Friday, April 17, 2026
23.2 C
Bengaluru

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’

ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍



അധ്യായം നാല്
📖
കണ്ണാരം പൊത്തിപ്പൊത്തി

വിലക്കുകളില്ലാതെ ഓടിച്ചാടി കളിച്ചിരുന്ന എന്നെ സ്കൂളിലെ ചട്ടങ്ങൾ ആശ്ചര്യപ്പെടുത്തി. ടീച്ചർ വരുമ്പോൾ എഴുന്നേറ്റു നിന്നു ‘നമസ്തേ’ പറയുക, പേര് വിളിക്കുമ്പോൾ ‘ഹാജർ-സാർ’ എന്നു പറയുക, രാവിലത്തെ പ്രാർഥനയ്ക്കും വൈകുന്നേരത്തെ ജനഗണമനയ്ക്കും കണ്ണടച്ചു കൈകൂപ്പി നിൽക്കുക തുടങ്ങിയ ചിട്ടകൾ കൗതുകമുണർത്തി.

വാഴയുടെയും കുരങ്ങൻ്റെയും ചിത്രമുള്ള പുസ്‌തകവും സ്ലേറ്റും പെൻസിലുമായിരുന്നു ഒന്നിൽ. തറ, പറ, പന എന്നായിരുന്നു ആദ്യം എഴുതിച്ചത്. വെള്ളംതള്ളി, മാങ്ങാറി, പുല്ലെണ്ണ, എല മൊളെ, ചെമ്പരത്തിപ്പൂവ്, അപ്പച്ചപ്പ്, വെള്ളം എന്നിവ കൊണ്ടായി രുന്നു സ്ലേറ്റ് മായ്ച്ചത്. തുപ്പൽകൊണ്ടു സ്ലേറ്റ് മായ്ക്കുന്നവരുടെ കയ്യും സ്ലേറ്റും വല്ലാതെ നാറിയിരുന്നു. ഇവർ അടുത്തു വന്നിരിക്കുമ്പോൾ ഇടയിൽ സ്ലേറ്റും പുസ്‌തകവും വെച്ചു മറ്റുള്ളവർ അകന്നിരിക്കും. ഇടവേളകളിൽ തൊട്ടടുത്ത വടക്കേൽ വീട്ടിലെ കിണറ്റിൽ നിന്നാണു ഞങ്ങൾ വെള്ളം കുടിച്ചിരുന്നത്. നാലിലും അഞ്ചിലുമുള്ളവരാണു വെള്ളം വലിച്ചു നൽകുക. മറ്റു കുട്ടികൾ കോരിയാൽ ടീച്ചറുടെ അടി ഉറപ്പാണ്. ആരെങ്കിലും കൊണ്ടുവരുന്ന നെല്ലിക്ക, ഉണ്ണിമാങ്ങ, പുളി, പച്ചമുളക്, ഉപ്പ് എന്നിവ ചവച്ചാണു വെള്ളം കുടിക്കുക. അപ്പോൾ വെള്ളത്തിനു നല്ല മധുരമായിരിക്കും.

പരപ്രവൻ ചന്ദ്രൻ, ഓടക്കായി രാജൻ, ചെമ്പട്ട രമേശൻ, പൂവ്വത്താൻ രാജൻ, വടക്കെക്കരമ്മൽ ചാത്തു, അരിപ്പൂൽ പ്രകാശ് ബാബു, പത്തലായി രാഘവൻ, ചട്ടേൻ ഭാസ്‌കരൻ, ചേരിക്കല്ലിൽ പന്നല അനന്തൻ, പന്നല കുഞ്ഞാണ്ണൻ, ഉമ്മട്ടം ഭാസ്‌കരൻ, തൽമ നാണു, വട്ടപ്പറമ്പത്ത് നാണു. പച്ചീൻ്റവിട രാജൻ, വലിയപറമ്പത്ത് ചെക്കു രാജൻ, കുളിച്ചാലിലെ രാജൻ, മരുന്നൻ നാണു, ഒണക്കൻ ചന്ദ്രൻ, കോയ്യോട്ടുമ്മൽ ജയദ, പവിത്രി, വാസന്തി, വണ്ണാരപ്പുറം ചന്ദ്രി, വടക്കെയിൽ സുജ, മങ്ങലാടൻ കമല, കല്ലുവളപ്പിലെ കമല, ഉമ്മട്ടം ലീല, വട്ടപ്പറമ്പത്ത് ചന്ദ്രി, തലുമ സരോജിനി, കമല, ശാന്ത എന്നിവരായിരുന്നു ഒന്നാം ക്ലാസിലെ കുട്ടികൾ.

സ്‌കൂൾ മാനേജർ മാധവി ടീച്ചറും ഗോവിന്ദൻ മാസ്റ്ററുമാണ് ഒന്നാം ക്ലാസിൽ പഠിപ്പിച്ചത്. പുതുതായി ചേർന്ന ഞങ്ങളെ മേശയ്ക്കു ചുറ്റും നിർത്തിയാണു മാധവി ടീച്ചർ പാഠങ്ങൾ പറഞ്ഞു തന്നത്. ഗോവിന്ദൻ മാസ്റ്റർ പിന്നീടു താഴെ കുന്നോത്തുപറമ്പിലെ എൽപി സ്‌കൂളിലേക്കു മാറി. ഹെഡ്‌മാസ്റ്ററായ കെകെആർ മാസ്റ്റർ നല്ല പാട്ടുകൾ പാടിത്തന്നിരുന്നു.

