ബെംഗളൂരു: കെഎന്‍എസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര സംഘടിപ്പിച്ചു. ദാസറഹള്ളി കരയോഗം ശോഭയാത്ര സന്തോഷ്നഗര്‍ കെഎന്‍എസ്എസ് ഓഫീസില്‍ (മന്നം സദനം) നിന്നും ആരംഭിച്ച് ദാസറഹള്ളി പൈപ്പ് ലൈന്‍ റോഡ് വഴി ജലഹള്ളി അയ്യപ്പ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന് ഉറിയടി, പ്രസാദവിതരണം എന്നിവയോടുകൂടി അവസാനിച്ചു. താലപ്പൊലിയുടേയും ശിങ്കാരിമേളത്തിന്റേയും അകമ്പടിയോടെ കൊച്ചു രാധാകൃഷ്ണന്മാരെ അണിനിരത്തിയ വര്‍ണാഭമായ ശോഭയാത്ര ദാസറഹള്ളിയെ അക്ഷരാര്‍ത്ഥത്തില്‍ അമ്പാടിയാക്കി.
ദാസറഹള്ളി എംഎല്‍എ മുനിരാജു ഉത്ഘാടനം ചെയ്തു. കെഎന്‍എസ്എസ് ചെയര്മാന് മനോഹരക്കുറുപ്പ്, വൈസ് ചാെയര്മാന് ജി മോഹന കുമാര്‍, ജനറല്‍ സെക്രട്ടറി നാരായണന്, ജോ..സെക്രട്ടറി സി.ജി. ഹരികുമാര്‍, ദാസറഹള്ളി കരയോഗം പ്രസിഡന്റ് വിജയന് പിള്ള, ജോ. സെക്രട്ടറി രമേശന്, ബോര്‍ഡ് മെമ്പര്‍ ആര്. അനില്‍, ട്രഷറര്‍ റ്റി. പി. രാജേഷ്, കണ്‍വീനര്‍ പി. കെ. കൃഷ്ണകുമാര്‍, മഹിളാ വിഭാഗം പ്രസിഡന്റ് രജനി ശ്രീനിവാസ്, സെക്രട്ടറി സുജിത സുരേഷ്, ട്രഷറര്‍ അംബിക അയ്യപ്പന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
എം എസ് നഗര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര എച്ച് ആര് ബി ആര് ലെയൗട്ടിലുള്ള ഓം ശക്തി അമ്പലത്തില്‍നിന്ന് ബാനസാവടി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ അവസാനിച്ചു. ചെണ്ടമേളത്തോടുകൂടി കൃഷ്ണന്മാരയും രാധമാരെയും അണിയിച്ചൊരുക്കിയിരുന്നു. യാത്രയില്‍ ഉറിയടിയും കോല്‍ക്കളിയും ഉണ്ടായിരുന്നു. കുട്ടികള്‍ക്കും മധുരവും പ്രസാദവും നല്‍കിയാണ് ശോഭയാത്ര അവസാനിച്ചത്.

















