ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
അധ്യായം അഞ്ച്
മൃതിയുടെ തിരനോട്ടം
മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ മരണം. ഇതു ഞങ്ങളെ ഏറെ ഭയപ്പെടുത്തി. സുജയെക്കുറിച്ചുള്ള ഓർമകൾ മാസങ്ങളോളം ഞങ്ങളെ വേട്ടയാടി. അസുഖം കാരണം സുജ ഇടയ്ക്കിടെ ക്ലാസിൽ വരാറില്ലായിരുന്നു. അസുഖക്കാരനായ എന്നെ കൂട്ടുകാർ പിന്നീടു പ്രത്യേക രീതിലാണു കണ്ടിരുന്നത്. ഈ അവസരത്തിലാണു മരുന്നൻപൊയിലിലെ ഓടക്കായ് രാമൻ മകൻ മറുനാട്ടിൽ വെച്ചു മരിച്ചത്. കാറിൻ്റെ ഡിക്കിയിൽനിന്നു പായയിൽ പൊതിഞ്ഞ മൃതദേഹം ഇറക്കുന്നതു കണ്ടു ഞാൻ അമ്മമ്മയുടെ പിന്നിലൊളിച്ചു. ആളുകൾ മരിച്ചാൽ മൃതദേഹം പുതിയ പായയിൽ പൊതിഞ്ഞാണു കൊണ്ടുവരിക.
ഇടവിട്ടുള്ള പനി വർഷങ്ങളോളം എന്നെ അലട്ടിയിരുന്നു. പാനൂരിലെ ഡോക്‌ടർ ബാലചന്ദ്രൻ്റെ ചികിത്സയിലായിരുന്നു ഞാൻ. പനി വന്നാൽ അമ്മമ്മ എന്നെ താങ്ങിയെടുത്തു കൊണ്ടു പോകുമ്പോൾ എൻ്റെ കാലുകൾ നിലത്തൂടെ വലിയും. പലപ്പോഴും എന്നെ ഡോക്ടറുടെ അടുത്തു കൊണ്ടുപോയത് അയൽക്കാരും വഴിപോക്കരുമാണ്. തുപ്പനാറത്ത് കുഞ്ഞമ്പു, അനന്തൻ, മരുന്നൻ ഗോവിന്ദൻ, ചെട്ടിയാർ കണ്ണൻ, രാഘവൻ, കുന്നത്താൻ ഗോപാലൻ എന്നിവരാണു മിക്കപ്പോഴും എന്നെയെടുത്ത് അമ്മമ്മയോടൊപ്പം വരിക. വീട്ടിൽനിന്നു പുത്തൂർ പോസ്റ്റ് ഓഫീസിനടുത്തുവരെ ഇവർ എന്നെ മാറിമാറി എടുക്കും. ഇവരോട് എല്ലാവരോടുമുള്ള കടപ്പാടുകൾ തീർത്താൽ തീരാത്തതാണ്. അവിടെ നിന്നു ജീപ്പിലോ ബസിലോ ആണ് പാനൂരിലെ ഡോക്‌ടറുടെ അടുത്തെത്തുക. കല്ലിക്കണ്ടിയിൽ നിന്നു പാനൂരിലേക്കും തിരിച്ചും ട്രിപ്പ് അടിക്കുന്ന ജീപ്പ് സർവീസുണ്ടായിരുന്നു.
അമ്മമ്മയുടെ ബന്ധുവായ ചാലിൽ കൃഷ്‌ണൻ്റെ മകൾ നാണിയുടെ ഭർത്താവാണു കുന്നത്താൻ ഗോപാലൻ. കല്ലുകൊത്തുകാരനായ അദ്ദേഹം നല്ലൊരു നാടകനടനാണ്. പരിസര പ്രദേശങ്ങളിലെ ക്ലബ്ബുകളും കലാസമിതികളും അവതരിപ്പിച്ച നാടകങ്ങളിൽ ഹാസ്യ കഥാപാത്രങ്ങൾക്കു ജീവൻ നൽകി കയ്യടി നേടിയിരുന്ന അദ്ദേഹം ജീവിതത്തിലും നർമപ്രിയനാണ്.
ഈ അവസരത്തിൽ എനിക്കു ഗുരുതരമായി ന്യുമോണിയ പിടിപെട്ടിരുന്നു. അത്യാസന്നനിലയിൽ ബാലചന്ദ്രൻ ഡോക്ടറുടെ അടുത്ത് എത്തിക്കുമ്പോഴേക്കും ഞാൻ അബോധാവസ്ഥയിലായി. പരിശോധിച്ചശേഷം ഡോക്‌ടർ കൂടെയുള്ളവരോടു പുതിയ പായ വാങ്ങിക്കാൻ ആവശ്യപ്പെട്ടിരുന്നുവത്രെ. ഏറെ വൈകിയാണ് എനിക്കു ബോധം വന്നത്. രണ്ടുമൂന്നു മാസം നീണ്ടുനിന്ന ചികിത്സയ്ക്കും പരിചരണത്തിനും ശേഷമാണു ഞാൻ സ്കൂളിൽ പോയിത്തുടങ്ങിയത്. ഈ സമയത്തു വീട്ടിൽ പ്രത്യേക പരിഗണനയായിരുന്നു. പൊടിക്കഞ്ഞിയും കട്ടൻചായയും പല ബിസ്ക്കറ്റുമാണു പഥ്യം. ഇതൊന്നും എനിക്കു തീരെ ഇഷ്‌ടമില്ലായിരുന്നു. ആഴ്ചയിൽ ഒരിക്കലാണു കുളി. ചൂടാക്കിയ തേങ്ങാപ്പാലാണു തലയിൽ തേക്കുക.