രണ്ടാം ക്ലാസിൽ ദേവൂട്ടി ടീച്ചറും രാധ ടീച്ചറുമാണ് അക്ഷരങ്ങളും എണ്ണവും എഴുതാൻ പഠിപ്പിച്ചത്. സ്ലേറ്റിനോടൊപ്പം മനഃപാഠം ബുക്കുമുണ്ടായിരുന്നു. ടീച്ചർ ചൊല്ലിത്തന്ന കാര്യങ്ങൾ ഏറ്റുചൊല്ലിയും അക്ഷരമാലയും എണ്ണവും മനഃപാഠമാക്കിയുമാണു പഠനം. പരസ്‌പരം ചുമലിൽ കൈകോർത്ത് ഇരുവശത്തേക്കും ആടിയാണ് പദ്യം ചൊല്ലിയിരുന്നത്. ‘ക്ല…ക്ലാ…ക്ലി…ക്ലീ… ക്ലൂ…ക്ലൂ’ സുരേഷ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന. ഈ പാഠം മറന്നു പോയവർ കുറവായിരിക്കും. നാണു മാസ്റ്ററുമായിരുന്നു മൂന്നിലെ ക്ലാസ് മാസ്റ്റർ. തലയിൽ ചൊട്ടി വേദനിപ്പിക്കലാണ് അദ്ദേഹത്തിന്റെ ശിക്ഷാരീതി. കെകെആർ മാസ്റ്ററുടെ മകൻ കുനിയിൽ ചന്ദ്രൻ മാസ്റ്ററും നിടുന്താണിയത്ത് കുമാരൻ മാസ്റ്ററുമായിരുന്നു മറ്റ് അധ്യാപകർ.

സ്കൂളിൽ പോകാൻ തുടങ്ങിയതോടെ കളികൾ വൈകിട്ടു മാത്രമായി. അവധിദിവസങ്ങളിൽ കളിയോടു കളിയായിരിക്കും. അരയ്ക്കുക, ചോറും കൂട്ടാനും വെക്കുക, വെള്ളം കോരുക, പാവയെ കുളിപ്പിക്കുക, വഴക്കു പറയുക, കുഞ്ഞിനു മരുന്നു കൊടുക്കുക, മണ്ണപ്പം ചുടുക, കോട്ടികളി എന്നിവയാണു പ്രധാനം. ഒളിച്ചുകളി, പോലീസും കള്ളനും, കോഴിയും കുറുക്കനും, വലകെട്ടി പാച്ചിൽ തുടങ്ങിയ കളികൾ ആൺകുട്ടികളും പെൺകുട്ടികളും ചേർന്നാണു കളിച്ചിരുന്നത്. രണ്ടോ മൂന്നോ പേർ പോലീസും മറ്റുള്ളവർ കള്ളന്മാരുമായുള്ള കളിയാണു പോലീസും കള്ളനും. പഴുത്ത പ്ലാവില ഈർക്കിൽ കൊണ്ടു കുത്തിയുണ്ടാക്കുന്ന തൊപ്പിയും പാന്തോൻ ബെറ്റും ഓലക്കണ്ണടയും കയ്യിൽ ചെറിയ വടിയുമായാണു പോലീസിൻ്റെ കറക്കം. കള്ളനെ പിടിക്കുന്നതും ചോദ്യം ചെയ്യുന്നതുമാണു കളിയുടെ രസം.

രണ്ടുപേർ ഒഴികെ മറ്റുള്ളവർ കൈകോർത്തു വൃത്താകൃതിയിൽ വലകെട്ടി നിന്നാണു കോഴിയും കുറുക്കനും കളി. ഒരാൾ കോഴിയും മറ്റേയാൾ കുറുക്കനുമാണ്. കുറുക്കൻ പിന്നാലെ ഓടുമ്പോൾ കോഴി വലയ്ക്കകത്തു കയറും. കുറുക്കൻ വലയ്ക്കകത്തു കയറുമ്പോൾ കോഴിയെ പുറത്തിറക്കും. വലയ്ക്കുള്ളിൽനിന്നും പുറത്തു കടക്കാനാകാതെ കുറുക്കൻ പരാജയപ്പെടുമ്പോൾ കളി അവസാനിക്കും. ഒളിച്ചിരിക്കുന്നവരെ കണ്ടുപിടിക്കലാണ് ഒളിച്ചു കളി. മറ്റുള്ളവർക്ക് ഒളിക്കാൻ വേണ്ടി ഒരാൾ മുഖം പൊത്തി നിശ്ചിത സംഖ്യവരെ ഉച്ചത്തിൽ എണ്ണും. ഒളിച്ചിരിക്കുന്നവരെ കണ്ടാൽ അയാളുടെ പേരു പറഞ്ഞ് ഓടിവന്നു കുറ്റിതൊടും. എല്ലാവരെയും കണ്ടു കുറ്റിതൊട്ടാൽ ഒന്നാമതു കണ്ടു പിടിക്കപ്പെട്ടയാളാണ് അടുത്ത കളിയിൽ കണ്ണാരം പൊത്തേണ്ടത്.

ഒരാൾ മറ്റുള്ളവരെ ഓടി തൊടുന്ന കളിയാണു വലകെട്ടിപ്പാച്ചിൽ. ഇയാൾ ഓരോ ആളെ തൊടുമ്പോഴും അവരുമായി കൈ കോർത്തു പിടിച്ചാണു മറ്റുള്ളവരുടെ പിന്നാലെ ഓടുക. തൊടാൻ കൊടുക്കാതെ അവശേഷിക്കുന്ന ആളായിരിക്കും വിജയി. ആൺകുട്ടികളുടെ കളിയാണ് ആട്ടകളി അഥവാ ഓലം കളി. ഓലം, ഒറ്റ, ഇരട്ട, തൊടമ, അമ്പലം, കെട്ടി, ഇട്ടാസ് എന്നിങ്ങനെയാണ് ഇതിന്റെ വിവിധ ഘട്ടങ്ങൾ. ഓലക്കണ്ണി കൊണ്ടു മടഞ്ഞ ആട്ടയും പിന്നീടു റബ്ബർപന്തു കൊണ്ടുമാണ് ഓലം കളിച്ചിരുന്നത്. തെങ്ങോല കൊണ്ടുള്ള ആട്ട, ഓലപീപ്പി, കണ്ണട, വാച്ച് എന്നിവയായിരുന്നു മറ്റു പ്രധാന കളിപ്പാട്ടങ്ങൾ.

