ആലപ്പുഴ: പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർ മരിച്ചു. അരൂർ – തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് ഇവ വീണത്.
ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെ ചന്തിരൂരിലാണ് അപകടം ഉണ്ടായത്. രണ്ട് ഗർഡറുകളാണ് വീണത്. ഗർഡറിന് അടിയിലാണ് പിക്കപ് വാൻ കിടക്കുന്നത്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാൻ ആയിരുന്നു അപകടത്തിൽപ്പെട്ടത്.
രണ്ട് ഗർഡറുകൾ വീണതിൽ ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗർഡർ മാറ്റിയാൽ മാത്രമേ ഡ്രൈവറിനെ പുറത്ത് എടുക്കാന്‍ കഴിയൂ.
ഗർഡർ അപകടത്തെ തുടർന്ന് ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടുന്നില്ല. ഇവിടെനിന്നുള്ള വാഹനങ്ങൾ ചേർത്തല എക്സറെ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴിയാണ് പോകേണ്ടത്. ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനം അരൂക്കുറ്റി വഴി തിരിഞ്ഞു പോകേണ്ടതാണ്.
SUMMARY: Girders of the under-construction skywalk in Aroor collapse; Pickup driver dies tragically