പിന്നീടു കണ്ടപ്പോൾ നീ ഭാഗ്യവാനാണെന്നു ഡോക്ടർ പറഞ്ഞിരുന്നു. ഡോക്‌ടർ സ്ഥിരമായി പാൻ്റാണ് ഇട്ടിരുന്നത്. ഇത് കണ്ട് എനിക്കും പാൻ്റ് വേണമെന്ന് അമ്മമ്മയോടു വാശിപിടിച്ചു. വലിയാൾക്കു മാത്രമേ പാൻ്റ് ഇടാൻ പാടുള്ളൂവെന്നു പറഞ്ഞ് അമ്മമ്മ എന്റെ ആശ നീട്ടിക്കൊണ്ടുപോയി. പാനൂർ മേഖലയിലെ അറിയപ്പെടുന്ന ഡോക്‌ടറായിരുന്നു അദ്ദേഹം. ഉപരിപഠനത്തിനിടെ ലണ്ടനിൽ വെച്ചു 1979 ജൂൺ 10ന് 37-ാം വയസ്സിൽ ഡോക്ടർ ബാലചന്ദ്രൻ ഇലക്ട്രിക് ട്രെയിൻ തട്ടി മരണപ്പെട്ടു.
വരത്തക്കാരൻ ആയതിനാൽ എന്നെ കൂട്ടുകാരൊത്ത് കളിക്കാൻ അനുവദിച്ചിരുന്നില്ല. വീട്ടിലുള്ളവരുടെ ശ്രദ്ധയിൽ പെടാത്ത സ്കൂൾ മുറ്റം മാത്രമായിരുന്നു എൻ്റെ കളിസ്ഥലം. ഉച്ചയ്ക്കു സ്‌കൂളിൻ്റെ മുന്നിൽ നിന്നു ഞങ്ങൾ ഓട്ടമത്സരം നടത്തിയിരുന്നു. ഇതിനിടയിൽ ഒരു ദിവസം ദൂരെനിന്ന് അച്ഛച്ഛൻ വരുന്നതു കണ്ട് ഞാനുടനെ ഓടിയൊളിച്ചു. വൈകിട്ടു വീട്ടിലെത്തിയപ്പോൾ അച്ഛച്ഛനും അമ്മമ്മയും എന്നെ വല്ലാതെ നോക്കുന്നുണ്ടായിരുന്നു. ഓടിച്ചാടി മദിച്ചാണു വരവ്, അല്ലേ എന്ന അമ്മമ്മയുടെ കോപത്തോടെയുള്ള ചോദ്യം എൻ്റെ നെഞ്ചിടിപ്പേറ്റി. കോട്ടി കളിക്കുകയായിരുന്നു എന്നു പറഞ്ഞു ഞാൻ തടിയൂരാൻ നോക്കി. നിൻ്റെ സ്കൂളിൽ ആരാണു ബനിയനിട്ടു വരുന്നതെന്ന് അമ്മമ്മ ചോദിച്ചപ്പോൾ കള്ളി വെളിച്ചത്തായി എന്നു ഞാനുറപ്പിച്ചു.
കളിക്കിടയിൽ മുഷിയാതിരിക്കാൻ എല്ലാവരും കുപ്പായം അഴിച്ചുവെയ്ക്കും. എൽപി സ്‌കൂളിൽ കുപ്പായത്തിനടിയിൽ ബനിയനിട്ടിരുന്ന കുട്ടി ഞാൻ മാത്രമായിരുന്നു. ഞാനിട്ട ബനിയൻ കണ്ടാണു വളരെ ദൂരെനിന്ന് അച്ഛച്ഛൻ എന്നെ തിരിച്ചറിഞ്ഞത്. അമ്മമ്മയും അച്ഛച്ഛനും എൻ്റെ കാര്യത്തിൽ അത്രയും ശ്രദ്ധാലുക്കളായിരുന്നു. അമ്മമ്മയുടെ കോപം മാറ്റാനുള്ള അത്യാവശ്യം പൊടി ക്കൈകളൊക്കെ എനിക്കറിയാം. അകത്തുപോയി കുപ്പായം മാറി വരുമ്പോൾ ഞാൻ തുമ്മാൻപാത്രം എടുത്ത് അമ്മമ്മയ്ക്കടുത്തു വെച്ചു കൊടുക്കും. വെറ്റിലയിൽ നൂറുതേച്ച് അടക്കയും പുകയിലയും ചേർത്താണു തുമ്മാൻ മുറുക്കുക. അതു ചവയ്ക്കുമ്പോഴേക്കും ദേഷ്യം മാറിയിരിക്കും. അച്ഛച്ഛൻ വല്ലപ്പോഴും ചുരുട്ടും മൂക്കിൽപ്പൊടിയും വലിച്ചിരുന്നു.
