Sunday, April 26, 2026
24.9 C
Bengaluru

അധ്യായം 1 📖 പുഴമാത്രം മാറിയില്ല

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’

ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍

മുഖരേഖ

മഹദ്ഗ്രന്ഥങ്ങളാൽ സമ്പുഷ്‌ടമായ മലയാള വായനാലോകത്തേക്കു യാതൊരു മുൻവിധിയും ഇല്ലാതെയാണു ഞാനിതു സമർപ്പിക്കുന്നത്. അക്രമരാഷ്ട്രീയം കൊടികുത്തി വാഴുന്ന നാട്ടിൽനിന്ന് ഒരു നിയോഗംപോലെ കർണാടകത്തിൽ എത്തിയ ഞാൻ ഇതു കുത്തിക്കുറിക്കുമ്പോൾ അറിയാതെ എന്റെ ബാല്യകൗമാരങ്ങളിലേക്കും ഗ്രാമജീവിതത്തിൻ്റെ ശീതളഛായയിലേക്കും പിൻതിരിഞ്ഞു നടന്നിട്ടുണ്ട്.

അലഞ്ഞുതിരിയുന്ന തെരുവുപട്ടികളെ ഉപദ്രവിക്കുന്നവരെ ശാസിക്കുന്നവർപോലും രാഷ്ട്രീയത്തിൻ്റെ പേരിൽ കൺമുന്നിൽ ഒരാളെ കുത്തിമലർത്തുമ്പോൾ അരുതേ എന്നുപറയാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണു കേരളത്തിലെ, പ്രത്യേകിച്ചു കണ്ണൂർ ജില്ലയിലെ ജനങ്ങൾ. അത്രത്തോളം ഭീതിയിലാണ് അവർ ഓരോ നാളും തള്ളിനീക്കുന്നത്. സഹജീവിയെ ഉപദ്രവിക്കുമ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത ഈ മൃതാവസ്ഥയിൽനിന്ന് എപ്പോഴാണൊരു മോചനം? അക്രമരാഷ്ട്രീയ രാക്ഷസീയത ഇല്ലാത്ത ഒരു കാലത്തിനായുള്ള കാത്തിരിപ്പുവൃഥാവിൽ അകാതിരുന്നെങ്കിൽ!

നിസ്സാരമെന്നു തോന്നാവുന്ന പല കാര്യങ്ങളും സവിസ്തരം പ്രതിപാദിച്ചത് എന്തിനാണെന്നറിഞ്ഞാൽ ഈ പുസ്‌തകത്തോടുള്ള നിങ്ങളുടെ സമീപനത്തിൽ മാറ്റമുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. ഒരു കൊച്ചു ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ നിന്നു സാമാന്യ വിദ്യാഭ്യാസം മാത്രം നേടി ബാംഗ്ലൂരിലെത്തിയപ്പോൾ സുഹൃത്തുക്കൾ പലരും എൻ്റെ നാടിനെക്കുറിച്ചും മറ്റും ആകാംക്ഷയോടെ തിരക്കിയിരുന്നു. അവരുടെയൊക്കെ നിരന്തരമായ ആഗ്രഹംകുടിയാണ് ഈ കുറിപ്പുകൾ.

