ബെംഗളൂരു: ഓണ്‍ലൈന്‍ ഗെയിം കമ്പനികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബെംഗളൂരു സോണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 18.57 കോടി രൂപ മരവിപ്പിച്ചു. നിര്‍ദേശ നെറ്റ്വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഗെയിംസ് ക്രാഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ബെംഗളൂരുവിലെയും ഗുരുഗ്രാമിലെയും ഓഫീസുകളിലാണ് പരിശോധന നടത്തിയത്. കമ്പനി ഡയറക്ടര്‍മാരുടെയും മറ്റ് പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെയും താമസസ്ഥലങ്ങളിലും പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, നവംബര്‍ 18-നും 22-നും ഇടയിലുള്ള ദിവസങ്ങളിലാണ് പരിശോധന നടത്തിയത്.
നിര്‍ദേശ നെറ്റ്വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമായ ‘പോക്കറ്റ് 52’ -വില്‍ വലിയ തോതിലുള്ള തട്ടിപ്പ് നടന്നതായി പരിശോധനയില്‍ തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ഗെയിമിലെ വഞ്ചന കാരണം മൂന്ന് കോടിയിലധികം രൂപ നഷ്ടപ്പെട്ടതായുള്ള യുവാവിന്റെ പരാതിയിലാണ് ഇഡി കേസെടുത്ത് പരിശോധന നടത്തിയത്.
SUMMARY: ED freezes Rs 18.57 crore in online game companies