കുയിമ്പിലെ ചായക്കടയിൽ ആദ്യമെത്തി അവസാനം പോകുന്നതു തലുമ കോരനായിരുന്നു. അദ്ദേഹം തുമ്മാൻ ഇടിച്ചാണു തിന്നുക. ഇത്തരത്തിൽ തുമ്മാൻ ചതച്ചു തിന്നുന്നവർക്കുവേണ്ടി കടയിലെ ഇരുത്തിയിൽ ഒരു കുഴിയുണ്ട്. കൂടെ ചെറിയ ഇരുമ്പുലക്കയും. ആളുകളുടെ ഒത്തുചേരൽ കേന്ദ്രങ്ങളായിരുന്നു ചായക്കടകൾ. ചെറിയ കാര്യങ്ങൾ പോലും വളരെ താൽപ്പര്യപൂർവമാണ് ഇവിടെ ചർച്ച ചെയ്തിരുന്നത്.
ചെമ്പിൽ ചൂടാക്കുന്ന വെള്ളം ചായപ്പൊടിയിട്ടു ശീലയിൽ ഒഴിച്ചാണ് ചായയുണ്ടാക്കുക. ചായ, ലൈറ്റ് ചായ, കടുപ്പമുള്ള ചായ, ഫുൾചായ, പാൽചായ, കട്ടൻചായ, പൊടിച്ചായ, അരച്ചായ, കാലി ച്ചായ, മുട്ടച്ചായ എന്നിവയാണു ചായത്തരങ്ങൾ. കാപ്പി കുടിക്കുന്നവർ വളരെ കുറവായിരുന്നു. ചായപ്പീടികയിലെ പ്രധാനയിനം അവിലായിരുന്നു. പിന്നീട് അവലിനോടൊപ്പം പപ്പടവും പഴവുമായി. കൂടെ പല ബിസ്ക്‌കറ്റ്, റസ്‌ക്, ബന്ന്, മുറുക്ക്, ഗൂന്തി, പൊട്ടിയപ്പം എന്നിവയുമായി. ക്രമേണ പുട്ട്, കേങ്ങ്, ഇഷ്‌ടു എന്നിവയും ചായക്കടികളായി. കേങ്ങിൽ കടലയും കായും മറ്റും ചേർത്തതാണ് ഇഷ്ട. കേങ്ങിലുള്ള നൂറ് വിഷമാണ്. അതുകൊണ്ടു കേങ്ങ് പുഴുങ്ങുമ്പോൾ പാതി വെന്താൽ അതിലുള്ള നൂറ് അരിച്ചു കളഞ്ഞ് വീണ്ടും വേവിക്കും. ഇരുകൈകളിലും പാട്ടയേന്തി അച്ഛച്ഛൻ പ്രത്യേക രീതിയിൽ ചായ ഒഴിക്കുന്നതു കണ്ടു ചിരട്ടയിൽ ചായപ്പിണ്ടിയെടുത്തു ഞാൻ ഒഴിച്ചു കളിച്ചിരുന്നു. ചിരട്ട തലമുകളിൽ ഉയർത്തി കമഴ്ത്തുന്നതിനിടയിൽ പലപ്പോഴും കണ്ണിൽ ചായപ്പിണ്ടി വീണു കരഞ്ഞിട്ടുണ്ട്. ചായപ്പിണ്ടി കറിവേപ്പിനു നല്ല വളമാണ്.
ചായപ്പീടികയോടു തൊട്ടായിരുന്നു കുയിമ്പിലെ ഇടിജാഗ. നിടുംപൊയിൽ നിന്നും കണ്ണവം-ചെറുവാഞ്ചേരി വഴി തലച്ചുമടായാണ് അമ്മമ്മ നെല്ല് കൊണ്ടുവന്നത്. ഏറെ അപകടകരമായ ജോലിയായിരുന്നു ഇടിജാഗയിലേത്. വലതുകൈ കൊണ്ട് ഇടിയുരലിൽ ഇളക്കുന്നതിനൊപ്പംതന്നെ ഇടതുകൈ കൊണ്ട് അടുപ്പിലെ കലത്തിലുള്ള നെല്ല് വറക്കാനും നേക്കുള്ള പെണ്ണുങ്ങൾക്കേ പറ്റുകയുള്ളൂ. നെല്ല് മലരായി പിന്നെ ഉരലിൽനിന്ന് അവിലായി മാറുന്നു. തൂവുമ്പോൾ അരിപ്പയിൽനിന്നു വീഴുന്ന അവിൽക്കമ്പ് ചൂടോടുകൂടി തിന്നാൻ നല്ല മധുരമായിരുന്നു.
അമ്മമ്മ തറവാടായ കൈവേലിക്കലെ വാതുക്കൽ പറമ്പത്ത് പോകുമ്പോൾ ഞാനും കൂടെ പോകും. അമ്മമ്മയുടെ ചെറിയമ്മ മന്ദിയമ്മയെ കണാനാണിത്. അവർ എന്നെ പൊത്തിപിടിച്ചു കരയും. പിന്നെ അവിൽക്കമ്പ് തരും. തിരിച്ചു വരുമ്പോൾ പലപ്പോഴും എന്നെ എടുത്തു മരുന്നൻപൊയിൽവരെ എത്തിക്കുക ബധിരനും മൂകനുമായ കൈവേലിക്കലെ കുണ്ടുവൻ്റവിട മൊയ്‌തുവാണ്. ആളുകൾ പൊട്ടൻമൊയ്‌തു എന്നു വിളിച്ചിരുന്ന അദ്ദേഹം വാതുക്കൽ പറമ്പത്തെ അവിലിടിക്കാരനായിരുന്നു. നല്ല ഉയരവും നീണ്ട കൈകളുമുള്ള മൊയ്‌തുവിനെ ദൂരത്തുനിന്നു കാണുമ്പോൾ ത്തന്നെ കുട്ടികൾ പേടിച്ച് ഓടിയൊളിക്കും. പൊട്ടൻ മൊയ്തുവിനെ വിളിക്കുമെന്നു പറഞ്ഞാണ് അമ്മമാർ വികൃതികളെ പാട്ടിലാക്കുക. കുന്നോത്തുപറമ്പിലെ ഗോവിന്ദനു മരുന്നൻപൊയിലിൽ അവിലിടിയും അനാദിക്കച്ചവടവും ഉണ്ടായിരുന്നു. ഈ കട പുതുക്കിപ്പണിതതാണ് ഇവിടത്തെ ശ്രീ നാരായണ വായനശാല.