താത്ത്വികാചാര്യന്മാരെയും സ്വാർഥരും അസഹിഷ്‌ണുക്കളുമായ നേതാക്കന്മാരെയും വിഗ്രഹവൽക്കരിക്കുന്നവരുടെ കുതന്ത്രങ്ങളാണു സമൂഹത്തിൽ അരാജകത്വം സൃഷ്‌ടിക്കുന്നത്. കാലത്തിന്റെ സുഗമമായ പ്രവാഹത്തിനു മാറ്റങ്ങൾ അനിവാര്യമാണ്. പഴയവ അപ്രായോഗികവും നിർജീവവുമാകുമ്പോൾ പുത്തൻ ആശയങ്ങളും സംരംഭങ്ങളും ഉദയം ചെയ്യുമെന്നതു ചരിത്രസത്യം. മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തവർ അവയ്ക്കെതിരെ പ്രതിരോധങ്ങൾ സൃഷ്ടിക്കുന്നു. പുതിയ സിദ്ധാന്തങ്ങളുടെയും സംരംഭങ്ങളുടെയും ആവിർഭാവ സാഹചര്യങ്ങളെക്കുറിച്ചും സ്വന്തം പോരായ്‌മകളെക്കുറിച്ചും ഉള്ള വിചിന്തനങ്ങൾക്കു തയ്യാറാകാതെ, തങ്ങളുടേതു മാത്രമാണു ശരിയെന്ന വാദഗതികളും അതുസ്ഥാപിച്ച് ഉറപ്പിക്കാനുള്ള വഴിവിട്ട പ്രവർത്തനങ്ങളുമാണു സാമൂഹ്യരംഗം കലുഷിതമാക്കുന്നത്. ഇതു ദുഃശാഠ്യമാണ്. അസഹിഷ്ണു‌തയാണ്, സ്വേച്ഛാധിപത്യമാണ്. ആശയങ്ങളെ ആയുധമാക്കേണ്ടിടത്ത് ആശയങ്ങൾക്കെതിരെ ആയുധമേന്തുന്ന ദുഷ്പ്രവണത രാഷ്ട്രീയരംഗത്തു സാർവത്രികമാകുമ്പോൾ ഇവിടെ മഹത്തായ ജനാധിപത്യം ഹിംസിക്കപ്പെടുകയാണ്.

നാടുനീളെ ഉയരുന്ന രക്തസാക്ഷി മണ്ഡപങ്ങൾ. ജയിലിലും കോടതി വരാന്തകളിലും തളച്ചിടപ്പെട്ട നിഷ്ക്രിയയുവത്വം. ജീവനും ജീവിതവും ഹോമിക്കപ്പെട്ട ഹതഭാഗ്യരുടെ വീടുകളുടെ അകത്തളങ്ങളിൽനിന്ന് ഉയരുന്ന നിശ്ശബ്‌ദ നെടുവീർപ്പുകൾ. പ്രതീക്ഷയറ്റവരുടെ കണ്ണീർച്ചാലുകൾ. ഇതെല്ലാം കൊലപാതക രാഷ്ട്രീയത്തിന്റെ ബാക്കിപത്രമായി സമൂഹ മനഃസാക്ഷിയെ നീറ്റിക്കൊണ്ടിരിക്കുന്നു.

പലർക്കും എന്നപോലെ എനിക്കും കണ്ണൂരിലെ അക്രമരാഷ്ട്രീയക്കാരുടെ ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ആസൂത്രണം ചെയ്ത്‌ അക്രമങ്ങളിൽനിന്നു തലനാരിഴയ്ക്കാണു പലപ്പോഴും രക്ഷപ്പെട്ടത്. എൻ്റെ ഗൃഹാതുര സ്‌മരണകളിൽ ചോര പുരണ്ട കണ്ണൂരിൻ്റെ ഭീതിദമായ മുഖമുണ്ട്. രാഷ്ട്രീയത്തിനു വേണ്ടി ചാവേറായവരുടെ മാതാപിതാക്കളുടെയും കൂടപ്പിറപ്പുകളുടെയും ഭാര്യമാരുടെയും മക്കളുടെയും ദീനരോദനങ്ങളുണ്ട്. ഇതെന്നെ ഏറെ വേദനിപ്പിക്കുന്നു.

ദൈവത്തിന്റെ സ്വന്തം നാടെന്നു ഖ്യാതികേട്ട കേരളത്തിലെ രാഷ്ട്രീയത്തിനു തീവ്രവാദമുഖം നൽകിയ കണ്ണൂരിലെ രാഷ്ട്രീയത്തെക്കുറിച്ചും കൊലപാതക രാഷ്ട്രീയത്തിന്റെ അണിയറ നാടകങ്ങളെക്കുറിച്ചും പ്രതിപാദിച്ചെങ്കിൽ മാത്രമേ എന്റെ ഈ കുറിപ്പുകൾ അർത്ഥപൂർണ്ണമാകുകയുള്ളു.

