മുന്നോട്ടുള്ള അതിദ്രുത യാത്രയിൽ നമ്മുടെ കണ്ണിൽപ്പെടാത്തത് പലതും ഈ തിരിഞ്ഞു നോട്ടത്തിൽ ശ്രദ്ധയിൽവരും. നമുക്കായി തണൽ ചൊരിഞ്ഞ മരങ്ങൾ, ദാഹിച്ചപ്പോൾ കരുണയുടെ നീർ പകർന്ന തണ്ണീർക്കുടങ്ങൾ, നമ്മുടെ മൃദുവായ കാലുകൾക്ക് മുൾവഴി ഒരുക്കി കഷ്ടം പകർന്ന പ്രദേശങ്ങൾ, മൂന്നും നാലും കൂടുന്ന മുക്കുകളിൽ നമുക്ക് മുന്നിലുണ്ടായിരുന്ന വ്യത്യസ്ത വഴികളും അവയിൽ നിന്നും നാം തിരഞ്ഞെടുത്ത വഴിയുമൊക്കെ കൃത്യമായി അത്തരത്തിൽ കാണാനാകും.

ജീവിതത്തിന്റെ ദുർഘടമായ വഴിയാത്രയും ഇങ്ങനെയാണ്. മുന്നിലുള്ള തുറന്ന വഴികളും, അടയാളങ്ങളും കണ്മുന്നിലുള്ള അനന്തമായ സാധ്യതകളും ഉപയോഗിച്ച് അതിവേഗം മുന്നേറി പോകുമ്പോൾ ആ വഴികളിലൂടെ പിന്തിരിഞ്ഞു നടക്കേണ്ടി വന്നാലോ എന്നൊരു ചിന്തയില്ലാതെയാണ് നാം സഞ്ചരിക്കാറുള്ളത്. ജീവിതയാത്രയുടെ ഒരു വഴിയും പൂർണ്ണമായും സുരക്ഷിതമല്ല. ചിലപ്പോൾ വഴിയിൽ അപകടങ്ങളുണ്ടായെന്നുവരാം, കുറേ ദൂരം സഞ്ചരിച്ചതിനു ശേഷം തിരഞ്ഞെടുത്ത പാത തെറ്റായിരുന്നു എന്ന തിരിച്ചറിവുണ്ടാകാം. മുൻപുണ്ടായിരുന്ന ജീവിതം ഇപ്പോഴുള്ളതിലും മനോഹരമായിരുന്നല്ലോ എന്ന ചിന്തയിൽ പിന്തിരിഞ്ഞു നടക്കാൻ തോന്നലുണ്ടാകാം അങ്ങനെ അനിശ്ചിതത്ത്വങ്ങളുടെ ആകെതുകയായിട്ടാണ് ജീവിതം രൂപപ്പെടാറുള്ളത്. ഈ അനിശ്ചിതത്ത്വത്തെ നേരിടാനാണ് ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കണമെന്ന് പറയാറുള്ളത്.

നാം കടന്നു പോകുന്നത് സന്തോഷകരമോ ദുഃഖകരമോ ആയ ജീവിത സാഹചര്യത്തിലൂടെയാകട്ടെ. ഇടക്കൊന്നു തിരിഞ്ഞു നോക്കുന്നത് ശീലമാക്കുക. അങ്ങനെ തിരിഞ്ഞു നോക്കുമ്പോൾ ദുർഘടമായ ഈ യാത്രയിൽ കരുണയുടെ തണലിൽ നമ്മെ ചേർത്ത്നിർത്തിയവരെ നമുക്ക് കാണാൻ കഴിയും. പ്രയാസങ്ങളിൽ കല്ലെറിഞ്ഞവരേയും, കൈപിടിച്ച് കൂടെ നടന്നവരെയും കാണാം. മുന്നിലുണ്ടായിരുന്ന നിരവധി സാധ്യതകളെയും അവയിൽ നിന്നും നാം തിരഞ്ഞെടുത്ത മാർഗത്തെയും കാണാം. ഇപ്പോഴുള്ള വഴിയിൽ നിന്നും പിൻതിരിഞ്ഞു നടന്നാൽ തിരഞ്ഞെടുക്കാൻ സാധ്യതനൽകുന്ന അവസരങ്ങൾ കാണാം അങ്ങനെ ഇതുവരെ കടന്നുവന്ന ജീവിതത്തെയാകെ വ്യത്യസ്തമായ മറ്റൊരു വീക്ഷണത്തിലൂടെ കാണാൻ അവസരം നൽകുന്നതാണ് ഇടയ്ക്കിടെയുള്ള തിരിഞ്ഞു നോട്ടം.

ഹൃദയത്തിന്റെ ഉള്ളറകളിൽ എവിടേയോ ഒളിപ്പിച്ചുവച്ചിരിക്കുന്ന പഴയ ഓർമകളെ പൊടിതട്ടിയെടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ. നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങളെ, മനസിനെ സ്പർശിച്ചു കടന്നുപോയ മനുഷ്യരെ, ചുണ്ടിലിപ്പോഴും ചിരിയുണർത്തുന്ന രസകരമായൊരു ഭൂതകാലഅനുഭവത്തെ, കണ്ണിൽ വേദനയുടെ തെളിനീരൂറ്റുന്ന വേദനിക്കുന്ന ഒരോർമയെ ഇങ്ങനെ എവിടേയോ നഷ്ടപ്പെട്ടു പോയെന്നു തോന്നുന്ന എന്തെല്ലാമൊക്കെയോ തിരികെ വേണമോ ? ജീവിതത്തിലേക്ക് മെല്ലെയൊന്നു തിരിഞ്ഞു നോക്കൂ. നഷ്ടപ്പെട്ടെന്നു കരുതിയതെല്ലാം ഓർമകളുടെ ഭണ്ടാരം തുറന്നു നമ്മുടെ കൺമുന്നിലേക്ക് കടന്നു വരുന്നത് കാണാം. ആ കാഴ്ചകളുടെ കരുത്തിലാകട്ടെ മുന്നോട്ടുള്ള യാത്ര.

പ്രോമിത്യൂസിന്റെ ഹൃദയം :▶️▶️ മുൻ അധ്യായങ്ങൾ ഇവിടെ വായിക്കാം

🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.