ഇടിയുലക്കകൊണ്ട് അമ്മമ്മയുടെ കൈക്കു പരിക്കേറ്റതോടെയാണ് അച്ഛച്ഛൻ കുയിമ്പിലെ അവിലിടി നിർത്തിയത്. അമ്മമ്മയുടെ വലതുകയ്യിലെ നടുവിരൽ പിന്നെ നിവർന്നിട്ടില്ല. കുയിമ്പിൽ അവിലിടി നിന്നശേഷം ഞങ്ങളുടെ ചായക്കടയിൽ പതിവായി അവിൽ നൽകിയതു കൈവേലിക്കലിലെ കല്ലായി കല്യാണിയാണ്. പെണ്ണുങ്ങൾ വട്ടിക്കുട്ടയിൽ തലച്ചുമടായി അവിൽ കൊണ്ടു പോകുന്നതു പതിവു കാഴ്‌ചയായിരുന്നു. ആയക്ക്, ഒയക്ക്, ഉരി, നായി, എടങ്ങായി എന്നിങ്ങനെയാണ് അവിലളവ്.
കുന്നോത്തുപറമ്പിലെ ശേഖർ ബീറ്റ്സ് എന്ന സ്ഥാപനമാണ് അവിലിടിയുടെ ഓർമയായി ഇന്ന് അവശേഷിക്കുന്നത്. ഈ അവിൽ മില്ലിന്റെ ഉടമ കുന്നോത്തുപറമ്പിലെ സി കെ ശേഖരനാണ്. അദ്ദേഹം കുന്നോത്തുപറമ്പിൽ റേഷൻകട നടത്തിയിരുന്നു. കോൺഗ്രസ് നേതാവ് കോച്ചുവിൻ്റവിട ദാമുവിൻ്റേതായിരുന്നു ഈ റേഷൻ ഷോപ്പ്. ഞങ്ങളുടെ റേഷൻകട കൈവേലിക്കലിലായി രുന്നു. 1974ലാണു കുന്നോത്തുപറമ്പിലേക്കു മാറ്റിയത്. പിന്നീടു കൈവേലിക്കലിലെ റേഷൻകട എൻ്റെ സുഹൃത്ത് ഇത്തിക്ക ഗിരിയാണു നടത്തിയത്.
റേഷൻ കടകൾ വെള്ളിയാഴ്‌ച ഒഴിവാണ്. അന്നു വൈകുന്നേരമാണു കടയിൽ അരിയും ഗോതമ്പും മണ്ണെണ്ണയും എത്തുക. സ്ത്രീകളും കുട്ടികളുമാണു റേഷൻ വാങ്ങാൻ പോയിരുന്നത്. ശനിയാഴ്ച റേഷൻ പീടികയിൽ നല്ല തിരക്കായിരിക്കും. തുലാശിയിൽ അരി തൂക്കുന്ന ഭാഗത്തു കടലാസിൽ പൊതിഞ്ഞ കല്ല് കെട്ടിയിരുന്നു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നു എത്തുന്ന ചാക്കിൽ ഉണ്ടാകുന്ന തൂക്കക്കുറവു പരിഹരിക്കാനാണത്രേ ഈ കള്ളക്കല്ല്. റേഷനരിയിലെ നെല്ലും കല്ലും പെറുക്കി നന്നാക്കേണ്ടത് കുട്ടികളാണ്. മണ്ണെണ്ണ എത്തിയാൽ തീർന്നുപോകും മുൻപ് വാങ്ങാൻ പണിക്കു പോകാതെ എല്ലാവരും രാവിലെതന്നെ റേഷൻ കടയിൽ എത്തും. ചിമ്മിണി, കുപ്പിവിളക്ക്, മുട്ടവിളക്ക്, റാന്തൽ, പെട്രോമാക്സ് തുടങ്ങിയ മണ്ണെണ്ണ വിളക്കുകളാണ് എല്ലായിടത്തും ഉപയോഗിച്ചത്. ഒഴിഞ്ഞ മഷിക്കുപ്പിയുടെ മൂടിക്കു തുളച്ചു തിരിയിട്ട വിളക്കിൻ്റെ മുന്നിലായിരുന്നു പ്രീഡിഗ്രി വരെയുള്ള എന്റെ പഠിത്തം. 1982ലാണ് ആനപ്പാലത്ത് വൈദ്യുതി വന്നത്.
