തൃശൂർ: തൃശൂര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പോലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന് ശിപാര്‍ശ. തൃശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കി. ഉത്തര മേഖല ഐജിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവി റവാഡാ ചന്ദ്രശേഖറിന്റെ നിലപാട്.
എന്നാല്‍ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ച സാഹചര്യത്തില്‍ വീണ്ടും നടപടി സ്വീകരിക്കാനാകുമോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുജിത്തിനെ മര്‍ദിച്ച സംഭവത്തില്‍ പോലീസുകാരുടെ ഇന്‍ക്രിമെന്റ് തടഞ്ഞുകൊണ്ടുള്ള നടപടി സ്വീകരിച്ചിരുന്നു. ഇതോടൊപ്പം ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ കുന്നംകുളം സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
പോലീസുകാരുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സുജിത്തിനെ പോലീസുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തമായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.
SUMMARY: Kunnamkulam custody beating; Suspension recommended against police officers