ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയുടെ വീടിനു നേരെ ബോംബ് ഭീഷണി. കരൂര്‍ അപകടം നടന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ചെന്നൈ നീലങ്കരയില്‍ സ്ഥിതിചെയ്യുന്ന വിജയ്‌യുടെ വീടിനു നേരെ ബോംബ് ഭീഷണിയുണ്ടായത്. പിന്നാലെ ബോംബ് സ്‌ക്വാഡും പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി.
ബോംബ് നിർവീര്യമാക്കല്‍ സ്ക്വാഡും സ്നിഫർ ഡോഗുകളും ചേർന്ന് വീട്ടില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ഇത് ഒരു വ്യാജ ഭീഷണിയാണ് എന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. സെപ്റ്റംബർ 27-ന് വിജയ് നേതൃത്വം നല്‍കിയ കരൂർ റാലിയില്‍ ഉണ്ടായ തിരക്കിനിടയില്‍ 41 പേർ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പിന്നാലെയാണ് വിജയ്ക്കുനേരെ വിമർശനങ്ങളും ഭീഷണിയും നേരിടാൻ ഇടയായത്. അന്നത്തെ പരിപാടിയില്‍ 10,000 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് എത്തിയത്. വിജയ് എട്ടുമണിക്കൂർ വൈകിയെത്തിയതും അപകടത്തിന് കാരണമായെന്ന് പോലീസിൻ്റെ പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു.
SUMMARY: Bomb threat against Vijay’s house