ബെംഗളൂരു: ബെംഗളൂരുവിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളി ദമ്പതികൾ വിദേശത്തേക്ക് കടന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് എന്ന സ്ഥാപനം നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവർ കെനിയയിലേക്ക് പോയതായാണ് വിവരം.
ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിയശേഷം കഴിഞ്ഞ വ്യാഴാഴ്ച മുംബൈ വഴി ടൂറിസ്റ്റ് വിസയിൽ കെനിയയിലെ നെയ്‌റോബിയിലേക്ക് പോയതായാണ് വിവരം. ഇവരുടെ പാസ്‌പോർട്ടിലെ രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിവരം ലഭിച്ചത്. രാമമൂർത്തിനഗർ പോലീസാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഇവരെ കാണാതായത്. എറണാകുളത്ത് വെച്ചാണ് ഇരുവരുടെ ഫോൺ സ്വിച്ച്ഓഫ് ആയതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി പോലീസ് പറഞ്ഞു.
അതേസമയം കേസിൽ പണം നഷ്ടപ്പെട്ടതായി പരാതി നൽകിയവരുടെ എണ്ണം 410 ആയി. ഇതിൽ ഒന്നരക്കോടി രൂപ വരെ സ്ഥിരനിക്ഷേപമായി നല്‍കിയവരും ഉണ്ട്. ചിട്ടിയിൽ ആയിരത്തോളം അംഗങ്ങളാണ് ഉള്ളതെന്നാണ് സൂചന. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ വന്നേക്കും എന്നാണ് കരുതുന്നത്. 100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്ന് സംശയിക്കുന്നു. പണം നഷ്ടമായവരിൽ ഭൂരിഭാഗവും മലയാളികളാണ്.
SUMMARY: Chit fund fraud; Malayali couple has gone abroad, police say