തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി പത്രിക സമര്‍പ്പണത്തിനുള്ള തയ്യാറെടുപ്പിലാണ്. നവംബര്‍ 21വരെ സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദേശിക്കുന്ന നിയോജക മണ്ഡലത്തിലെ വോട്ടര്‍ക്കോ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
ഒരു സ്ഥാനാര്‍ത്ഥിക്കു വേണ്ടി മൂന്നു പത്രികകള്‍ വരെ സമര്‍പ്പിക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഒരു പഞ്ചായത്തിലെ/മുനിസിപ്പാലിറ്റിയിലെ ഒരു വാര്‍ഡില്‍ പത്രിക സമര്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് അതേ പഞ്ചായത്തിലെ/മുനിസിപ്പാലിറ്റിയിലെ മറ്റൊരു വാര്‍ഡില്‍ പത്രിക സമര്‍പ്പിക്കാന്‍ സാധിക്കില്ല. അതേസമയം, ഒരു വ്യക്തിക്ക് ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലേക്ക് ഒരേസമയം മല്‍സരിക്കാം.
കോര്‍പറേഷന്‍- 5,000 രൂപ, മുനിസിപ്പാലിറ്റി- 4,000 രൂപ, ജില്ല പഞ്ചായത്ത്- 5,000രൂപ, ബ്ലോക്ക് പഞ്ചായത്ത്- 4,000 രൂപ, ഗ്രാമപഞ്ചായത്ത്-2,000 രൂപ എന്നിങ്ങനെയാണ് നാമനിര്‍ദേശ പത്രികയേടൊപ്പം സ്ഥാനാര്‍ത്ഥി കെട്ടിവക്കേണ്ട തുക. പട്ടികജാതി/വർഗ വിഭാഗങ്ങളിൽപ്പെടുന്നവർ ഇതിന്‍റെ 50 ശതമാനം തുക കെട്ടിവച്ചാൽ മതി. നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22നാണ്.
SUMMARY: Local body elections; Filing of nominations from tomorrow













