ബെംഗളൂരു: മൈസൂരു ദസറയ്ക്ക് ഇന്ന് സമാപനമാകും. വിജയദശമി ദിനമായ ഇന്ന് ജംബോ സവാരിയോടെയാണ് 11 ദിവസത്തെ ആഘോഷങ്ങളും ആരവങ്ങളും സമാപിക്കുക. അംബാവിലാസ് കൊട്ടാര വളപ്പിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 2.30ന് നന്ദിധ്വജ പുജ യോടെ ചടങ്ങ് തുടങ്ങും.ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം 750 കിലോ ഭാരമുള്ള സുവർണഹൗഡയിൽ പ്രതിഷ്ഠിക്കും. തുടർന്ന് ജംബോ സവാരിയുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും.
അഭിമന്യു എന്ന ആനയാണ് സുവർണഹൗഡ വഹിക്കുന്നത്. കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന ജംബോ സവാരി നഗരപ്ര – ദക്ഷിണത്തിനു ശേഷം വൈകിട്ട് 6ന് ബന്നിമണ്ഡപം ഗ്രൗണ്ടിൽ സമാപിക്കും. പ്രദക്ഷിണത്തിനു പോലീസിൻ്റെ അശ്വാരൂഡ സേനയും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും അക മ്പടിയേകും. വൈകിട്ട് 7.30നു ബന്നിമണ്ഡപ ഗ്രൗണ്ടിൽ നടക്കുന്ന ടോർച്ച് ലൈറ്റ് പരേഡ് ഗവർണർ താവർചന്ദ് ഗെലോട്ട് ഉദ്ഘാടനം ചെയ്യും. തുടർന്ന് ലേസർ ലൈറ്റ്ഷോയും കരിമരുന്നു പ്രകടനവും ദൃശ്യവിസ്മമയം തീർക്കും.
അഭൂതപൂർവമായ തിരക്കിനാണ് ഇത്തവണത്തെ ദസറ സാക്ഷ്യം വഹിച്ചത്. മലയാളികളടക്കം പ്രതിദിനം പതിനായിരക്കണക്കിന് പേരാണ് മൈസൂരുവിലേക്ക് ദസറക്കാഴ്ചകൾക്കായി എത്തിയത്. ദസറയുടെ ആദ്യ ഒരാഴ്ച അഞ്ച് ലക്ഷത്തിനടുത്താളുകൾ മൈസൂരുവിലെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ദസറയുടെ പ്രധാന ആകർഷണമായ ജംബു സവാരി വീക്ഷിക്കാൻ ഒരു ലക്ഷത്തിലേറെപ്പേർ നഗരത്തിലെത്തുമെന്നാണ് കണക്കു കൂട്ടൽ. നഗരത്തിൽ വൻ സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
SUMMARY: Mysore Dussehra concludes today