Follow the News Bengaluru channel on WhatsApp

തിരഞ്ഞെടുപ്പ്

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം നാൽപ്പത്തിയൊമ്പത്

രാമായണവും മഹാഭാരതവും. ഇന്ത്യയുടെ സാഹിത്യഭൂമികയിലെ മഹാത്ഭുതങ്ങൾ. ഇതളിതളുകളായി പടർന്നു കിടക്കുന്ന, കഥകളും ഉപകഥകളും ഉപോപകഥകളുമായി നൂറ്റാണ്ടുകളായി പ്രസക്തി നഷ്ടപ്പെടാതെ നിലനിൽക്കുന്ന സാഹിത്യവല്ലരികൾ. വായിച്ചു തുടങ്ങുമ്പോൾ ഒന്നും അറിയുന്തോറും ആയിരവും കൂടുതൽ അറിയുന്തോറും പതിനായിരവും ദർശനങ്ങൾ പകരുന്ന കഥാസന്ദർഭങ്ങൾ. ഒന്നിനൊന്നു മികച്ചു നിൽക്കുന്ന അസംഖ്യം കഥാപാത്രങ്ങൾ. അങ്ങനെ ഒരു മാസ്റ്റർപീസിനു വേണ്ടതെല്ലാം ഒത്തിണങ്ങിയ രണ്ടു കൃതികൾ നമ്മുടെ നാട്ടിലുണ്ട് എന്നത് തന്നെ അഭിമാനിക്കാൻ വകനൽകുന്നതാണ്.

രണ്ടു പുസ്തകങ്ങളിലുമുള്ള അനേകായിരം കഥാപാത്രങ്ങളിൽ നിന്നും ഏറ്റവും മികച്ചതേത് എന്ന ചോദ്യം കുഴപ്പിക്കുന്ന ഒന്നാണ്. ധർമവും അധർമവും വാഴുന്ന, ശരിയും തെറ്റും, ചതിയും സത്യസന്ധതയുമൊക്കെ മാറി മാറി വരുന്ന അനേകം സന്ദർഭങ്ങളിൽ കഥാപാത്രങ്ങൾ വായനക്കാരന്റെ വീക്ഷണത്തിനനുസരിച്ചു നല്ലവരും കെട്ടവരുമായി മാറുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരെയും സംതൃപ്തിപ്പെടുത്തുന്ന ഒരു തിരഞ്ഞെടുപ്പ് സാധ്യമല്ല. ഇരു ഇതിഹാസങ്ങളിലുമുള്ള സമാനമായ സാഹചര്യത്തിൽ വ്യത്യസ്തമായ വഴി തിരഞ്ഞെടുത്ത രണ്ടുപേരെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

സീതാപഹരണത്തെത്തുടർന്ന് ശ്രീരാമൻ ലങ്കയെ ആക്രമിക്കുന്നു. ശൗര്യം കൊണ്ടും യുദ്ധവീര്യം കൊണ്ടും കൂടുതൽ ശക്തിശാലികളായ അസുരപ്പട, തങ്ങളുടെ രാജ്യത്തേക്ക് കടന്നുവന്ന വിദേശസൈന്യത്തിനു നേരെ മുഴുവൻ പോരാട്ടവീര്യവും കാട്ടി അങ്കക്കലിയോടെ നിൽക്കുന്നു. തങ്ങളുടെ രാജ്യത്തിനും രാജാവിനും നേരെയുണ്ടായ യുദ്ധത്തിൽ ജീവൻ വെടിഞ്ഞും രാജാവിനൊപ്പം എന്നുതന്നെയാണ് അവർ നിനച്ചിരിക്കുന്നത്. രാജ്യമെങ്ങും യുദ്ധത്തിനായി സജ്ജരാകുന്നു, ഓരോ ഹൃദയവും ലങ്കേശ്വരന്റെ വിജയത്തിനായി പ്രാർത്ഥനകൾ ഉരുവിടുന്നു. എന്നാൽ ഒരാൾ, ഒരാൾ മാത്രം സ്വന്തം രാജ്യത്തിന്റെ ആഗ്രഹങ്ങളെയെല്ലാം വിസ്മരിച്ച് ശത്രുപക്ഷം ചേർന്നു. വിഭീഷണൻ.

തന്റെ സഹോദരൻ കൂടിയായ ലങ്കാധിപന്റെ അധർമ്മങ്ങളാണ് രാമ-രാവണ യുദ്ധത്തിന്റെ കാരണമെന്നും അധർമ്മത്തെ തോൽപ്പിക്കാൻ താൻ രാമനോപ്പം ചേരുന്നു എന്നുമായിരുന്നു വിഭീഷണന് സ്വന്തം ഭാഗം ന്യായികരിക്കാനായി പറയാനുണ്ടായിരുന്നത്. രാജ്യത്തെ ജനങ്ങളാകെ തന്നെ രാജ്യദ്രോഹിയെന്നും ദേശവിരുദ്ധനെന്നും മുദ്രകുത്തുമ്പോഴും ധർമത്തിനൊപ്പം നിൽക്കാൻ സ്വന്തം കുടുംബത്തെയും സഹോദരങ്ങളെയും ഉപേക്ഷിച്ചവൻ, അന്നുവരെ രാവണന്റെ അന്നം ഭക്ഷിച്ച്, ഒടുവിൽ ഏറ്റവും സന്നിഗ്ദ്ധമായ ഘട്ടത്തിൽ അന്നദാതാവിനെതിരെ തന്നെ പോരാടാൻ തുനിഞ്ഞവൻ… വിഭീഷണൻ.

