കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസിൽ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ ചോദ്യംചെയ്‌തു. പറവ ഫിലിംസ് പാർട്ണർമാരായ സൗബിൻ ഷാഹിർ, അച്ഛൻ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെയാണ് മരട് പോലീസ് ചോദ്യംചെയ്‌ത് വിട്ടയച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും അറിയിച്ചു. തിങ്കളാഴ്ച രാവിലെ 11.30ന് ഇവർ അഭിഭാഷകനൊപ്പം മരട് പോലീസ് സ്റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറോളം നീണ്ടു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും മുൻകൂർ ജാമ്യം തേടി സൗബിനും കൂട്ടാളികളും ഹൈകോടതിയെ സമീപിക്കുകയായിരുന്നു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചിരുന്നു. ജൂലൈ ഏഴിനും ആവശ്യമെങ്കിൽ എട്ടിനും മരട് പോലീസിനുമുമ്പിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നുമായിരുന്നു ഉത്തരവ്. അറസ്റ്റ് ചെയ്‌താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും നിർദേശിച്ചിരുന്നു.
സിനിമയ്‌ക്ക് സാമ്പത്തികസഹായം നൽകിയ അരൂർ സ്വദേശി സിറാജ് വലിയതുറ, ലാഭവിഹിതം നൽകിയില്ലെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് കേസെടുത്തത്. സിറാജ് ഏഴുകോടി രൂപയാണ് പറവ ഫിലിംസിന് കൈമാറിയത്. ലാഭവിഹിതമായി 47 കോടി രൂപ ലഭിക്കേണ്ടതാണെന്നും മുടക്കുമുതൽപോലും നൽകിയില്ലെന്നുമായിരുന്നു പരാതി. ഒത്തുതീർപ്പിൽ 5.99 കോടി രൂപ സിറാജിന് കൈമാറിയിരുന്നു.
സിനിമയുടെ ലാഭവിഹിതമടക്കം നിർമാതാക്കൾ സ്വന്തം അക്കൗണ്ടുവഴി മാറ്റിയതിൽ ഗൂഢാലോചനയും വിശ്വാസവഞ്ചനയും ഉണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 20 കോടിയാണ് സിനിമയുടെ നിർമാണച്ചെലവ്. അതേസമയം, സിനിമയ്‌ക്ക് വിവിധ പ്ലാറ്റ്‌ഫോമുകളിൽനിന്നായി 250 കോടി രൂപ ലഭിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ.
സിറാജ് വലിയതുറ നൽകിയ പരാതിയിൽ ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖചമയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
SUMMARY: ‘Manjummal Boys’ financial fraud; Actor Soubin Shahir and his father questioned