കാസറഗോഡ്: കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി തടസപ്പെടുത്തി സംഘർഷം സൃഷ്ടിച്ചതിന് എട്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി 10.45 ഓടെയായിരുന്നു സംഭവം. ചെമ്മനാടിനു സമീപം ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ പരുക്കേറ്റ ആളിനെ ജനറല്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ എത്തിച്ചിരുന്നു.
ഇയാള്‍ക്കൊപ്പമെത്തിയ ആളുകളും ഇവരെ പിന്തുടർന്നെത്തിയ മറുവിഭാഗവും തമ്മിലാണ് ആശുപത്രിയില്‍വച്ച് സംഘർഷമുണ്ടായത്. ഇതില്‍ ഒരു വിഭാഗം ചെമ്മനാട് നിന്നും മറുവിഭാഗം കീഴൂരില്‍ നിന്നുമുള്ള സംഘങ്ങളാണെന്ന് പോലീസ് പറഞ്ഞു. ജനറല്‍ ആശുപത്രിയിലെ ഡോ.മുഹമ്മദ് നിസാറിന്റെ പരാതിയില്‍ തളങ്കര ബാങ്കോട്ടെ പി.ടി.ഷബീർ അലി (28), കൊമ്ബനടുക്കത്തെ പി.ജഗദീഷ് കുമാർ (34), സി.കെ.അജീഷ് (27), കീഴൂരിലെ അഹമ്മദ് ഷാനവാസ് (35), കീഴൂർ കടപ്പുറം സ്വദേശികളായ എം.കുഞ്ഞഹമ്മദ് (34), എം.അബ്ദുള്‍ ഷഹീർ (31), മുഹമ്മദ് അഫ്നാസ് (19), സയിദ് അഫ്രീദ് (27) എന്നിവർക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
രണ്ടുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്. ആഴ്ചകള്‍ക്കു മുമ്പ് സംഘർഷത്തില്‍ പരുക്കേറ്റയാള്‍ക്ക് അത്യാഹിതവിഭാഗത്തില്‍ ചികിത്സ നല്കുന്നതിനിടയില് പിന്തുടർന്നെത്തിയ സംഘം വീണ്ടും ആക്രമിച്ചിരുന്നു.
പരുക്കേറ്റ ആളിനെ വനിതാ ഡോക്ടറുടെ ദേഹത്തേക്ക് ചവിട്ടിവീഴ്ത്തിയതിനെ തുടർന്ന് ഡോക്ടർക്കും പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ സർക്കാർ ഡോക്ടർമാർ പ്രതിഷേധം നടത്തിയിരുന്നു.
SUMMARY: Gang clash at Kasaragod General Hospital; Eight arrested














