അഹമ്മദാബാദ്: ഐ.പി.എൽ 2026-ലെ ആവേശകരമായ ഒൻപതാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 6 റൺസിന്റെ തകർപ്പൻ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 210 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. 42 പന്തില്‍ 75 റണ്‍സെടുത്ത ധ്രുവ് ജുറലാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് നേടാന്‍ സാധിച്ചത്. 44 പന്തില്‍ 73 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ടോപ് സ്‌കോറര്‍. രാജസ്ഥാന് വേണ്ടി രവി ബിഷ്‌ണോയ് നാല് വിക്കറ്റെടുത്തു.
ശുഭ്മാന്‍ ഗില്ലിന് പകരം ടീമിലെത്തിയ കുമാര്‍ കുശാഗ്ര (18) – സായ് സുദര്‍ശന്‍ സഖ്യം മികച്ച തുടക്കമാണ് ഗുജറാത്തിന് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 78 റണ്‍സ് ചേര്‍ത്തു. എട്ടാം ഓവറില്‍ കുശാഗ്ര പുറത്തായി. തുടര്‍ന്നെത്തിയ ജോസ് ബട്‌ലര്‍ (26) – സായ് സഖ്യം 29 റണ്‍സും ചേര്‍ത്തു. എന്നാല്‍ 11-ാം ഓവറില്‍ സായ് മടങ്ങിയതോടെ ഗുജറാത്ത് തകര്‍ന്നു. ബട്‌ലര്‍ക്ക് പിന്നാലെ ഗ്ലെന്‍ ഫിലിപ്‌സ് (3), വാഷിംഗ്ടണ്‍ സുന്ദര്‍ (4), രാഹുല്‍ തെവാട്ടിയ (12), ഷാരുഖ് ഖാന്‍ (11) എന്നിവര്‍ക്ക് പൊരുതാന്‍ പോലും കഴിഞ്ഞില്ല. ഇതോടെ ഏഴിന് 161 എന്ന നിലയിലായി ഗുജറാത്ത്.തുടര്‍ന്ന് റാഷിദ് ഖാന്‍ (24) – കഗിസോ റബാദ (23) സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്ത് ഗുജറാത്തിന് പ്രതീക്ഷ നല്‍കി. എന്നാല്‍ അവസാന ഓവറുകളില്‍ വിജയം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ജോഫ്ര ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരുടെ ഓവറുകള്‍ രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ബൗളിങ്ങിൽ ഗുജറാത്തിനായി കഗിസോ റബാദ നാല് ഓവറിൽ 42 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ റാഷിദ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, അശോക് ശർമ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. മത്സരത്തിനിടെ അശോക് ശർമ എറിഞ്ഞ 154.2 കിലോമീറ്റർ വേഗതയിലുള്ള യോർക്കർ ഈ സീസണിലെ തന്നെ ഏറ്റവും വേഗമേറിയ പന്തായിമാറി.
















