ഗുവഹാട്ടി: ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഗായകന്റെ ബന്ധുവും അസം പോലീസിലെ ഡിഎസ്പിയുമായ സന്ദീപൻ ഗാർഗി അറസ്റ്റിൽ. ഗായകന്റെ മരണത്തിന് ആഴ്ചകൾക്ക് ശേഷമാണ് അടുത്ത ബന്ധുകൂടിയായ പോലീസുകാരൻ അറസ്റ്റിലാകുന്നത്. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം അഞ്ചായി.
സെപ്റ്റംബർ 19ന് സിംഗപ്പൂരിൽ ഒരു സ്കൂബാ ഡൈവിങ്ങിനിടെയാണ് 52കാരനായ ഗായകൻ മരണപ്പെട്ടത്. മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകൾ ഉയർന്നിരുന്നു. സുബീൻ ഗാർഗിന്റെ മരണസമയം സന്ദീപൻ ഒപ്പമുണ്ടായിരുന്നു.
നേരത്തെ, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മുഖ്യ സംഘാടകൻ ശ്യാംകാനു മഹന്ത, ഗായകന്റെ മാനേജർ സിദ്ധാർത്ഥ് ശർമ്മ, അദ്ദേഹത്തിന്റെ രണ്ട് ബാൻഡ് അംഗങ്ങളായ ശേഖർ ജ്യോതി ഗോസ്വാമി, അമൃത് പ്രഭ മഹന്ത എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സന്ദീപൻ ഗാർഗിയെ രണ്ട് തവണം കേസ് അന്വേഷിക്കുന്ന സംഘം ചോദ്യചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ചില പൊരുത്തക്കേടുകൾ തോന്നിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സിഐഡി സ്‌പെഷ്യൽ ഡിജിപി മുന്ന പ്രസാദ് ഗുപ്തയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സിംഗപ്പൂരിൽ എത്തിയ സുബീൻ ഗാർഗ് ആദ്യം സ്‌കൂബ ഡൈവിങ്ങിനിടയിലാണ് മരിച്ചതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ കടലിൽ നീന്തുന്നതിനിടയിലാണ് സുബീൻ ഗാർഗ് മരിച്ചതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ ഗായകന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് തരത്തിലുള്ള ആരോപണങ്ങളും ഉയർന്നു.
ഗായകന്റെ മരണം ആസൂത്രിതമാണെന്ന് ദൃക്‌സാക്ഷിയും സുബീന്റെ ബാൻഡിലെ അംഗവുമായ ശേഖർ ജ്യോതി ഗോസ്വാമി ആരോപിച്ചു. വിഷബാധയും ചികിത്സ നൽകാൻ വൈകിപ്പിച്ചതുമാണ് മരണകാരണമെന്നാണ് ജ്യോതി ഗോസ്വാമിയുടെ പ്രധാന ആരോപണം. കൊലപാതകത്തെ അപകട മരണമാക്കി ഒതുക്കി തീർക്കാനുള്ള ശ്രമം നടന്നെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനുപിന്നാലെ കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ അസം സർക്കാർ നിയോഗിക്കുകയായിരുന്നു.
SUMMARY: Singer Zubeen Garg’s death; Police officer, relative, arrested