കച്ച് മുതൽ സോട്ട് വരെയാണു കോട്ടികളി. നിശ്ചിത ദൂരത്തിലുള്ള മൂന്നു കുണ്ടും കോട്ടിയുമാണ് ഇതിനു വേണ്ടത്. കച്ചുമ്മൽ സെയി, കച്ചുമ്മൽ പിടിത്തം എന്നിവ കോട്ടികളിയിലെ വില്ലത്തരങ്ങളാണ്. ജയിക്കുന്നവർ തോറ്റവരുടെ കൈമുഷ്‌ടിയിൽ കോട്ടി കൊണ്ടു മുട്ടി വേദനിപ്പിക്കും. കബഡി, ചുള്ളിയും കോലും, ഖൊഖോ, ചട്ടികളി ഇവയാണു മറ്റു പ്രധാനകളികൾ. കൊത്തങ്കല്ല്, കക്ക്കളി, സ്‌കിപ്പിങ്ങ് എന്നിവ പെൺകുട്ടികളുടെ കളികളാണ്. പഴയ കയറും വള്ളിത്തണ്ടുമാണു സ്‌കിപ്പിങ്ങിന്റെ റോപ്പ്.

ഇലഞ്ഞിക്കുരു, കുന്നിക്കുരു, മഞ്ചാടിക്കുരു, പുളിങ്കുരു, മുത്തുകൾ, കോട്ടി, മയിൽപ്പീലി, വളപ്പൊട്ടുകൾ, തീപ്പെട്ടിപ്പടങ്ങൾ, ജോക്കർ എന്നിവയാണു കൗതുകശേഖരം. ഇലഞ്ഞിപ്പൂവിനു നല്ല മണവും തണുപ്പുമാണ്. കുട്ടികൾക്കു ചൂടുകുരു പൊന്തിയാൽ ഇല ഞ്ഞിമാലയിട്ടു കൊടുക്കും. പാതിപ്പറമ്പത്തെ വീട്ടുവളപ്പിൽ വലിയൊരു ഇലഞ്ഞിമരമുണ്ടായിരുന്നു. ഇവിടെനിന്നു ഞങ്ങൾ ഇല ഞ്ഞിപ്പൂവും കുരുവും പെറുക്കിയിരുന്നു. ഇലഞ്ഞിമരച്ചോട്ടിൽ ഒറ്റയ്ക്കു പോകുന്നതു മുതിർന്നവർ വിലക്കിയിരുന്നു. ഇവിടെ ഇണചേരുന്ന പാമ്പുകൾ ഉണ്ടാകുമെന്നാണു പറഞ്ഞിരുന്നത്. കാഞ്ഞിരമരത്തിനു താഴെയും ചിതൽപ്പുറ്റിലുമാണ് അധികവും പാമ്പുകൾ ഉണ്ടാവുക. തലയിലെ ചൊണങ്ങ് പോക്കാനായി ചവക്കായ് പെറുക്കി സുക്ഷിച്ചിരുന്നു. എണ്ണ തേച്ചു കുളിക്കുന്ന ദിവസമാണു ചവക്കായ് തലയിൽ തേക്കുക. താളിയിലയും ചെമ്പരത്തിയിലയും പിഴിഞ്ഞാണു പെണ്ണുങ്ങൾ തലയിലെ മെഴ് പോക്കുക.

ആകാശം കണ്ടാൽ പ്രസവിക്കില്ലെന്നു കരുതി മയിൽ പ്പീലി പുസ്തകങ്ങളിൽ ഭദ്രമായിട്ടാണു സൂക്ഷിക്കുക. കുഴിയാനയെയും ചേരട്ടയെയും കടലാസിൽ പൊതിഞ്ഞു നൽകി സഹപാഠികളെ പറ്റിക്കും. കൂടുതൽ കുഴിയാനകളെ കൊണ്ടുവരുന്നവരെ ഒന്നാം പാപ്പാനെന്നാണു വിളിച്ചിരുന്നത്. ആനയുടെ തുമ്പിക്കൈ മാതിരി നീണ്ടു കൂർത്ത മുഖമുള്ള ഈ ചെറുജീവി കുഴിയിൽത്ത ന്നെയാണു കഴിയുക. അടിഭാഗം ചുരുങ്ങിയ കുഴിയാനകളുടെ ചെറു കുഴികൾ വളരെ മനോഹരമാണ്. ഈ കുഴിയിൽ കട്ടുറുമ്പിനെ പിടിച്ചിട്ടാൽ ഉറുമ്പ് കുഴിയാനയെ കടിച്ച് വലിച്ചു മുകളിലേക്കുകയറാൻ ശ്രമിക്കും. അപ്പോൾ കുഴിയുടെ അരികിലെ മണ്ണ് ഊർന്നിറങ്ങി ഉറുമ്പും കുഴിയാനയും മണ്ണിനടിയിലാകും. പിന്നെ ഉറുമ്പ് കുഴിയിൽനിന്നു രക്ഷപ്പെടാനുള്ള തത്രപ്പാടിലായിരിക്കും.

