വിജയവാഡ: ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ മുതിർന്ന മാവോയിസ്റ്റ് കമാൻഡർ മാധവി ഹിദ്മ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയായി ഇന്ന് നടത്തിയ ദൗത്യത്തിനിടെയാണ് ഏഴു പേരെകൂടി വധിച്ചത്. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ വനിതകളാണെന്ന് എ.ഡി.ജി.പി മഹേഷ്ചന്ദ്ര ലദ്ധ അറിയിച്ചു.
മരിച്ചവരെല്ലാം ഛത്തീസ്‌ഗഢിൽ നിന്നുള്ളവരാണെന്നും മരിച്ചവരിൽ കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് ദേവ്‌ജിയും ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മൃതദേഹങ്ങൾ രാമ്പച്ചോദവാരം ഏരിയ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്കായി സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്. മരേഡുമില്ലി വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ സംബന്ധിച്ച പൂർണ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഏറ്റുമുട്ടൽ സ്ഥിരീകരിച്ചതായും എ.ഡി.ജി.പി മഹേഷ്ചന്ദ്ര ലദ്ധ പറഞ്ഞു. ശേഷിക്കുന്ന മാവോയിസ്റ്റുകൾ കീഴടങ്ങണമെന്നും ലദ്ധ കൂട്ടിച്ചേർത്തു.
SUMMARY: clashes with security forces; Seven Maoists killed in Andhra Pradesh













