തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം. കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ, അറസ്റ്റു ചെയ്ത സതീഷിനെ നടപടികൾ പൂർത്തിയാക്കി ജാമ്യത്തിൽ വിടും. രണ്ട് ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യമാണ് സതീഷിന് അനുവദിച്ചിരിക്കുന്നത്.
ഇന്ന് പുലർച്ചെ ഷാർജയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോള്‍ സതീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് വലിയതുറ പോലീസിന് കൈമാറുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാർജയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയത്. ഇതിന് പിന്നാലെ അതുല്യയെ ഭർത്താവ് സതീഷ് ശങ്കർ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും ശരീരത്തിൽ മർദ്ദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു.
അതുല്യ, സതീഷിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്നും അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി കുടുംബവും രംഗത്ത് വരികയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സതീഷിനെതിരെ അതുല്യയുടെ സഹോദരി നൽകിയ പരാതിയിൽ ഷാർജയിലും അന്വേഷണം നടക്കുന്നുണ്ട്.
അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഗുരുതരആരോപണങ്ങൾ വന്നതിനുപിന്നാലെ സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു സതീഷ്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചിരുന്നു.
SUMMARY: Athulya’s mysterious death; Satheesh, who was in custody, granted interim bail