പുത്തൂർ പുഴക്കരയിൽ പല ഭാഗത്തും കൈതക്കാടാണ്. കൈതപ്പൂവിന്റെ ഭംഗിയും മണവും ഏറെ കൊതിപ്പിച്ചിരുന്നു. കൈയിൽ മുള്ളേൽക്കാതെ കൈതപ്പൂ പറിക്കുന്നതു കേമത്തമാണ്. കൈയിൽ മുള്ള് കൊണ്ടാൽ കേമരാകാൻ അത് മറച്ചു പിടിക്കും. കൈ പഴുത്താൽ കള്ളി പുറത്താകും. കൈതോല കൊണ്ടാണു കീറിയ പായ തുന്നുക. മുള്ളേൽക്കാതെ വളരെ കരുതലോടെയാണു സ്ത്രീകൾ കൈതോല മുറിച്ചെടുത്തിരുന്നത്. തെങ്ങോല കൊണ്ടും പായ തുന്നിയിരുന്നു. കൈതോലയും തെങ്ങോലയും പുഴുങ്ങി ഉണക്കി നനച്ചു പായക്കണ്ണിയുടെ വീതിയിൽ ചീന്തിയെ ടുത്താണു തുന്നുക. അമ്മമ്മ പായ തുന്നുമ്പോൾ ഞാനും ഒപ്പം കൂടും. പായ തുന്നുന്നത് എളുപ്പമാണെങ്കിലും അറ്റം മടക്കി മടയാൻ ഏറെ പ്രയാസമാണ്.

തൊട്ടാവാടി ഇല കൂമ്പാതെ പറിച്ചെടുക്കുമെന്നു പറഞ്ഞു കേമന്മാരാകാൻ ശ്രമിക്കുന്നവർ നിരാശരാകും. കളിവാക്കു കേട്ടു പിണങ്ങുന്നവരെ തൊട്ടാവാടികൾ എന്നു വിളിച്ചു വീണ്ടും കളി യാക്കും. തൊട്ടാവാടി ഇലഞെട്ടിലെ നീര് പച്ചപ്പുല്ലിൻ തണ്ടിൽ കീഴറ്റത്തു തൊട്ട് ഊതുമ്പോൾ കുമിളകൾ വിടരും. ഗോളാകൃതിയിലുള്ള ഈ പൊക്കിളകൾക്കു മഴവിൽ വർണമായിരിക്കും.

കവുങ്ങിൻപാള കുത്തിയാണു കിണറ്റിൽനിന്നു വെള്ളം കോരുക. പഴുത്ത പാള വെയിലത്ത് ഉണക്കി അട്ടത്ത് സൂക്ഷിക്കും. പിന്നീട് ഉപയോഗിക്കാൻ വേണ്ടിയാണിത്. വെള്ളത്തിൽ കുതിർത്ത് പാള ആണിക്കോൽകൊണ്ടു കുത്തി പാന്തോൻകൊണ്ട് ഉണ്ടാക്കുന്ന പിടിയിൽ കയറ് കെട്ടിയാണു വെള്ളം കോരിയിരുന്നത്. എത്രയോ കാലം കഴിഞ്ഞാണ് ഇരുമ്പുതൊട്ടി നിലവിൽ വന്നത്. ഉമിക്കരി, കരിക്കട്ട, നൂറ് എന്നിവ പഴകിയ പാളയിലാണ് ഇട്ടുവെയ്ക്കുക. ഉമിക്കരി, ഉപ്പ്, കരിക്കട്ട, മാച്ചപ്പ്, കൊലച്ചിൽ കണ്ണി എന്നിവ കൊണ്ടാണു പല്ലു തേച്ചിരുന്നത്. ഏഴാം ക്ലാസോടെയാണു ഞാൻ കോൾഗേറ്റ് പേസ്റ്റും ബ്രഷും ഉപയോഗിക്കാൻ തുടങ്ങിയത്. കൃഷിക്കാർ പാള കൊണ്ടാണു തൊപ്പി ഉണ്ടാക്കിയിരുന്നത്. ചൂടുകാലത്തെ ഏക ആശ്രയമായിരുന്നു പാളവിശറി.

പാളവണ്ടിക്കളി നല്ല രസമായിരുന്നു. ട്രൗസറിൻ്റെ പിൻഭാഗത്തെ കീറൽ ഈ കളിയുടെ അടയാളമാണ്. ട്രൗസറിന്റെ കുടുക്കും പൊട്ടിപ്പോകും. പിന്നീട് ഏച്ച് കെട്ടിയാണ് നടത്തം. ഇങ്ങനെ നടക്കുമ്പോൾ പലപ്പോഴും ട്രൗസർ ഊരിപ്പോകും. ഉണക്കുപാള ചെണ്ട മാതിരി കമ്പുകൊണ്ട് കൊട്ടി നടക്കും. ഇതോടൊപ്പം കുഴലൂത്തു വീരന്മാർ കറുമുസ് പീപ്പിയിൽ സംഗീതം പൊഴിക്കും. ചിലർ കൈപ്പത്തികൾ കൂട്ടിച്ചേർത്തു ശംഖനാദം മുഴക്കും. മറ്റുള്ളവർ അപ്പംവിരലും ചൂണ്ടുവിരലും ചേർത്തു വിസിലടിക്കും. സന്ധ്യയ്ക്ക് ഊവലിടുമ്പോൾ പാമ്പ് വരുമെന്നു പറഞ്ഞു മുതിർന്നവർ കലമ്പിയിരുന്നു. സൈക്കിളിൻ്റെ റിമ്മും സോഡാമൂടി തറപ്പിച്ച ടയറും ഉരുട്ടിയാണു വൈകുന്നേരങ്ങളിലെ കറക്കം. അരിപ്പൂ ചെടിയുടെ വടി ചെത്തി മിനുക്കി ഉമ്മൻ കൊത്തിയ തൊണ്ട് ഉരുട്ടി കളിക്കും.