▪️ അഡ്വക്കേറ്റ് സത്യൻ പുത്തൂർ

📖
അധ്യായം ഒന്ന്

പുഴമാത്രം മാറിയില്ല

രാമരാമ ജപമുഖരിതമായ സന്ധ്യകൾ. രാത്രിയുടെ നിശ്ശബ്ദയാമങ്ങളെ സംഗീതാത്മകമാക്കി തവളകളുടെയും ചീവീടുകളുടെയും ഇടവിട്ടുള്ള വായ്ത്താരികൾ. ചെണ്ടമേളക്കൊഴുപ്പിൽ ഉറഞ്ഞുതുള്ളുന്ന തെയ്യക്കോലങ്ങൾ. ഓംകാരം മുഴക്കി ഇളനീർ ക്കാവുമായി ക്ഷേത്രങ്ങളിലേക്കു പോകുന്ന ഭക്തർ. വധുവരന്മാരെ ആനയിച്ചു നീങ്ങുന്ന മംഗലപ്പാട്ടുകാർ. വയലേലകളിലും കല്യാണ വീടുകളിലും ഉണർവേകുന്ന വടക്കൻ പാട്ടുകൾ. മുരിവണ്ടികളുടെ കടകട ശബ്ദം. മൺനിരത്തിൽ പൊടിപടർത്തി വല്ലപ്പോഴും കടന്നു പോകുന്ന വാഹനങ്ങളുടെ ഇരമ്പം. ഈന്തപ്പനമ്പട്ട തുമ്പിക്കയ്യിലേന്തി മന്ദംമന്ദം മണി മുഴക്കി നീങ്ങുന്ന ആനച്ചന്തം. പുത്തൂർ പുഴയിൽ നീന്തിത്തുടിച്ച ബാല്യകൗമാരങ്ങൾ. ഓർമകൾ മിഴിതുറക്കുമ്പോൾ മനസ്സിന് ഇമ്പമേകുന്ന എത്രയെത്ര വർണക്കാഴ്ചകൾ.

സുഖദുഃഖ സമ്മിശ്രമായ ഭൂതകാലത്തിൻ്റെ ഏടുകൾ ചികയുമ്പോൾ വല്ലപ്പോഴും അതിഥിയായെത്തിയ നൈമിഷികാനന്ദവേളകളായിരിക്കും ആദ്യം മിഴി തുറക്കുക. കളരി, കരാട്ടെ, കലാസാംസ്കാരിക പ്രവർത്തനങ്ങൾ, രാഷ്ട്രീയം, അഭിഭാഷകവൃത്തി തുടങ്ങി എന്റെ ജീവിതപന്ഥാവിലെ അനുഭവങ്ങളാണു ഞാനിവിടെ പങ്കുവെക്കുന്നത്.

മലരണിക്കാടുകൾ തിങ്ങിവിങ്ങി, മരതകകാന്തിയിൽ മുങ്ങി മുങ്ങി എന്ന സുന്ദരമായ കവി ഭാവനയുടെ പ്രതിരൂപമായിരുന്നു എൻ്റെ കൊച്ചു ഗ്രാമം. കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ കുന്നോത്തുപറമ്പ് പഞ്ചായത്തിലെ പുത്തൂർ വില്ലേജിൽപ്പെട്ട ഈ പ്രദേശം സെൻട്രൽ പുത്തൂരാണ്. ആനപ്പാലം എന്നാണ് എൻ്റെ ഗ്രാമം അറിയപ്പെടുന്നത്.

ആന വലിച്ചുകൊണ്ടു വന്ന വലിയ ജാതിമരം ഉപയോഗിച്ചാണു പുത്തൂർ പുഴയ്ക്കു പാലമിട്ടത്. ഇതാണ് ആനപ്പാലം എന്ന വിളിപ്പേരിനു കാരണം. നിരത്തിന് ഓരം ചേർന്നു പുഴയിലേക്ക് ഇറങ്ങാൻ വീതിയേറിയ വഴി ഉണ്ടായിരുന്നതിനാൽ ഇവിടെ ആനകളെ കുളിപ്പിക്കാൻ കൊണ്ടുവന്നിരുന്നു. ആനകളെ കുളിപ്പിക്കുന്നത് കൂട്ടുകാരോടൊപ്പം നോക്കിനിന്നിട്ടുണ്ട്. പാപ്പാന്മാരോടു ഞങ്ങൾ ആനവാൽ ചോദിച്ചിരുന്നെങ്കിലും ഒരിക്കലും കിട്ടിയിട്ടില്ല.

