തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും പഴയതൊന്നും ഓർക്കേണ്ടതില്ലെന്നും സിസാ തോമസ് പറഞ്ഞു. പുതിയ ചുമതലയില്‍ കിട്ടിയ സ്വീകരണത്തില്‍ എല്ലാം സന്തോഷമുണ്ട്. പഴയ കാര്യങ്ങള്‍ കഴിഞ്ഞുവെന്നും ഗവർണർ നല്‍കിയ പിന്തുണ വളരെ നന്ദിയോടെ കാണുന്നുവെന്നും സിസാ തോമസ് പറഞ്ഞു.
പഴയ കാര്യങ്ങള്‍ ചികഞ്ഞെടുക്കേണ്ട ആവശ്യമില്ല. മുന്നോട്ടുള്ള കാര്യങ്ങളിലാണ് ശ്രദ്ധ നല്‍കുന്നത്. എൻ്റെ കാലയാളവില്‍ ഒരു ഭരണ സ്തംഭനവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും. എന്തെങ്കിലും അപാകതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. വ്യക്തി കേന്ദ്രീകൃതമല്ല ഒന്നും. സർക്കാരിനും സിസാ തോമസ് എന്ന വ്യക്തിക്കും അധീതമായി ഇത് എല്ലാവരുടെയും സ്ഥാപനമാണ്. വേർതിരിച്ച് കാണേണ്ട ആവശ്യമില്ലെന്നും സിസാ തോമസ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഡിജിറ്റല്‍-സാങ്കേതിക സർവകലാശാല വി.സി നിയമനത്തില്‍ ഗവർണർ-സർക്കാർ സമവായത്തിലെത്തിയത്. സാങ്കേതിക സർവശാല വിസിയായുള്ള സിസാ തോമസിന്റെ നിയമനം സർക്കാരും ഡിജിറ്റല്‍ സർവകലാശാല വിസിയായി ഡോ. സജി ഗോപിനാഥിൻ്റെ നിയമനം ഗവർണരും അംഗീകരിച്ചതോടെയാണ് പ്രശ്നം ഒത്തുതീർപ്പായത്. മുഖ്യമന്ത്രി ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനയത്.
SUMMARY: Dr. Sisa Thomas takes charge as VC of the University of Technology