മൂന്നാം ക്ലാസോടെ സ്ലേറ്റിനു വിടയായി. നാലിൽ പെൻസിൽ കൊണ്ടു മാത്രമേ നോട്ടെഴുതാൻ പാടുള്ളൂ. 30, 50, 100, 200 പേജുകളുള്ള വരഞ്ഞതും വരയാത്തതും ഒരു ഭാഗത്തു മാത്രം വരഞ്ഞതുമായിരുന്നു നോട്ട് ബുക്കുകൾ. കണക്ക് ബുക്കിനു പ്രത്യേകം വരയായിരുന്നു. പേനാക്കത്തി, ബ്ലേഡ് എന്നിവ കൊണ്ടാണു പെൻസിൽ കൂർപ്പിക്കുക. രാത്രി പെൻസിൽ കൂർപ്പിക്കാനും നഖം മുറിക്കാനും മുതിർന്നവർ സമ്മതിക്കില്ല. പെൻസിലിനോടൊപ്പം വര മായ്ക്കാൻ റബ്ബറുമുണ്ടാകും.

മൂന്നാം ക്ലാസുവരെ പെറ്റിക്കോട്ട് മാത്രം ഇട്ടിരുന്ന പെൺ കുട്ടികൾ ഉടുപ്പിലേക്കും, ആൺകുട്ടികൾ വള്ളി നിക്കറിൽ നിന്നു നാടകളോ ബട്ടൻസോ ഉള്ള ട്രൗസറിലേക്കും മാറി. നാലുമുതൽ ആൺ-പെൺ എന്ന വകതിരിവു പ്രകടമായിരുന്നു. ശാരീരിക വളർച്ചയിൽ പെൺകുട്ടികളായിരുന്നു മുന്നിൽ. ഇവർ കുനിഞ്ഞു ക്ലാസുമുറി തൂക്കുമ്പോൾ മാറിടത്തിലായിരിക്കും ആൺകുട്ടികളുടെ നോട്ടം. ക്ലാസിലെ സുന്ദരികളെ വീതം വെപ്പു നടത്തിയിരുന്നു. പലപ്പോഴും ഇതു പിണക്കത്തിലാണു കലാശിക്കുക. നല്ലോണം പഠിക്കുന്നവനുമായി ചങ്ങാത്തം കൂടാനായിരുന്നു പെൺകുട്ടികൾക്കു താൽപര്യം. കൗതുകവസ്‌തുക്കൾ കൊടുത്താണു പലരും ഇയാളുടെ ഇഷ്ട്‌ടം നേടുക. കൂട്ടുകാരുടെ ഇടയിൽ കേമന്മാരാകാനായിരുന്നു ഓരോരുത്തരുടെയും ശ്രമം.

സ്‌കൂൾ ഓഫീസ് മുറിയിൽ വിളക്കു കത്തിക്കാനും ബെല്ലടിക്കാനും ഹാജർ പട്ടിക കൊണ്ടുവരാനും കിട്ടുന്ന അവസരങ്ങൾ അംഗീകാരമായിരുന്നു. രണ്ടുകൈയും നെഞ്ചോടു ചേർത്തു കൈത്തണ്ടയിൽ താങ്ങിയാണു ഹാജർപട്ടിക കൊണ്ടുവരിക. ക്ലാസിന്റെ ഇടതു ഭാഗത്താണു മുന്നു കാലിലുള്ള ബ്ലാക്ക് ബോർഡ് വെക്കുക. ബോർഡിൻ്റെ മുകളിലാണു ചുരൽ വടി സുക്ഷിക്കുക. തയ്യൽക്കടയിൽ നിന്നു തുണിക്കണ്ടം പെറുക്കി തുന്നിയുണ്ടാക്കുന്ന ഡെസ്റ്ററുകൾ കൊണ്ടാണു ബോർഡ് തുടച്ചിരുന്നത്. ആഴ്ചയിലൊരിക്കൽ പെൺകുട്ടികൾ ചെമ്പരത്തിപ്പൂവുകൊണ്ടു ബോർഡ് വൃത്തിയാക്കണമായിരുന്നു.

രാവിലെ 10 മണിക്കാണു ക്ലാസ് തുടങ്ങുക. 2പിരീഡ് കഴിഞ്ഞാൽ 11.20ന് 20 മിനിറ്റ് ഇടവേളയാണ്. ഞങ്ങൾ മൂത്രമൊഴി ക്കാനും അധ്യാപകർ കൃഷ്‌ണൻ്റെ പീടികയിൽ ചായ കുടിക്കാനും പോകും. ഇടവേള കഴിഞ്ഞാൽ റവയ്ക്കുള്ള കാത്തിരിപ്പാണ്. റവയും എണ്ണയും അമേരിക്കയിൽ നിന്നാണു വരുന്നത് എന്നാണു കേട്ടിരുന്നത്. ഇവ ഓഫീസ് റൂമിലാണു സൂക്ഷിക്കുക. ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് എന്നീ ക്രമത്തിലാണു റവയ്ക്കു വിടുക. റവയോടൊപ്പം കൂട്ടാൻ ചിലർ കാന്താരി മുളകോ പഞ്ചസാരയോ കൊണ്ടുവരും. ചിലപ്പോൾ റവയ്ക്കു പകരം പായസമായിരിക്കും. ചില ദിവസങ്ങളിൽ മുതിർന്ന വിദ്യാർഥികളാണു റവ ഉണ്ടാക്കുക. നന്നായി പാട്ടു പാടുന്ന കൂളിച്ചാലിലെ രാഘവനും മറ്റുമാണു പാചകവീരന്മാർ. ഇവരെ മറ്റുള്ളവർ ആരാധനയോടെയാണു നോക്കുക..

