തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാണ്. എന്നാൽ സ്കൂളുകളിൽ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം യൂണിഫോം ഒഴിവാക്കണമെന്ന് വിദ്യാർഥികളുടെ ഭാഗത്ത് നിന്നും ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. ഈ ആവശ്യം പരിഗണിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം;
പ്രിയപ്പെട്ട വിദ്യാർത്ഥികളെ, അധ്യാപകരെ, രക്ഷിതാക്കളെ,
വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാണല്ലോ. എന്നാൽ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്‌കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു.
അതുകൊണ്ട്, ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്‌കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. ഇത് വിദ്യാലയ അന്തരീക്ഷത്തിൽ കൂടുതൽ സന്തോഷവും വർണ്ണാഭമായ ഓർമ്മകളും നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
എല്ലാവർക്കും എന്റെ സ്‌നേഹം നിറഞ്ഞ ആശംസകൾ.
SUMMARY: Circular issued, no uniforms required for celebrations in schools