കേരളത്തിലെ കണ്ണുർ ജില്ലയിലെ തലശ്ശേരിയിൽപ്പെട്ട പാനൂർ നാൽക്കവലയിൽനിന്നു കിഴക്കു ഭാഗത്തേക്കുള്ള റോഡിൽ പോലീസ് സ്റ്റേഷൻ്റെ തൊട്ടടുത്ത ഇറക്കം കഴിഞ്ഞു നേരെ കൂറ്റേരി വഴി കൈവേലിക്കലിൽനിന്നു വലതുഭാഗത്തെ കുന്നോത്തുപറമ്പ് റോഡിൽ ഏകദേശം ഒന്നര കിലോമീറ്ററും പാനൂർ പാറാട് റോഡിൽ പുത്തൂർ പോസ്റ്റ് ഓഫീസിൻ്റെ പിൻഭാഗത്തുള്ള കൈവേലിക്കൽ റോഡിൽ പുത്തൂർ അരയാൽത്തറയുടെ വലത്തോട്ട് ഒരു കിലോ മീറ്റർ ദൂരെയും പാറാട് ചെറുവാഞ്ചേരി റോഡിൽ കുന്നോത്തുപറമ്പിൽനിന്നു കൈവേലിക്കൽ റോഡിൽ കുയിമ്പിൽ ക്ഷേത്രപരിസരത്താണ് സെൻട്രൽ പുത്തൂർ ഗ്രാമം.

തലമുറകൾക്കു വിദ്യയുടെ വെളിച്ചം പകർന്നു നൽകിയ ഗ്രാമചൈതന്യമായ സെൻട്രൽ പുത്തൂർ എൽപി സ്കൂൾ. വിശാലമായ പറമ്പുകളിൽ പടർന്നുപന്തലിച്ച സസ്യജാലങ്ങളുടെ പച്ചപ്പകിട്ടുകൾക്കിടയിൽ ഒറ്റപ്പെട്ട വീടുകൾ. ചരൽ നിറഞ്ഞ മൺപാത. ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങൾ. വയലേലകളുടെ ഓരം തഴുകി യൊഴുകുന്ന പുത്തൂർപുഴ. ഇതായിരുന്നു എൻ്റെ പ്രിയപ്പെട്ട കൊച്ചു ഗ്രാമം.

കല്ലുവളപ്പ് മോഹനഗിരി എസ്റ്റേറ്റിന്റെ താഴ്വാരത്തെ ഒറ്റക്കൈതയിൽനിന്ന് ഉത്ഭവിച്ചു പെരിങ്ങത്തൂർ പുഴയിൽ ലയിക്കുന്നതുവരെ ഓരോ പ്രദേശത്തും പ്രദേശം ഓരോരോ പേരുകളിലാണ് 16/44 അറിയപ്പെടുന്നത്. തളികക്കുണ്ട്, അഞ്ഞൂറ്റാൻ കുണ്ട്, കണ്ണി ……. മുളിയാത്തോട്, കടാരി, മൂലക്കുണ്ട് എന്നീ പേരുകൾ ഏറ്റുവാങ്ങി എന്റെ ഗ്രാമത്തിൽ എത്തുമ്പോൾ ഇതു പുത്തൂർ പുഴയാണ്. കല്ലുവളപ്പ് പൂവ്വത്തിൻ കീഴിലെ അമ്പിടാട്ട് ശ്രീമുത്തപ്പൻ മടപ്പുരയുമായി ബന്ധപ്പെട്ടാണ് അഞ്ഞൂറ്റാൻ കുണ്ട് എന്ന പേര് ഈ പുഴയ്ക്കു ലഭിച്ചത്. അമ്പിടാട്ടിൽ മുത്തപ്പൻ തെയ്യം കെട്ടിയാടുന്ന അഞ്ഞൂറ്റാൻ വിഭാഗത്തിൽപ്പെട്ടവർ കുളിച്ചിരുന്ന സ്ഥലമാണ് അഞ്ഞൂറ്റാൻ കുണ്ടായി അറിയപ്പെട്ടത്.