അവധിയെടുത്തവരുടെ സ്ഥാനം പിൻബെഞ്ചിലാണ്. സഹപാഠികളുടെ പ്രത്യേക പരിഗണന കാരണം അവധിയെടു ത്താലും എൻ്റെ ഇരുത്തം മുന്നിൽത്തന്നെയായിരുന്നു. ഒന്നിലും രണ്ടിലും ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നാണ് ഇരുന്നത്. മൂന്നാം ക്ലാസിൽ വികൃതി കാട്ടുന്നവരെ പെൺകുട്ടികളുടെ ഇടയിൽ ഇരുത്തിയാണു ശിക്ഷിച്ചിരുന്നത്. പെൺകുട്ടികളോടൊപ്പം ഇരിക്കേണ്ടിവരുന്നവർ നാണിച്ചു തലതാഴ്ത്തും.

നാലാം ക്ലാസോടെ പഠന നിലവാരം അനുസരിച്ചാണ് ഇരിപ്പിടങ്ങൾ. അഞ്ചുവരെ ഇരിക്കുന്ന ബെഞ്ചിൻ്റെ അടിയിലാണു പുസ്തകക്കെട്ടു വെച്ചിരുന്നത്. കൈത്തണ്ടയിൽ വെച്ചും നിലത്ത് മുട്ടു കുത്തിയിരുന്നു ബെഞ്ചിൽ വെച്ചുമാണ് എഴുതിയിരുന്നത്. നാലാം ക്ലാസോടെയാണു പരീക്ഷ തുടങ്ങിയത്. നീണ്ട പേപ്പറി ലാണ് ഉത്തരം എഴുതുക. ഉത്തരം അറിയാത്തവർ ചോദ്യംതന്നെ പേപ്പറിൽ എഴുതിവെക്കും. ഈ സമയത്തായിരുന്നു നാണു മാസ്റ്ററുടെ വിവാഹം നടന്നത്. ക്ലാസിൽ വെച്ച് അദ്ദേഹം ഇടയ്ക്ക് കല്യാണമോതിരം കടിക്കും. ഇതു കാണുമ്പോൾ പുതിയേണ്ണിനെ ഓർമിച്ചാണെന്നു പറഞ്ഞു ഞങ്ങൾ അടക്കിച്ചിരിച്ചിരുന്നു. ഇഷ്ട മുള്ളവർ തമ്മിൽ ആരും കാണാതെ ഒരു കണ്ണിറുക്കിക്കാണിക്കും.

നാലിലും അഞ്ചിലും ആഴ്‌ചയിൽ രണ്ടു ദിവസമായിരുന്നു തുന്നൽ ക്ലാസ്. നല്ലോണം പാട്ടു പാടുന്ന നളിനിടീച്ചറാണ് തുന്നൽ പഠിപ്പിച്ചത്. മറ്റു ദിവസങ്ങളിൽ ടീച്ചർ വേറെ സ്കൂ‌ളിലായിരിക്കും. സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് ദിനം, ശിശുദിനം, അധ്യാ പകദിനം എന്നിവയോടനുബന്ധിച്ചു വർഷാവർഷം വിദ്യാർഥികളെ കൊണ്ടു നിർബന്ധപൂർവം കൊടി വാങ്ങിപ്പിച്ചിരുന്നു. സാമൂഹ്യ സേവന രംഗത്തു കുട്ടികളുടെ പങ്കാളിത്തത്തിനു വേണ്ടിയായിരുന്നു ഇത്.

അഞ്ചാം ക്ലാസോടെ കടലാസു പെൻസിലിൽ നിന്നു മഷിപ്പെന്നിലേക്കു മാറി. കുപ്പായത്തിൻ്റെ കീശയിൽ പേന കുത്തു ന്നത് എന്തോ വലിയ അംഗീകാരം പോലെയാണ്. പെന്നിൽനിന്നു കുപ്പായത്തിലും കൈവിരലുകളിലും പടർന്ന മഷി അഭിമാനത്തിൻ്റെ അടയാളമാണ്. മഷി തീർന്നുപോയാൽ പെന്നോടു പെന്ന് ചേർത്തു മഷി ഉറ്റിച്ചു നൽകിയിരുന്നു. നോട്ടു പുസ്ത‌കത്തിൽ ചെമന്ന മഷികൊണ്ട് അധ്യാപകരിട്ടിരുന്ന ശരിയടയാളം വലിയ കാര്യമായിരുന്നു. ഇക്കാലത്താണു മലയാളത്തിൽ പുതിയ ലിപി വന്നത്. അഞ്ചിൽ നിന്നാണു മലയാളത്തിലെ പുതിയ ലിപിയും ഇംഗ്ലീഷ് അക്ഷരങ്ങളും പഠിപ്പിക്കാൻ തുടങ്ങിയത്.

എഇഒയുടെ വരവ് പ്രമാണിച്ചു ക്ലാസ് മുറികളും പരി സരവും കുട്ടികളെക്കൊണ്ടാണു തൂത്ത് വൃത്തിയാക്കിക്കുക. സ്‌കൂളിൽ വരാതെ മടിഞ്ഞിരിക്കുന്നവരെ പിടിച്ചു കൊണ്ടുവരാൻ അധ്യാപകർക്കൊപ്പം ഞങ്ങളും പോയിരുന്നു. എണ്ണം തികയ്ക്കാൻ കുട്ടികളെ ക്ലാസുകൾ മാറ്റിയിരുത്തും. അസിസ്റ്റൻ്റ് എജുക്കേഷണൽ ഓഫിസർ വരുന്ന ദിവസം എല്ലാവരും കുളിച്ചു നല്ല കുപ്പായമിട്ടു കുട്ടപ്പന്മാരായാണു വരിക. മൊത്തം കുട്ടികളുടെ എണ്ണം, ആൺപെൺ അനുപാതം ഹാജർ നില എന്നിവ ബോർഡിൽ എഴുതിവെയ്ക്കും. എഇഒ ചോദ്യം ചോദിക്കുമ്പോൾ പെട്ടെന്ന് ഉത്തരം പറയാനായി മിടുക്കന്മാരെ ചട്ടം കെട്ടും. എന്നാൽ ഒന്നും സംഭവിക്കാറില്ല. ഉച്ചയ്ക്കു ശേഷം വരുന്ന അദ്ദേഹം ഹെഡ്മാസ്റ്റരുടെ കൂടെ ഓഫീസിലിരുന്നു ചായകുടിച്ചു തിരിച്ചുപോകും. എഇഒയെ കാത്തിരുന്ന ഞങ്ങൾ നിരാശരാകും.

