ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം ജന്മദിനം.. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ച് നരേന്ദ്ര മോദിയെ ജന്മദിനത്തിൽ ആശംസ നേര്‍ന്നു. ഇന്നലെയാണ് ഡ്രംപ് ഫോണില്‍ വിളിച്ച് മോദിക്ക് ആശംസകള്‍ നേര്‍ന്നത്. ജന്മദിനാശംസകൾ നേർന്നതിന് പിന്നാലെ സോഷ്യൽമീഡിയയായ ട്രൂത്ത് സോഷ്യലിലും ട്രംപ് പോസ്റ്റിട്ടു. ‘ഇപ്പോൾ എന്റെ സുഹൃത്ത് നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു.അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. ഗംഭീരമായ ജോലിയാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത് നരേന്ദ്ര; റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള നിങ്ങളുടെ പിന്തുണക്ക് നന്ദി’..ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
പിറന്നാൾദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ ധാർ ജില്ലയിൽ രാജ്യത്തെ ആദ്യത്തെ പി എം മിത്ര പാർക്കിന് തറക്കല്ലിടും. ടെക്സ്റ്റൈൽ കമ്പനികളിൽ നിന്നായി 23,000 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. അതേസമയം മോദിയുടെ കുട്ടിക്കാലം ആസ്പദമാക്കിയുള്ള ഹ്രസ്വചിത്രം ചലോ ജീത്തെ ഹെ അഞ്ഞൂറ് തിയറ്ററുകളിൽ ഇന്ന് വീണ്ടും റിലീസ് ചെയ്യും.
1950 സെപ്തംബര്‍ 17ല്‍ ഗുജറാത്തിലെ വഡ്‌നഗറില്‍ ജനിച്ച നരേന്ദ്ര ദാമോദര്‍ ദാസ് മോദി ആര്‍ എസ് എസ് പ്രവര്‍ത്തകനായാണ് പൊതുജീവിതം ആരംഭിച്ചത്. 1987 ൽ മുപ്പത്തിയേഴാം വയസിൽ ഗുജറാത്ത് ബിജെപി ജന സെക്രട്ടറി, 2001ൽ ഗുജറാത്ത് മുഖ്യമന്ത്രി. 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
ഗുജറാത്ത് കലാപവുമായി ബന്ധപെട്ട വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും പടിപടിയായി ഉയർന്ന് ഇന്ന് ലോകത്തെ കരുത്തരായ നേതാക്കളിൽ ഒരാളായി മോദി മാറി. സംഘപരിവാർ സ്വപ്നം കണ്ട പല ലക്ഷ്യങ്ങളും മോദിക്ക് കീഴിൽ പൂർത്തിയാക്കി. രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതും ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും, വഖഫ് നിയമ ഭേദഗതിയും പല സംസ്ഥാനങ്ങളിലും ഏക സിവിൽ കോഡ് നടപ്പാക്കുന്നതും മോദി ഭരണത്തിന് കീഴിലാണ്.
SUMMARY: World leaders wish Prime Minister Narendra Modi on his 75th birthday