കുതൂഹലം നിറഞ്ഞ ബാല്യകൗമാരങ്ങളെ കുളിരണിയിച്ച കുസൃതിയായ കളിക്കൂട്ടുകാരിയായിരുന്നു എനിക്ക് ഈ പുഴ. തിരക്കുകൾക്കിടയിൽ സ്ഥലകാലബോധമില്ലാത്ത വികൃതികളെപ്പോലെ എന്നും ഓർമകളിൽ ഈ പുഴ ഓളം തല്ലാറുണ്ട്. കരകവിഞ്ഞൊഴുകുന്ന പുത്തൂർ പുഴയിൽ കുട്ടുകാരൊത്തു നീന്തിത്തുടിച്ച എത്രയെത്ര നാളുകൾ…! പുതുമഴയിൽ കലക്കവെള്ളത്തിലെ കുളി മൂലം കണ്ണുകൾ ചെമന്നു തുടുക്കും. കണ്ണ് ചെമന്നതും ശരീരം തണുത്തു വിറയ്ക്കുന്നതും അച്ഛച്ഛൻ കാണാതിരിക്കാൻ വീടിന്റെ പിൻവശത്തു കൂടി അകത്തു കടക്കും. പാൽകാച്ചുമ്പോൾ ഇളക്കുംപോലെ അടുപ്പിൽ ഓലക്കണ്ണികൊണ്ടു തീ കൂട്ടി തണുപ്പ് അകറ്റിയിരുന്നു.

മഴക്കാലത്തു പുഴയിൽ തടകെട്ടി ഒഴുക്കു തടഞ്ഞു നിർത്തുന്നിടത്താണു ഞങ്ങളുടെ കളികൾ. നീന്തിത്തളർന്നു പുഴയിൽ നിന്നു കയറുമ്പോഴേക്കും തണുത്തു വിറച്ചു പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ടാകും. തണുപ്പകറ്റാൻ വയൽവരമ്പത്തിരുന്നു വെയിൽ കായുന്നതോടൊപ്പം മീൻപിടിത്തവുമാകും. വരമ്പിന്റെ അടിത്തട്ടിൽ നിന്നു മണ്ണിരയെ പിടിച്ചു ചൂണ്ടക്കൊക്കയിൽ കോർത്താണു മീൻപിടിത്തം. മീൻപിടിക്കാൻ രാത്രികളിൽ ഓവുചാലിൽ മുളകൊണ്ടു മെടഞ്ഞ കൂടുവെയ്ക്കും. വയലുകളിൽ വെള്ളം നിറഞ്ഞൊഴുകുമ്പോൾ കോരുവല ഉപയോഗിച്ചും മീൻപിടിച്ചിരുന്നു.

വേനലിലും പുഴയിൽ തടയണ കെട്ടാറുണ്ട്. തടയണയുടെ മുൻഭാഗത്തു മുട്ടോളം മാത്രമേ വെള്ളമുണ്ടാകൂ. ഇവിടങ്ങളിൽ കുഴിയുണ്ടാക്കി തോർത്തുമുണ്ടു വലയാക്കി ഞങ്ങൾ പരൽമീനുകളെ പിടിച്ചിരുന്നു. കൈച്ചൽ, മുഴു, പരൽ തുടങ്ങിയ ചെറുമീനുകളെ വെളിയിലയിലും കുപ്പിയിലും ഇട്ടാണു കൊണ്ടുപോവുക. വീട്ടുകിണറ്റിൽ ഇട്ടിരുന്ന മീനുകൾ മിക്കവാറും പിറ്റേദിവസം ചത്തുപൊങ്ങും.

നെൽക്കൃഷിക്ക് ആവശ്യാനുസരണം വെള്ളം എത്തിക്കാനാണു പുഴയിൽ തട കെട്ടിയിരുന്നത്. തെങ്ങ് കീറിയുണ്ടാക്കിയ ചാര് ക്രമമായി അടുക്കിവെച്ചാണു തടകെട്ടുക. ചാരിന്റെ വിടവിലൂടെ വെള്ളം ചോരാതിരിക്കാൻ ഉണക്ക വാഴയിലകൊണ്ട് അടയ്ക്കും. കടയങ്കോട്ടെ ഞങ്ങളുടെ പറമ്പിൽ മൂലക്കുണ്ടിലും പടിഞ്ഞാറെ തയ്യിലുള്ളവരുടെ കൃഷിയിടത്തിനു തൊട്ടുംപ്പാലത്തിനു താഴെ തൽമയുടെ വയലിനടുത്തുമാണു പുഴയിൽ തട കെട്ടിയിരുന്നത്.

