കണ്ണൂര്‍: പേരാവൂരിലെ പമ്പാളിയില് ബുധനാഴ്ച രാത്രിയോടെ മൂന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു. ആക്രമണത്തില്‍ കുരിയാടന്‍ അന്‍സാര്‍, പത്തനാടന് അരുണ്‍, മേല്മുങ്ങേടി അഭിജിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാത്രി എട്ടരയോടെ നടന്ന സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ അന്‍സാറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും, മറ്റ് രണ്ടുപേരെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നില്‍ വ്യക്തിപരമായ വൈരാഗ്യങ്ങളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയപരമായ മറ്റ് കാരണങ്ങളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അതേദിവസം വൈകുന്നേരം ഒരു കല്യാണവീട്ടില്‍ വെച്ച് തര്‍ക്കവും ഉന്തും തള്ളുമുണ്ടായ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.
പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തുന്നതിനായി പോലീസ് സംഘം മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടുണ്ട്. ആശുപത്രികളില്‍ നിന്ന് പരിക്കേറ്റവരുടെ പൂര്‍ണ്ണമായ മൊഴി ലഭ്യമായ ശേഷം മാത്രമേ ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
SUMMARY: Three youths stabbed in Kannur; One is in critical condition
















