വാഷിങ്ടൺ: യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശത്തെ വീടുകളും കെട്ടിടങ്ങളും കുലുങ്ങി. നിരവധി പേരെ കാണാതായി. വാഹനങ്ങള്‍ തകര്‍ന്നു. മരണസംഖ്യയടക്കം കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 24 കിലോമീറ്റർ അകലെയുള്ള ആളുകൾ സ്ഫോടന ശബ്ദം കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസ് സൈന്യത്തിനായി മൈനുകളടക്കമുള്ള സ്‍ഫോടകവസ്‍തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയാണിത്. നാഷ്‌വില്ലിൽ നിന്ന് ഏകദേശം 60 മൈൽ (97 കിലോമീറ്റർ) തെക്ക് പടിഞ്ഞാറായി ബക്‌സ്‌നോർട്ട് പ്രദേശത്തെ വനപ്രദേശത്തുള്ള കുന്നുകളിൽ വ്യാപിച്ചുകിടക്കുന്ന എട്ട് കെട്ടിടങ്ങളിണ് സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും പ്രോസസ്സ് ചെയ്യുന്നതെന്ന് കമ്പനിയുടെ വെബ്‌സൈറ്റിൽ പറയുന്നു. സ്‌ഫോടനം നടന്നപ്പോൾ പ്ലാന്റിൽ എത്ര പേർ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. സ്ഫോടനകാരണവും വ്യക്തമല്ല. തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടായതിനാൽ രക്ഷാസംഘത്തിന് ആദ്യസമയങ്ങളിൽ പ്രദേശത്തേക്ക് എത്താൻ സാധിച്ചിരുന്നില്ല. യുഎസ് ആർമിയ്ക്കും നാവികസേനയ്ക്കുമുള്ള യുദ്ധോപകരണങ്ങളും സ്ഫോടകവസ്തുക്കളും വിതരണം ചെയ്യുന്നതിനായി കമ്പനിക്ക് നിരവധി സൈനിക കരാറുകൾ നൽകിയിട്ടുണ്ട്.
SUMMARY: Massive explosion at explosives factory in US; 19 people missing, many dead, reports