📖 എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന കാലത്ത്

1968ൽ ആനപ്പാലത്ത് തടയോടുകൂടിയ കോൺക്രീറ്റ് പാലം പണിതു. പഴയ മരപ്പാലത്തിന് അല്‌പം മുകളിലേക്കു മാറിയാണ് കോൺക്രീറ്റ് പാലം. ഇവിടെ പാലം പണിയാൻ വന്ന എൻജിനീയറുടെ സാമർഥ്യവും പുതിയ റോഡിനായി സ്ഥലം വിട്ടു നൽകിയ നാട്ടുകാരുടെ സന്മനസ്സും കൊണ്ടാണു വാഹന സഞ്ചാര യോഗ്യമായ കോൺക്രീറ്റ് പാലം സാധ്യമായത്.

കോൺക്രീറ്റ് പാലത്തിൻ്റെ തടയായി മരത്തിന്റെ നിരപ്പലകയാണു ചാരായി ഉപയോഗിച്ചിരുന്നത്. ചീപ്പ് എന്ന ഈ മരപ്പലക വേനൽക്കാലത്ത് അച്ഛച്ഛൻ്റെ ചായപ്പീടികയുടെ ചുമരിൽ ചാരി സൂക്ഷിക്കും. വെള്ളം തടയോളം ഉയർന്നാൽ പുഴവരമ്പിലെ ഓവു ചാലിൽക്കൂടിയാണു കണ്ടത്തിലേക്ക് ഒഴുക്കി വിട്ടിരുന്നത്. തോരാതെ മഴ പെയ്യുന്ന ദിവസങ്ങളിൽ കൃഷിയിടത്തിൽ വെള്ള മേറിയാൽ കയറുകെട്ടി തടയുടെ ചാര് വലിച്ചുനീക്കും. പലപ്പോഴും പാതിരാത്രിയാണ് ആളുകൾ കൂട്ടംചേർന്നു ചാരും ചീപ്പും വലിച്ചു മാറ്റിയിരുന്നത്. ഈ സമയത്തു വയലും റോഡും നിറച്ചു വെള്ളമായിരിക്കും. ആനപ്പാലം മാത്രമായിരിക്കും ഉയർന്നു നിൽക്കുക. അതു കണാൻ നല്ല രസമായിരുന്നു. ഒരു ഭാഗത്തുനിന്നു മറു ഭാഗത്തേക്കു പോകാൻ കഴിഞ്ഞിരുന്നില്ല.

അതിരുകളില്ലാതെ ഓടിത്തിമിർത്ത എൻ്റെ കുട്ടിക്കാലം ഓർമയിൽ തെളിയുമ്പോഴെല്ലാം ബാംഗ്ലൂരിലെ ഫ്ളാറ്റിൽ സ്ഥല പരിമിതികൾക്കിടയിൽ സിലബസുകൾക്ക് അനുസൃതമായി ബാല്യം തളച്ചിടേണ്ടിവന്ന മക്കളുടെ അവസ്ഥ എന്നെ അലോസരപ്പെടുത്തിയിരുന്നു. എല്ലാതിരക്കുകളും മാറ്റിവെച്ച് അവധിക്കാലത്ത് ഞാനവരോടൊപ്പം നാട്ടിലെത്തിയിരുന്നു. നഷ്‌ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ ശീതളിമയിൽ ഓടിച്ചാടികളിക്കാൻ കിട്ടിയിരുന്ന ഇത്തരം അപൂർവ വേളകളിലാണ് അവർ ബാല്യം ആഘോഷിച്ചത്. ശോഷിച്ചു നിലംപറ്റി ഒഴുകുന്ന പുഴയിൽ കമിഴന്നുകിടന്നു നീന്തുന്ന രീതിയിൽ കൈകാലിട്ടടിക്കുമ്പോൾ മക്കളുടെ മുഖത്തു വിരിയുന്ന സന്തോഷം എന്നിൽ ചാരിതാർഥ്യം ഉണർത്തിയിരുന്നു.