കുയിമ്പിലെ കടയ്ക്കുനേരെ നടന്ന അക്രമത്തോടെ 1975ൽ അച്ഛച്ഛൻ ചായക്കട നിർത്തി. കുന്നോത്തുപറമ്പിൽ നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ പൊതുയോഗം കഴിഞ്ഞു പോകുകയായിരുന്ന കൈവേലിക്കലെ അമ്പാടി ബാലൻ, കെ പി കൃഷ്ണൻ എന്നിവരുടെ കൂടെ വന്നവർ ബെഞ്ചും ചായമേശയും പൊളിച്ചു റോഡിൽ വലിച്ചെറിഞ്ഞു. സിപിഎമ്മിൻ്റെ മുഖ്യശത്രുവായിരുന്ന പിആർ കുറുപ്പിനോടുള്ള വിരോധമാണ് അദ്ദേഹത്തിന്റെ അനുയായിയായ അച്ഛച്ഛന്റെ ചായക്കടയോടു തീർത്തത്. ഇതിനെതിരെ പിആർ ആലംപറ്റയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു.
നാട്ടുകാർക്കു കുടിവെള്ളം കൊടുക്കുന്നതു പാർട്ടിക്കാര്യമാണെങ്കിൽ ഇനി അതുവേണ്ട എന്നായിരുന്നു അച്ഛച്ഛന്റെ തീരുമാനം. ഇതോടെ വർഷങ്ങളോളം പ്രദേശത്തുള്ളവർ ഒത്തുചേർന്നിരുന്ന ചായക്കട ഓർമയായി. പിന്നീടു പരപ്രവൻ ചാത്തു മരുന്നൻ പൊയിലിൽ സ്വന്തം പീടിക എടുത്തത്. അദ്ദേഹം അവിടെ ചായപ്പിടികയും വള്ളുപറമ്പൻ കുഞ്ഞിരാമൻ അനാദിക്കച്ചവടവും തുടങ്ങി.
പാനൂർ പത്മാ ടാക്കീസിലെ സിനിമാ പോസ്റ്റർ ഒട്ടിക്കുന്ന പണിയായിരുന്നു അമ്പാടി ബാലന്. പിആറിൻ്റെ പാർട്ടിക്കാരനായ അദ്ദേഹത്തിനു പോസ്റ്റർ ഒട്ടിക്കാൻ ചമ്പാട് പോയപ്പോൾ മർദനമേറ്റിരുന്നു. ഇതിനു പകരം ചോദിക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹം പിആറിൽ നിന്ന് അകന്നു. പിന്നീടു സിപിഎമ്മിൽ ചേർന്നു.
ബസ് കണ്ടക്ടറായിരുന്ന കെ പി കൃഷ്‌ണൻ നല്ലൊരു നാടക പ്രവർത്തകനായിരുന്നു. നിരവധി പ്രൊഫഷണൽ നാടക സമിതികളിൽ മുഖ്യവേഷങ്ങൾ ചെയ്‌തിരുന്ന അദ്ദേഹം പരിസര പ്രദേശങ്ങളിലെ കലാസമിതികൾക്കു വേണ്ടി നിരവധി നാടകങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്. ആദ്യകാല സിപിഎം പ്രവർത്തകനായിരുന്ന കെ പി കൃഷ്‌ണൻ പിന്നീടു രാഷ്ട്രീയത്തോടു വിടപറഞ്ഞു. 2006 സെപ്റ്റംബർ 8ന് അദ്ദേഹം നിര്യാതനായി.
നാലിലായിരുന്നപ്പോഴാണ് എന്നെ അച്ഛച്ഛൻ ആദ്യമായി ഓട്ടം കാണിക്കാൻ പാനൂർ മൈതാനിയിൽ കൊണ്ടുപോയത്. അന്ന് അച്ഛനും അവിടെയുണ്ടായിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് ഞാൻ അച്ഛനെ കണ്ടത്. അച്ഛൻ എനിക്കു പിന്നിൽ വള്ളിയുള്ള ചെരുപ്പ് വാങ്ങിത്തന്നു. അന്നുമുതൽ ചെരുപ്പ് എന്റെ ഭാഗമായി. വരപ്രവൻ ചന്ദ്രൻ, വലിയപറമ്പത്ത് ചെക്കു രാജൻ എന്നിവർ മത്സരിച്ചപ്പോൾ സെൻട്രൽ പുത്തൂരിനായിരുന്നു വിജയം. വരപ്രവൻ ചന്ദ്രന്റെ ഏട്ടൻ രാജനും നല്ല ഓട്ടക്കാരനായിരുന്നു. നാലിൽ പഠിക്കുന്ന വേളയിൽ എൽപി വിഭാഗത്തിൽ ചാമ്പ്യന്മാരായ ഞങ്ങൾ ഷീൽഡുകളും ട്രോഫികളുമായി ആഹ്ലാദപ്രകടനം നടത്തി. സ്കൂളിൽ നിന്നു തുടങ്ങി മീത്തലെ കുന്നോത്തുപറമ്പിലൂടെ താഴെ കുന്നോത്തുപറമ്പ്, കുളിച്ചാലിൽ വഴി തിരിച്ചെത്തിയത്.
