സ്റ്റോക്‌ഹോം: 2025-ലെ രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്. സുസുമു കിറ്റഗാവ (ക്യോട്ടോ യൂനിവേഴ്‌സിറ്റി, ജപ്പാന്‍), റിച്ചാര്‍ഡ് റോബ്‌സണ്‍ (യൂനിവേഴ്‌സിറ്റി ഓഫ് മെല്‍ബോണ്‍), ഉമര്‍ എം യാഘി (യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്‌ലി, യു എസ് എ) എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകളുടെ വികസനമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
മരുഭൂമിയിലെ വായുവില്‍ നിന്ന് പോലും ജലം ശേഖരിക്കാനും, അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉള്‍പ്പെടെയുള്ള വാതകങ്ങള്‍ പിടിച്ചെടുക്കാനും സാധിക്കുന്ന വസ്തുക്കള്‍ നിര്‍മിക്കുക സാധ്യമാക്കിയ കണ്ടുപിടിത്തമാണ് ഈ മൂന്ന് ജേതാക്കളും നടത്തിയതെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പ്രതിനിധികള്‍ പറഞ്ഞു.
റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ആണ് രസതന്ത്രത്തിലും ഭൗതികശാസ്ത്രത്തിലുമുള്ള നൊബേല്‍ സമ്മാനം നല്‍കുന്നത്. സ്വീഡിഷ് രസതന്ത്രജ്ഞനും സംരംഭകനുമായ ആല്‍ഫ്രഡ് നൊബേലാണ് നൊബേല്‍ സമ്മാനം സ്ഥാപിച്ചത്. സാഹിത്യം, വൈദ്യശാസ്ത്രം, സമാധാനം എന്നീ മേഖലകളിലും നൊബേല്‍ സമ്മാനം നല്‍കാറുണ്ട്. 1968-ല്‍ ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി സാമ്പത്തിക ശാസ്ത്രത്തിനും ഒരു നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തി.
ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ നാളെയും സമാധാന നൊബേല്‍ വെള്ളിയാഴ്ചയും പ്രഖ്യാപിക്കും. തിങ്കളാഴ്ചയാണ് സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പ്രഖ്യാപനം.
SUMMARY: Nobel Prize in Chemistry 2025: Three researchers to win award