തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയില്‍ മാറ്റുന്നു. പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്കാണ് മാറ്റുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വനിതാ തടവുകാരെ പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റും. അട്ടക്കുളങ്ങര ജയില്‍ പുരുഷ സ്പെഷ്യല്‍ ജയിലാക്കും. തടവുകാരുടെ ബാഹുല്യം നിയന്ത്രിക്കാനാണ് തീരുമാനമെന്നാണ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നത്.
ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ഉള്‍കൊള്ളാവുന്നതിലുമധികം തടവുകാരെയാണ് പാര്‍പ്പിക്കുന്നതെന്നാണ് കണക്കുകള്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ തീരുമാനമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
ഒരു വര്‍ഷം മുമ്പ് തന്നെ അട്ടക്കുളങ്ങരയിലെ വനിത ജയില്‍ മാറ്റാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നു. എന്നാല്‍, ജയില്‍ വകുപ്പിലെ വനിതാ ജീവനക്കാരടക്കം കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തിരുന്നത്. അതേസമയം, വനിതാ ജീവനക്കാരുടെ ശക്തമായ പ്രതിഷേധം മറികടന്നാണ് ആഭ്യന്തര വകുപ്പ് തീരുമാനവുമായി മുന്നോട്ട് പോയത്. മുഖ്യമന്ത്രിതല യോഗ തീരുമാനപ്രകാരമാണ് ഉത്തരവിറക്കിയത്.
നിലവില്‍ അട്ടക്കുളങ്ങരയിലെ വനിത ജയിലില്‍ 90നും 100നുമിടയില്‍ തടവുകാരുണ്ട്. 2011 സെപ്റ്റംബര്‍ 29നാണ് അട്ടക്കുളങ്ങര ജയില്‍ വനിതാ ജയിലാക്കി മാറ്റിയത്. തെക്കൻ ജില്ല കേന്ദ്രീകരിച്ച് പുതിയ ജയില്‍ നിര്‍മിക്കാനുള്ള പദ്ധതിയുണ്ട്. ഇത് ഉള്‍പ്പെടെ നടപ്പാക്കുന്നതുവരെ അട്ടക്കുളങ്ങരയിലെ ജയില്‍ പുരുഷ സ്പെഷ്യല്‍ സബ് ജയിലായി നിലനിര്‍ത്താനാണ് തീരുമാനം.
SUMMARY: Attakulangara Women’s Central Jail to become a men’s special prison; female prisoners to be transferred to Poojappura Jail