താഴെ കുന്നോത്തുപറമ്പിലെ മുസ്ലീം പള്ളിക്കു മുന്നിൽ വെച്ച് ആഹ്ലാദാരവം നിർത്തണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടു. ഇതു വകവെയ്ക്കാതെ ആഹ്ലാദത്തിമിർപ്പിനിടയിൽ ആരെല്ലാമോ മുദ്രാവാക്യം തുടർന്നു. ഇതിൻ്റെ പേരിൽ പ്രകടനം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ചിലരെ അധ്യാപകർ ശിക്ഷിച്ചിരുന്നു. ഉപജില്ലാ മത്സരത്തിലെ വിജയികളെപ്പോലും ശിക്ഷയിൽനിന്ന് ഒഴിവാക്കിയില്ല. പള്ളിയുടെ മുന്നിൽ മുദ്രാവാക്യം വിളിച്ചത് കൊടുംപാതകമാണ് എന്ന രീതിയിലായിരുന്നു അധ്യാപകരുടെ പെരുമാറ്റം. വികൃതി കാട്ടിയാലും പഠനത്തിൽ പിന്നാക്കമായാലും ചൂരൽ പ്രയോഗം പതിവാണെങ്കിലും വിജയാഹ്ലാദത്തിൻ്റെ പേരിലുള്ള ശിക്ഷ എല്ലാവരെയും ഏറെ വേദനിപ്പിച്ചിരുന്നു.
മുസ്ലീം പള്ളിക്കു മുന്നിൽ മുദ്രാവാക്യം മുഴക്കരുതെന്ന അധ്യാപകരുടെ വിലക്ക് ഒരു സമസ്യയായി എന്നെ അലട്ടിയിരുന്നു. പിന്നീടും പ്രകടനം നടത്തുന്നവർ പള്ളിക്കു മുന്നിൽ നിശ്ശബ്ദത പാലിക്കുന്നതു കണ്ടതോടെയാണ് അന്യമതസ്ഥരുടെ ആരാധനാലയങ്ങൾ ബഹുമാനിക്കപ്പെടേണ്ടത് ആണെന്ന തിരിച്ചറിവ് എനിക്കുണ്ടായത്. വ്യക്തമായി കാര്യങ്ങൾ പഠിപ്പിക്കുന്നതിനു പകരം വിദ്യാർഥികളെ ശിക്ഷിച്ച അധ്യാപകരുടെ ആ നിലപാടിന് ഒരു ന്യായീകരണവുമില്ല. പിന്നീടു പുതുക്കിപ്പണിതതാണ് കുന്നോത്തു പറമ്പിലെ ജുമാ മസ്‌ജിദ്.
മൂരീൻ്റവിട, ആനപ്പാലത്ത് എന്നീ രണ്ടു മുസ്ലീം വീടുകളാണ് ആനപ്പാലം പ്രദേശത്തുള്ളത്. മൂരീൻ്റവിടത്തെ മമ്മുവിന്റെ മൂരിക്കുട്ടന്മാരെ കൊണ്ടാണു പ്രദേശത്തെ മിക്കവരുടെയും നിലം ഉഴുതിരുന്നത്. ദിവസവാടക നൽകിയാണ് ഉഴാനായി കൃഷിക്കാർ മൂരികളെ എടുത്തിരുന്നത്. മുസ്ലീം വീടുകളിൽ നിന്നു മറ്റുള്ളവരും മറ്റു വീടുകളിൽനിന്ന് ഇവരും ഭക്ഷണം കഴിച്ചിരുന്നില്ല. ഇരുവിഭാഗങ്ങളും പരസ്‌പരം കിണർ തീണ്ടിയിരുന്നില്ല. പന്തുകളിച്ചും മറ്റും വരുമ്പോൾ ഞാൻ ആനപ്പാലത്തു കയറി കാലും മുഖവും കഴുകി വെള്ളം കുടിക്കാറുണ്ട്. എനിക്കു ഉമ്മിറ്റിയാർ വെള്ളം വലിച്ചു ബക്കറ്റിൽ ഒഴിച്ചു തരും. മറ്റു കുട്ടികൾ വന്നാൽ അവർ ചീത്ത പറഞ്ഞ് ഓടിക്കും. ഇവിടുത്തെ ഉമ്മിറ്റിയാർ മരിച്ചപ്പോഴാണ് ഞാൻ മയ്യത്ത് പെട്ടി കണ്ടത്. തലയിൽ ടൗവ്വൽ കെട്ടിയ ആൾക്കാർ ചുമന്നാണ് ഇവരുടെ മയ്യത്ത് കൊണ്ടുപോയത്. ഈ വീട്ടിലെ അബൂബക്കർ എന്റെ സമപ്രായക്കാരനാണ്. ഇടത്ത് മുണ്ടുടുക്കുന്ന അവൻ അകലെയുള്ള കണ്ണൻപോയിൽ മദ്രസയിലാണു പഠിക്കാൻ പോയത്.
അവരുടെ വീട്ടിൽ കോലായിലെ ബടാപ്പുറത്തുനിന്നാണു നിസ്കരിക്കുക. അവൻ്റെ മാർക്കം ചെയ്യൽ ചടങ്ങിനു ഞാനും പോയിരുന്നു. മുസ്ലീം മതസ്ഥർക്കു വിശ്വാസത്തിൽ അധിഷ്ഠിതമായ ആചാരമാണു സുന്നത്ത് കല്യാണം. വ്യക്തി ശുചിത്വത്തിനും ലൈംഗിക ബന്ധത്തിനും ഇതു നല്ലതാണ്. അതുപോലെ മനാരിക്കലും നല്ലൊരു ശീലമാണ്. വീടിൻ്റെ ഒരു പ്രത്യക സ്ഥലത്താണു മനാരിക്കുക. അബൂബക്കറും ഞാനും ഒന്നിച്ചാണ് ആടിനെ മേക്കാൻ പോയിരുന്നത്.