പെൺകുട്ടികൾ മുഖത്തു നിറയെ പൗഡർ ഇട്ടാണു വരിക. ചാന്ത്ഗുളിക ചാലിച്ചാണ് ഇവർ പൊട്ടു തൊട്ടിരുന്നത്. പൂവി തളിൽ പേനയുടെ ടോപ്പ് അമർത്തിയാൽ കിട്ടുന്ന പൂമ്പൊട്ടു കൊണ്ടും പൊട്ടു കുത്തിയിരുന്നു. നഖത്തിനു മുകളിൽ മുരിക്കിൻ പൂവ് വെയ്ക്കുന്നതും ശീലമാണ്. നോട്ടുപുസ്‌തകത്തിന്റെ ഒഴിഞ്ഞ പേജുകളിലും മറ്റും ചാന്തു ഗുളികകൾ കൊണ്ടു പല നിറത്തിലുള്ള ചിത്രപ്പണികൾ നിറഞ്ഞിരിക്കും.

നൂൽ മഷിയിൽ മുക്കി പുസ്‌തകത്തിൻ്റെ പേജിൽ ചുറ്റി വെക്കും. പുസ്തകം മടക്കി നൂൽ വലിച്ചെടുത്താൽ വളരെ നല്ല ചിത്രങ്ങൾ കിട്ടും. പേജ് ആറിയാൽ നിറം കൊടുക്കും. ചെമ്പരത്തി, നന്ത്യാർവട്ടം, പതിറ്റടി, നാലുമണിപ്പൂവ്, മല്ലിക, പെഗോട, പൂച്ച വാൽച്ചെടി, മുല്ല, അശോകച്ചെക്കി, കാശിത്തുമ്പ, ബസിച്ചെടി, പിന്നെ പല നിറത്തിൽ ഇലകളുള്ള മരച്ചെടികളും വീട്ടുമുറ്റത്തു വളർത്തിയിരുന്നു. ആത്തുച്ചയോടെയാണു പതിറ്റടിപ്പൂ വിരിയുക. വൈകിട്ടു വിരിയുന്നതാണ് നാലുമണിപ്പൂവ്.

ആനപ്പാലത്തിനുതൊട്ടു കോയ്യോട്ടുമ്മലുകാരുടെ റബ്ബർ തോട്ടമാണ്. ഇവിടെ ഒരു ഗുഹ ഉണ്ടായിരുന്നു. പണ്ടു കാലത്തു സന്യാസിമാർ ജീവിച്ച ഗുഹയാണ് ഇതെന്നാണു പറഞ്ഞുകേട്ടത്. റബ്ബർത്തോട്ടത്തിൽനിന്നു പെറുക്കിയ റബ്ബർക്കുരു ഉരസി ചൂടാക്കി ഉടനെ ആരുടെയെങ്കിലും കൈയിൽ കൊടുത്തു പറ്റിക്കും. റബ്ബർ പാൽ ശേഖരിക്കുന്ന ചിരട്ടയിൽ നിന്ന് ഉണങ്ങിയ റബ്ബറെടുത്തു ഞങ്ങൾ ചെറിയ പന്തുണ്ടാക്കും. പഴയ നെലോതിക്ക കൊണ്ടു പന്ത് അടിച്ചു തെറിപ്പിച്ചു കളിക്കും. ഇതുപോലെയാണു ക്രിക്കറ്റ് കളിയെന്ന് എത്രയോ വർഷങ്ങൾക്കു ശേഷമാണു മനസ്സിലായത്.

റബ്ബർക്കുരുവും ഈന്തിൻകായയും പൂളക്കായയും പെറുക്കി ഞാൻ സ്‌കൂളിൽ കൊണ്ടുപോയി കൂട്ടുകാർക്കു നൽകിയിരുന്നു. പൂളക്കായിൽ ഈർക്കിൽ കുത്തിയാണു തിരിപ്പ് ഉണ്ടാക്കുക. ഈന്തിൻകായയും റബ്ബർക്കുരുവും കൊണ്ടു പമ്പരം ഉണ്ടാക്കും. ഇവയുടെ ഉൾഭാഗം ചുരണ്ടിയെടുത്ത് ആണികയറ്റി നൂൽചുറ്റിയാണ് പമ്പരം ഉണ്ടാക്കുന്നത്. പമ്പരത്തിന് ആവശ്യമായ നൂൽ കിട്ടിയിരുന്നതു ദാറു ചെട്ടിയാരുടെ വീട്ടിൽനിന്നാണ്.