മറുവശത്ത് കർണ്ണൻ, അധർമ്മം ദുര്യോധനന്റെ ഭാഗത്താണ് എന്നറിയാമായിരുന്നിട്ടും അവസാന ശ്വാസം വരെ ആ അധർമ്മിയോടൊപ്പം നിൽക്കാനാണ് കർണ്ണൻ തീരുമാനിക്കുന്നത്. തനിക്ക് അപമാനം നേരിട്ട ഘട്ടത്തിൽ അംഗരാജന്റെ പദവിയും അഭിമാനവും നൽകി തന്നെ സംരക്ഷിച്ചവനാണ് സുയോധനൻ എന്നതാണ് കൗരവവീരർക്കൊപ്പം തോളോട് തോൾചേർന്നു പോരാടി മരിക്കുവാൻ അയാൾക്കുണ്ടായിരുന്ന ന്യായം.

താനും കുന്തീപുത്രനാണെന്നും പാണ്ഡവർക്ക് ജ്യേഷ്ഠനാണെന്നും അറിഞ്ഞിട്ടും അതുവരെ അന്നം നൽകിയ, സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും തണൽ നൽകിയ, അധർമ്മിയെ പിന്തുണയ്ക്കാനായിരുന്നു കർണ്ണൻ തീരുമാനിച്ചത്. ബന്ധങ്ങളെ ധർമ്മത്തിനായി ത്യജിക്കാൻ തയ്യാറാകാത്തവൻ, ആപത്തിൽ മിത്രത്തെ ഉപേക്ഷിക്കാത്തവൻ…കർണ്ണൻ.

ബന്ധത്തിനും കർമ്മത്തിനുമിടയിൽ, ധർമ്മത്തിനും അധർമ്മത്തിനുമിടയിൽ ശരികൾക്കും തെറ്റുകൾക്കുമിടയിൽ ഏതെങ്കിലും ഒന്ന് മാത്രം തിരഞ്ഞെടുക്കേണ്ട അവസരം നമുക്കെല്ലാം ഉണ്ടാകാറുണ്ട്. ഇതിഹാസങ്ങളിൽ കർണ്ണനും വിഭീഷണനും നേരിട്ട അതേ ചോദ്യം തന്നെ. മുൻപ് സൂചിപ്പിച്ചത് പോലെ നല്ലതെന്ത് കെട്ടതെന്ത് എന്ന തീരുമാനം വായനക്കാരന്റെ വീക്ഷണത്തിനുകൂടി അനുസരിച്ചാണ് എന്നത് പോലെ ഇവയ്ക്കിടയിൽ എന്ത് തീരുമാനിക്കണം എന്നതും തീരുമാനിക്കുന്ന ആളുടെ വീക്ഷണത്തെ അടിസ്ഥാനമാക്കിയാണുള്ളത്.

ശരിതെറ്റുകൾ തീരുമാനിക്കുകയെന്നത് വളരെ സങ്കീർണ്ണമാണ്. നമ്മുടെ ശരികൾ മറ്റ് പലർക്കും തെറ്റുകളായി തോന്നാം. മറ്റുള്ളവരുടെ ശരികൾ നമുക്ക് തെറ്റുകളായും. തിരഞ്ഞെടുക്കാനുള്ള അവസരം വരുമ്പോൾ ഏതാണ് കൂടുതൽ ശരിയെന്ന ചോദ്യമാണുയരുന്നത്. നമ്മുടെ ശരിയോ മറ്റുള്ളവരുടെ ശരിയോ ? ഇതിഹാസകഥയിൽ കർണ്ണനാണോ വിഭീഷണനാണോ ശരിയെന്നു നമുക്ക് നിജപ്പെടുത്താനാവില്ല. ഇരുവർക്കും അവരുടേതായ ന്യായങ്ങളുണ്ട്. അതേപോലെ എല്ലാ തിരഞ്ഞെടുപ്പുകൾക്കും നമുക്ക് നമ്മുടേതായ ന്യായങ്ങൾ ഉണ്ടാകണം. കർണ്ണനാകാൻ തീരുമാനിച്ചാലും വിഭീഷണനാകാൻ തീരുമാനിച്ചാലും നമുക്ക് നമ്മുടെ മനസാക്ഷിയെത്തനെ ബോധ്യപ്പെടുത്താൻ കഴിയുന്ന ശരികളുണ്ടാകണം…. എന്ത് തിരഞ്ഞെടുത്താലും ചില നഷ്ടങ്ങളുണ്ടാകും, ചിലതൊക്കെ, ചിലരൊക്കെ വിട്ടുപോകും, അത് ഒരിക്കലും ഒഴിവാക്കാനാകില്ല, അതുകൊണ്ട് എന്നും നമ്മുടെ ശരികളോടൊപ്പം മാത്രം ജീവിക്കാൻ ശീലിക്കുക.

പ്രോമിത്യൂസിന്റെ ഹൃദയം :▶️▶️ മുൻ അധ്യായങ്ങൾ ഇവിടെ വായിക്കാം

🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.