കാർഷിക വൃത്തിയോടൊപ്പംതന്നെ കന്നുകാലി വളർത്തലിനും ഏറെ പ്രാധാന്യം നൽകിയിരുന്നു. കൃഷിയും സ്വത്തുക്കളുമുള്ള വീടുകളിൽ ധാരാളം പശുക്കളുണ്ടാകും. ഇവയെ നോക്കാൻ മലയിൽനിന്നു പണിയ, കുറിച്യ വിഭാഗത്തിലുള്ള കുട്ടികളെ പണിക്കു കൊണ്ടുവരും. വർഷങ്ങളോളം ജോലിക്കു നിൽക്കുന്ന ഇവർ മുതിർന്നു വരുമ്പോഴേക്കും കൈപ്പണി പഠിച്ചു വീട്ടുപണി ഒഴിവാക്കും.
കൃഷിക്കു മുഖ്യവളം ചാണകമാണ്. രാസവളവും ഇട്ടിരുന്നു. കൈവേലിക്കൽ ആലംപറ്റയാണ് വളപ്പീടിക ഉണ്ടായിരുന്നത്. വീട്ടുകോലായും അകവും തേക്കാനും മുറ്റത്തു പാറ്റാനും ചാണകം ആവശ്യമാണ്. മാസത്തിലൊരിക്കൽ അകം മെഴുകണം എന്നത് ഒരാചാരം പോലെയായിരുന്നു. തേങ്ങയുടെ മടൽ കത്തിച്ച കരിയും ചാണകവും ചേർത്താണു നിലം മെഴുകുക. സ്വന്തമായി പശുക്കൾ ഇല്ലാത്തവർ മറ്റു വീടുകളിൽ നിന്നാണു ചാണകം എടുത്തിരുന്നത്. ഇവർ പറമ്പിലും മറ്റും പോകുമ്പോൾ ഈ വീട്ടിലെ പശുക്കൾക്കു പുല്ലെത്തിക്കും. പശുക്കൾ നിരത്തിലിടുന്ന ചാണകവും ആളുകൾ ശേഖരിച്ചിരുന്നു. മേയാൻവേണ്ടി രാവിലെ റോഡിലേക്ക് അഴിച്ചുവിടുന്ന പശുക്കൾ വൈകുന്നേരത്തോടെ തനിയെ തിരിച്ചുവരും. പുല്ലിനോടൊപ്പം കഞ്ഞിവെള്ളവും പിണ്ണാക്കു ചേർത്ത കാടിവെള്ളമാണ് പശുവിനു കൊടുക്കുക.
അച്ഛച്ഛൻ വടകരയിൽ കുരുമുളകും കൊപ്രയും വിറ്റുവരു മ്പോൾ എനിക്കു ബനിയനും ചെരിപ്പും കുടയുമൊക്കെ വാങ്ങിയി രുന്നു. രാത്രിയാണു ചരക്കു കയറ്റാൻ ലോറിയെത്തുക. ബോഡയും കൊപ്രയും കയറ്റി ഭദ്രമായി കെട്ടി പിറ്റേദിവസം പുലർച്ചെയാണു ലോറി വടകരയിലേക്കു പോവുക. ലോറിയുടെ കാബിനിലിരുന്നു വടകരയിൽ പോകുന്നതു നല്ല രസമാണ്. തേങ്ങയും കുരുമുളകുമായിരുന്നു പ്രധാന വരുമാനം. അതോടൊപ്പം നെൽക്കൃഷിയിൽ നിന്നു കിട്ടുന്ന അരിയും റേഷൻ അരിയും മതിയായിരുന്നു ജീവിക്കാൻ. പറമ്പിലെ തെങ്ങ് ഒഴികെ മറ്റെല്ലാ മരങ്ങളിലും കുരുമുളകുവള്ളി പടർത്തിയിരുന്നു. മൂക്കുന്നതിനു മുൻപ് താഴെ വീഴുന്ന കുരുമുളക് (പോള്ള്) പെറുക്കേണ്ടതു കുട്ടികളാണ്. അതോടൊപ്പം പഴുത്തു വീഴുന്ന അടക്കയും പെറുക്കണം.
പച്ചത്തേങ്ങ ഉരിച്ചുമുറിച്ച് ഉണക്കിയെടുക്കുന്നതാണ് കൊപ. തൽമ കോരനും മകൻ തൽമ കുഞ്ഞണ്ണനും കുളിച്ചാലിലെ ഗോവിന്ദനുമായിരുന്നു കുയിമ്പിലെ തേങ്ങ പൊതിച്ചിരുന്നത്.
