തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ രാജിപ്രഖ്യാപനം നടത്തിയത്. മറ്റെല്ലാവഴികളും അടഞ്ഞതോടെയാണ് രാജിവച്ചതെന്നാണ് വിവരം. വാർത്താ സമ്മേളനത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എല്ലാം നിഷേധിച്ച രാഹുൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
‘എന്നോട് രാജിവയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. മുതിർന്ന നേതാക്കളുമായി സംസാരിച്ചു. ഹൈക്കമാൻഡും രാജി ആവശ്യപ്പെട്ടിട്ടില്ല. തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ല. പരാതിവന്നാൽ നിയമപരമായി നേരിടും. ആരോപണം ഉന്നയിച്ച യുവ നടി എൻ്റെ അടുത്ത സുഹൃത്താണ്. ആരോപണം തനിക്കെതിരെയാണെന്ന് തോന്നുന്നില്ല. വിശ്വസിക്കുന്നുണ്ട്. ഓഡിയോ സന്ദേശം വ്യാജമായിനിർമ്മിക്കുന്ന കാലമാണ്. ഹണിഭാസ്കരൻ്റെ ആരോപണം അവർ തെളിയിക്കട്ടെ. ഗർഭഛിദ്രത്തിന് തെളിവുണ്ടോ? കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടി നേരിടാൻ തയ്യാറാണ്’-വാർത്താസമ്മേളത്തിൽ രാഹുൽ പറഞ്ഞു.
അശ്ലീലസന്ദേശങ്ങൾ അയച്ചെന്നും പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും പറഞ്ഞ് നടി റിനി ആൻ ജോർജ് വെളിപ്പെടുത്തൽ നടത്തിയതോടെയാണ് രാഹുലിനെതിരേ നടപടി എടുക്കണമെന്നാവശ്യം ഉയരുന്നത്. ആരുടേയും പേര് പറയാതെയായിരുന്നു ആരോണങ്ങളെങ്കിലും പാർട്ടി ഗ്രൂപ്പുകളിൽ രാഹുലിന്റെ പേര് പരാമർശിച്ച് തന്നെയാണ് ഇത് സംബന്ധിച്ച ചർച്ചകൾ ഉയർന്നത്. പ്രവാസി എഴുത്തുകാരിയായ ഹണി ഭാസ്കറും രാഹുലിന്റെ പേര് പറഞ്ഞ് രംഗത്ത് വന്നിരുന്നു.
SUMMARY: Rahul Mamgoottathil resigned post of youth congress kerala president