ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ എടത്വായില്‍ ഉണ്ടായ അപകടത്തില്‍ എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ മെറീന (24) ആണ് മരിച്ചത്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ കേളമംഗലം ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തു വെച്ചാണ് അപകടം.
ഒന്നാം വിവാഹ വാര്‍ഷികം ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പം ആഘോഷിക്കാന്‍ ജോലി സ്ഥലത്തുനിന്ന് വീട്ടിലേയ്ക്ക് എത്തിയതായിരുന്നു. എന്നാല്‍ വഴിമദ്ധ്യേ ഉണ്ടായ അപകടം യുവതിയുടെ ജീവന്‍ എടുക്കുക ആയിരുന്നു. ബൈക്കും ബസും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തെറിച്ചു വീണ മെറീനയുടെ മുകളിലൂടെ ബസ് കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.
എറണാകുളം മാതാ അമ്യതാനന്ദമയി ആശുപതിയില്‍ നേഴ്‌സായിരുന്നു. അമ്പപ്പുഴയില്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രയിനില്‍ എത്തിയ മെറീനയെ ഭര്‍ത്താവ് ഷാനോ കെ ശാന്തന്‍ ബൈക്കിലെത്തി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ഷാനോ കെ ശാന്തനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. എടത്വാ പോലീസ് മേല്‍നടപടി സ്വീകരിച്ചു.
SUMMARY: 24-year-old woman dies after getting off KSRTC bus while traveling with husband to celebrate first wedding anniversary














