മലപ്പുറം: അരീക്കോട് മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന് വിവിധ വകുപ്പുകളിലായി 178 വർഷം കഠിന തടവ്. പതിനൊന്ന് വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത കേസിലാണ് മഞ്ചേരി പോക്സോ കോടതിയുടെ വിധി. പ്രതി മറ്റൊരു ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്.
പോക്സോ നിയമത്തിലെ ബലാത്സംഗം, അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് 178 വർഷം ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 178 വർഷത്തെ തടവ് ശിക്ഷ 40 വർഷമായി മാറും. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 11കാരിയെ 46കാരനായ പിതാവ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
മൂന്ന് തവണ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. അയല്‍വാസിയായ ഭിന്നശേഷിക്കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ മഞ്ചേരി കോടതിയില്‍നിന്നും പത്തുവർഷത്തെ കഠിനതടവ് ശിക്ഷ ലഭിച്ച ഇയാള്‍ നിലവില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.
SUMMARY: Father gets 178 years in prison for raping daughter













