അമരാവതി: എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാ പദ്ധതിയുമായി ആന്ധ്രാപ്രദേശ്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 മുതലാണ് പദ്ധതി ആരംഭിക്കുന്നത്. ‘സ്ത്രീ ശക്തി’ പദ്ധതി പ്രകാരമാണ് സൗജന്യ ബസ് യാത്ര അനുവദിക്കുന്നത്. ആന്ധ്രപ്രദേശില്‍ സ്ഥിരതാമസക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുമാണ് യാത്ര ചെയ്യാന്‍ അര്‍ഹതയുള്ളത്. യാത്രയില്‍ തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണം. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (APSRTC) ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇങ്ങനെ യാത്ര ചെയ്യുന്നവർക്ക് പൂജ്യം നിരക്കിലുള്ള പ്രത്യേക ടിക്കറ്റുകളാവും നൽകുക. റീഇംബേഴ്‌സ്‌മെന്റിനായി APSRTC ഈ ടിക്കറ്റുകൾ സർക്കാരിന് സമർപ്പിക്കും. 2024 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ടിഡിപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര. പ്രതിവർഷം 1,942 കോടി രൂപ അതായത് പ്രതിമാസം ഏകദേശം 162 കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പല്ലെവെലുഗു, അള്‍ട്രാ പല്ലവെലുഗു, സിറ്റി ഓര്‍ഡിനറി, മെട്രോ എക്സ്പ്രസ്, എക്സ്പ്രസ് സര്‍വീസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍, അന്തര്‍ സംസ്ഥാന സര്‍വീസുകള്‍, ചാര്‍ട്ടേഡ് സര്‍വീസുകള്‍, പാക്കേജ് ടൂറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടില്ല. സപ്തഗിരി എക്സ്പ്രസ്, അള്‍ട്രാ ഡീലക്സ്, സൂപ്പര്‍ ലക്ഷ്വറി, സ്റ്റാര്‍ ലൈനര്‍, എയര്‍ കണ്ടീഷന്‍ഡ് സര്‍വീസുകള്‍ ഒന്നും ഈ പദ്ധതിയില്‍ ഉള്‍പ്പെടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിലുണ്ട്. ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ആകെയുള്ള 11,449 ബസുകളില്‍ 8,456 എണ്ണത്തില്‍ ‘സ്ത്രീ ശക്തി’ പദ്ധതി നടപ്പാക്കും.
യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്ലാ ബസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ബസ് സ്റ്റേഷനുകളില്‍ ഫാന്‍, കസേരകള്‍, കുടിവെള്ളം, ടോയ്ലറ്റുകള്‍ തുടങ്ങി നവീകരിച്ച സൗകര്യങ്ങള്‍ ഉണ്ടാകും.
SUMMARY: Free bus travel for women and transgenders in Andra Pradesh from Independence Day