തൊട്ടയലത്താണു ദാറു ചെട്ടിയാരുടെ വീട്. ഇവരുടെ വീട്ടു മുറ്റത്തു കൂടിയാണ് എൻ്റെ സ്‌കൂൾയാത്ര. ഇവിടെ നെയ്ത്തു ണ്ടായിരുന്നു. നൂലിനു കളറു മുക്കി കവുങ്ങിൽ ചുറ്റിയാണ് ഉണക്കുക. ചർക്കയിൽ നൂൽ നൂൽക്കുന്നതു ചെട്ച്ചിരിമ്മയായിരുന്നു. നൂൽ തറിയിൽ പാകുന്നതും ഓടം വലിക്കുന്നതും, നെയ്യുമ്പോൾ കൈയും കാലും ചലിക്കുന്നതും, കടകട ശബ്ദവും, ഓടം മാറ്റു ന്നതും കാൽ അമർത്തുമ്പോൾ പാകിയ നൂലുകൾ വേർപെട്ടു കളറുമാറി ഇവ തുണിയായി മാറുന്നതും കാണാൻ കൗതുകമാണ്.

മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള പാഠം എടുക്കുമ്പോൾ കുട്ടികളെ ചർക്ക കാണിക്കാൻ നാണു മാസ്റ്റർ എന്നെയാണു ചുമതലപ്പെടുത്തിയത്. ഗമയോടെയാണു ഞാൻ ദാറു ചെട്ടിയാരുടെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി കുട്ടികൾക്കു ചർക്കയും നെയ്ത്തും കാട്ടിക്കൊടുത്തത്. കണ്ണൻ, രാഘവൻ, ജാനു, മാധവി, കിട്ടൻ എന്നി വരാണു ദാറു ചെട്ടിയാരുടെ മക്കൾ. കണ്ണൻ പിന്നീടു താഴെകുന്നോത്തുപറമ്പിൽ വീടുവെച്ചു താമസം മാറി. രാഘവനും ജാനുവും ഇതേ പറമ്പിലാണു വീടെടുത്തത്. തറവാട്ടിൽ ഇപ്പോൾ മാധവിയാണു താമസിക്കുന്നത്. ചെറുപ്പത്തിൽ പിടിപെട്ട മാരകമായ പനിമൂലം തലമുടി കൊഴിഞ്ഞ മാധവി വിഗ്ഗ് ഉപയോഗിച്ചുവരുന്നു. പ്ലാസ്റ്റിക് നാരുകൊണ്ട് കസേല മടഞ്ഞിരുന്ന മാധവി കല്ലുവളപ്പിലെ അങ്കണവാടി ജീവനക്കാരിയാണ്. ചെറുപ്പം മുതലേ ഇവരെ ഞാൻ മാത്തൈ എന്നാണ് വിളിക്കുന്നത്. ദാറു ചെട്ടിയാരുടെ ബന്ധുക്കളായ കണ്ണൻ മാസ്റ്ററുടെയും പൈതൽ മാസ്റ്ററുടെയും വീടുകളിലും നെയ്ത്തുണ്ടായിരുന്നു.

അടുത്ത ആഴ്ച ▶ മൃതിയുടെ തിരനോട്ടം 

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :

◼️അധ്യായം ഒന്ന്:
പുഴമാത്രം മാറിയില്ല
◼️അധ്യായം രണ്ട്: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം മൂന്ന്: കണ്ണാരം പൊത്തിപ്പൊത്തി

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ

കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന...

മണ്ഡല പുനര്‍നിര്‍ണയം-വനിതാ സംവരണം: ബില്ലില്‍ വോട്ടെടുപ്പ്‌ ഇന്ന്

ന്യൂഡല്‍ഹി:  ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി...

ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ്...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; 14-ാം തവണയും നൂറുമേനി സ്വന്തമാക്കി കൈരളീ നിലയം സെൻട്രൽ സ്കൂൾ 

ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള...

കരാട്ടെ ക്ലാസിൽ കുഴഞ്ഞുവീണ 11കാരി മരിച്ചു

അഞ്ചൽ: കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ്...

Topics

ബെംഗളൂരുവിൽ മകളെ കൊലപ്പെടുത്തി വീട്ടമ്മ ജീവനൊടുക്കി; സംഭവത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ സഹോദരൻ

ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഇമ്മഡിഹള്ളിയില്‍ വീട്ടമ്മ തന്റെ 13കാരിയായ മകളെ കൊലപ്പെടുത്തിയ...

‘പാപ്പ ബുക്ക’; ബെംഗളൂരു പ്രദർശനം ഏപ്രിൽ 19ന്

ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക' ബെംഗളൂരുവിൽ പ്രദർശിപ്പിക്കുന്നു. ഏപ്രിൽ...

വാഹനാപകടം; കന്നഡ നടൻ ഹരീഷ് കൊല്ലപ്പെട്ടു

ബെംഗളൂരു: വാഹനാപകടത്തിൽ കന്നഡ ചലച്ചിത്ര-ടെലിവിഷൻ നടൻ ഹരീഷ് (40)  ഹരീഷ് (40)...

ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

ബെംഗളൂരു: ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ സർവീസിന് റെയിൽവേ അനുമതി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പീനിയ മേൽപാലം നാളെ മുതൽ 17 വരെ പൂർണമായി അടച്ചിടും

ബെംഗളൂരു: ബെംഗളൂരു-തുമക്കൂരു ദേശീയപാതയിലെ പീനിയ മേൽപാലം ബലപ്പെടുത്തുന്ന പ്രവൃത്തികളുടെ ഭാഗമായുള്ള അവസാനവട്ട...

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബെംഗളൂരു: ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്...

‘സോംബി ഡ്രഗ്’: ബെംഗളൂരുവിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി പോലീസ്, ഒരാള്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ ‘സോംബി ഡ്രഗ്’ വ്യാപകമാകുന്നുവെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കർശന...

നിയമസഭ തിരഞ്ഞെടുപ്പ്; കേരളത്തിലേക്ക് ഇലക്ഷൻ സ്പെഷൽ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കേരള, കർണാടക ആർടിസികൾ

ബെംഗളൂരു: നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്നവര്‍ക്കായി കേരളത്തിലെ...

Related News

Popular Categories

You cannot copy content of this page