ഓർമവെച്ച നാൾമുതൽ എൻ്റെ എല്ലാമെല്ലാമാണ് പുത്തൂർ പുഴ. ഗൃഹാതുര സ്‌മരണകളെ കുളിരണിയിക്കുന്ന അനുഭൂതിയാണ് എനിക്കീ പുഴ. എൻ്റെ ഗ്രാമവും ജനങ്ങളും ഒരുപാടു മാറി. വൃക്ഷലതാദികൾ ഹരിതാഭ ചാർത്തിയിരുന്ന എന്റെ ഗ്രാമവും കോൺക്രീറ്റ് കാടായി മാറിക്കൊണ്ടിരിക്കുന്നു. വിശാലമായ പറമ്പുകളിൽ ഒറ്റപ്പെട്ടു കിടന്നിരുന്ന വീടുകളുടെ സ്ഥാനത്തു തൊട്ടു കിടക്കുന്ന കോൺക്രീറ്റ് സൗധങ്ങൾ. വയലുകൾ നികത്തിയതോടെ ഗ്രാമത്തിൻ്റെ ശീതളഛായ നഷ്‌ടമായി. കോൺക്രീറ്റ് തൂണുകൾ ഉണ്ടാക്കി കെട്ടിയ തടയണകളും പുഴവക്ക് ഇടിഞ്ഞു വീഴാതിരിക്കാൻ ചിലയിടങ്ങളിൽ കരിങ്കല്ലും ചെങ്കല്ലും ഉപയോഗിച്ചുള്ള കെട്ടുകളുമുണ്ട് എന്നതൊഴിച്ചാൽ പുത്തൂർപുഴയ്ക്ക് യാതൊരു മാറ്റവുമില്ല.

തലമുറകളുടെ ജീവിതത്തിനും മാറിയ കാഴ്‌ചപ്പാടിനും സാക്ഷിയായി കടുത്ത വേനലിൽ മെലിഞ്ഞും വർഷകാലത്തു കര കവിഞ്ഞും വയലേലകളെ തഴുകി എൻ്റെ പ്രിയപ്പെട്ട പുഴ ഇന്നും ഒഴുകുന്നു. നാടും നാട്ടാരും ഏറെ മാറിയെങ്കിലും പുഴ മാത്രം മാറിയില്ല.◼️

അടുത്ത ആഴ്ചഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര...

ടി20 ചരിത്രത്തിലെ റെക്കോർഡ് റൺചേസ്; പഞ്ചാബ് കിംഗ്സ് ഡൽഹിയുടെ 265 റൺസ് വിജയലക്ഷ്യം മറികടന്നത് 18.5 ഓവറിൽ

ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പ‌ഞ്ചാബ് കിംഗ്സ്....

16 വയസുകാരിയെ വിവാഹം കഴിച്ച് 28കാരന്‍; ശൈശവ വിവാഹത്തില്‍ വരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്....

ലൈംഗിക ഉത്തേജന മരുന്ന് അധികമായി കഴിച്ചു, 29-കാരന് ദാരുണാന്ത്യം

ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി...

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന്...

Topics

സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ...

മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘മോഹം’; മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും

ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം....

ടി.സി.എ​സ്. വേ​ൾ​ഡ് 10 കെ മാരത്തൺ ഞായറാഴ്ച

ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണ്‍ ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും. എംജി...

ഗതാഗത കുരുക്കഴിയുന്നു; സിൽക്ക്ബോർഡ് ഡബിൾഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്‌ഡയിലേക്കുള്ള റാംപ് തുറന്നു

ബെംഗളൂരു: സിൽക്ക്ബോർഡ് ഡബിൾ ഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതല്‍...

ബെംഗളൂരുവില്‍ കാമുകനെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവത്തിൽ...

ബെംഗളൂരു വിമാനത്താവളത്തിൽ 3.89 കോടി രൂപയുടെ ഹൈഡ്രോപോണിക്ക് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ വീണ്ടും ലഹരി മരുന്ന് വേട്ട. യാത്രക്കാരിൽ നിന്നും...

അവഗണിക്കുകയാണെന്ന തോന്നല്‍; ബെംഗളൂരുവിൽ യുവതി കാമുകനെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു

ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു....

Related News

Popular Categories

You cannot copy content of this page