വയലിൽ നല്ല വെയിൽ കിട്ടുന്ന സ്ഥലത്താണു കൊപ്രക്കളം ഉണ്ടാക്കുക. രാത്രിയിൽ മുതിർന്നവരാണു കൊപ്രക്കളത്തിൽ കാവലിരിക്കുക. പായസമുണ്ടാക്കിയും അവിൽ കുഴച്ചും ചീട്ടുകളിച്ചുമാണ് ഇവർ നേരംപോക്കുക. തലുമ നാണുവും ഞാനുമാണു പകൽ കാവൽക്കാർ. മുതിർന്നവർ വലിച്ചെറിയുന്ന ചീട്ടുകൾ പെറുക്കിയെടുത്തു ജോഡി ഒപ്പിച്ചു കളിക്കാനും ബീഡി വലിക്കാനും മറ്റു കുട്ടികളും കൂടിയിരുന്നു. ചന്ദനത്തിരി കത്തിച്ചു വായിൽവെച്ചു പുക കവിളിൽ കോളി മൂക്കിൽക്കൂടി വിടുന്നതായിരുന്നു ഞങ്ങളുടെ പുകവലി. കടലാസ് ചുരുട്ടി കത്തിച്ചും പുകവലിക്കും. ഉച്ചയ്ക്കു ലെൻസ് സൂര്യനു നേരെ പിടിച്ച് ഉണക്കു പുല്ലും കടലാസും കത്തിച്ചു കളിക്കുമായിരുന്നു.
നിരകളി, സലാംകളി എന്നിവയായിരുന്നു അന്നത്തെ വിനോദങ്ങൾ. പീടികക്കോലായിലും ഓവുപാലത്തിൻ്റെ മുകളിലുമാണു നിര കളിച്ചിരുന്നത്. കോയ്യോട്ടുമ്മൽ സുഗതനായിരുന്നു നിരക്കളിയിൽ എനിക്കു കൂട്ട്. സലാംകളിയും ജോഡി ഒപ്പിക്കലും മുതിർന്നവർ മാത്രമാണു കളിക്കുക. 1979 കളിലാണ് ആനപ്പാലം പ്രദേശത്തു റമ്മികളിയും ക്രിക്കറ്റും വ്യാപകമായത്. പുഴക്കരയിലും മാവിൻചോട്ടിലും ഒക്കെയായിരുന്നു ചീട്ടുകളി.
വെള്ളിയാഴ്ചകളിലെ ഉച്ചയ്ക്കുള്ള വണ്ടികളി ഏറെ രസകരമായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും വെവ്വേറെ വണ്ടികളായി അണിനിരക്കും. വണ്ടികൾ കൂട്ടിമുട്ടുമ്പോൾ എല്ലാവരും മേൽക്കുമേൽ മറിഞ്ഞു വീണുരുളും. അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു ഈ കുട്ടിയിടി. പരസ്‌പരം മുട്ടുമ്പോൾ അനുഭവപ്പെട്ടിരുന്ന ഉളുത്തുകാരൽ എല്ലാവരും ആസ്വദിച്ചിരുന്നു.
തേങ്ങ ഉരിക്കുമ്പോൾ മധുരമുള്ള തേങ്ങവെള്ളം കുടിക്കാനും പൊങ്ങ് കൈക്കലാക്കാനും കടിപിടിയായിരുന്നു. ദിവസങ്ങളോളം മുറ്റത്തിട്ട തേങ്ങ ഉരിക്കുമ്പോഴാണു പൊങ്ങ് കിട്ടുക. ഇളം മഞ്ഞയോടുകൂടിയ പൊങ്ങിൻ്റെ ഉള്ള് വെളുത്തിരിക്കും. പൊങ്ങ് സ്കൂളിൽ കൊണ്ടുപോയി ഞാൻ കുട്ടുകാർക്കു കൊടുത്തിരുന്നു. അടുക്കളയുടെ അട്ടത്തും കൂടയുടെ മുകളിലുമിട്ടാണു തേങ്ങ ബോഡയാക്കുക. തേങ്ങയ്ക്കു പുക കിട്ടാനായി കുളിക്കാനുള്ള വെള്ളവും പശുക്കൾക്കുള്ള തവിടും പിണ്ണാക്കും കുടയിലെ അടുപ്പിലാണു ചൂടാക്കുക. അട്ടത്ത് എലിശല്യം ഏറുമ്പോൾ അതിനെ പിടിക്കാൻ എലിപ്പെട്ടി വെയ്ക്കും. എലിയെ പിടിക്കാൻ പൂച്ചയെ വളർത്തിയിരുന്നു. പിന്നീടു പൂച്ച ശല്യമാകുമ്പോൾ അതിനെ ചാക്കിലാക്കി ദൂരെ കൊണ്ടുവിടും. എന്നാൽ എത്ര ദുരെക്കളഞ്ഞാലും ദിവസങ്ങൾക്കുള്ളിൽ അതു തിരിച്ചു വരുമായിരുന്നു.
അടുത്ത ആഴ്ച ▶ കൺനിറയെ ദൈവങ്ങൾ
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം ഒന്ന്: പുഴമാത്രം മാറിയില്ല
◼️അധ്യായം രണ്ട്: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം മൂന്ന്: പുത്തൂരാൻ ചരിതം
◼️അധ്യായം നാല്: കണ്ണാരം പൊത്തിപ്പൊത്തി
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്മെന്റ്.…
മലക്കപ്പാറ: തമിഴ്നാട് മലക്കപ്പാറ ഷോളയാർ ഡാം പരിസരത്ത് വയോധകയെ പുലി ആക്രമിച്ച് കൊന്നു. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മയാണ് (75)…
കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ്…
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ…
ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു. മേയ് ഒന്നു മുതൽ യൂണിറ്റിന് 56 പൈസ കൂടും. കഴിഞ്ഞവർഷം ബെസ്കോമിനുണ്ടായ 2,068…