ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന് ശേഷം ക്രൗൺ ഹൈറ്റ്സ് പ്രദേശത്തുള്ള ‘ടേസ്റ്റ് ഓഫ് ദി സിറ്റി ലോഞ്ച്’ എന്ന ക്ലബ്ബിലായിരുന്നു വെടിവെപ്പുണ്ടായത്. ഒരു തർക്കത്തെ തുടർന്ന് ഒന്നിലധികം തോക്കുകൾ ഉപയോഗിച്ച് അക്രമികൾ വെടിയുതിർക്കുകയായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവസ്ഥലത്ത് നിന്ന് കുറഞ്ഞത് 36 വെടിയുണ്ടയുടെ പുറന്തോടുകളും ഒരു തോക്കും കണ്ടെത്തിയതായി ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് കമ്മീഷണർ ജെസ്സിക്ക ടിഷ് മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച മൂന്ന് പേര്‍ 27-നും 61-നും ഇടയിൽ പ്രായമുള്ളവരാണ്. പരുക്കേറ്റ 11 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഈ വർഷം ന്യൂയോർക്ക് സിറ്റിയിൽ തോക്ക് അക്രമങ്ങൾ ഏറ്റവും കുറഞ്ഞ സമയത്താണ് ഇങ്ങനെയൊരു സംഭവം നടന്നത്. ഈ വെടിവെപ്പ് ഒരു ഒറ്റപ്പെട്ട സംഭവം ആണെന്നും കമ്മീഷണർ ടിഷ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.