ബെൻഗാസി സിറ്റി: ലിബിയയിൽ ഇന്ത്യൻ ദമ്പതികളെയും മൂന്ന് വയസുകാരിയായ മകളെയും അക്രമികൾ തട്ടിക്കൊണ്ടുപോയി. ഗുജറാത്തിലെ മെഹ്സാന സ്വദേശി കിസ്മത് സിംഗ് ചാവ്ഡ, ഭാര്യ ഹീനാബെൻ, മകൾ ദേവാൻഷി എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.
രണ്ട് കോടി രൂപയാണ് ഇവരെ തടവിൽ വച്ച സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. പോർച്ചുഗലിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. മെഹ്സാന ഗ്രാമത്തിലെ ഇവരുടെ ബന്ധുക്കളോടാണ് സംഘം പണം ആവശ്യപ്പെട്ടിരിക്കുന്നത്.
പോർച്ചുഗലിൽ താമസിക്കുന്ന കിസ്മത് സിംഗിന്റെ സഹോദരന്റെ അടുത്തേക്ക് പോകാൻ ലിബിയയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ആയുധധാരികളായ സംഘം മൂന്ന് പേരെയും തടവിലാക്കുകയായിരുന്നു.
അക്രമികൾ മോചനദ്രവ്യം ആവശ്യപ്പെട്ടതിന് പിന്നാലെ ബന്ധുക്കൾ വിവരം സംസ്ഥാന സർക്കാരിനെയും വിദേശകാര്യ മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. കുടുംബത്തെ സുരക്ഷിതമായി തടവിൽനിന്ന് മോചിപ്പിക്കാനുള്ള വഴികൾ തേടുകയാണ് ബന്ധുക്കളും സർക്കാരും.
SUMMARY: Indian couple and daughter kidnapped in Libya, demanding Rs 2 crore ransom














