കോട്ടയം: റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം. അതിവേഗം തീയണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. പാചകത്തിനിടെ ചട്ടിയിലെ എണ്ണയില്‍ നിന്നും തീ ആളിപ്പടർന്നതാണ് അപകട കാരണമായത്. ജീവനക്കാരും, കാൻ്റീനില്‍ ഭക്ഷണം കഴിക്കാനെത്തിയ ശബരിമല തീര്‍ത്ഥാടകര്‍ അടക്കം നിരവധി പേർ ഈ സമയം കെട്ടിടത്തില്‍ ഉണ്ടായിരുന്നു.
തീ കാൻ്റീനിൻ്റെ ചിമ്മിനിക്കുള്ളിലൂടെ മുകള്‍ഭാഗത്തേക്ക് അതിവേഗം പടർന്നതും ആശങ്ക പരത്തി. എന്നാല്‍ തീ ആളുന്നത് കണ്ട് സമീപത്തെ റെയില്‍വേ പാഴ്സല്‍ ഓഫീസിലെ ജീവനക്കാരും, പോർട്ടർമാരും ചേർന്ന് പരിസരത്ത് പലയിടത്തായി സ്ഥാപിച്ചിരുന്ന ഫയർ എസ്റ്റിഗ്യൂഷറുകള്‍ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു.
പാഴ്സല്‍ ഓഫീസിലെ ജീവനക്കാരൻ കുമരകം സ്വദേശി ഉണ്ണി ഫയർ എസ്റ്റിഗ്യൂഷറുമായി അടുക്കളയില്‍ കയറി അടുപ്പിലെ തീ അണച്ചതിനാല്‍ ഇതിനുള്ളില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകളിലേക്ക് അടക്കം തീ പടരാതെ വലിയ ദുരന്തം ഒഴിവായി. ഫയർഫോഴ്സും, പോലീസും അടക്കമുള്ളവർ ഉടൻതന്നെ സ്ഥലത്തെത്തി തുടർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
SUMMARY: Fire breaks out at Kottayam railway canteen














