കൊച്ചി: പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ ഒരുക്കിയ ‘വിലായത്ത് ബുദ്ധ’യ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പരാതി നൽകി നിർമ്മാതാവ് സന്ദീപ് സേനൻ. സിനിമയെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയെന്ന് ആരോപിച്ച് ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുന്നത്.
സിനിമയുടെ റിവ്യൂ എന്ന വ്യാജേനയാണ് ‘ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ’ എന്ന യൂട്യൂബ് ചാനൽ സിനിമയ്ക്ക് എതിരെ സൈബർ ആക്രമണം നടത്തിയിരിക്കുന്നതെന്നും സന്ദീപ് സേനൻ പരാതിയിൽ പറയുന്നു. സിനിമയിറങ്ങി ആദ്യ ദിനം തന്നെ റിവ്യൂ എന്നപേരിൽ സ്വന്തം അഭിപ്രായങ്ങൾ പറഞ്ഞ് പല യൂട്യൂബ് ചാനലുകളും രംഗത്തെത്താറുണ്ട്. എന്നാൽ പലപ്പോഴുമിത് സിനിമയുടെ വരുമാനത്തെ മോശമായ് ബാധിക്കാറുമുണ്ട്. അത്തരത്തിൽ നടത്തിയ വിലായത്ത് ബുദ്ധയുടെ ഒരു റിവ്യൂ ആണ് പരതിക്കിടയാക്കിയത്. സിനിമക്കു പുറമെ സിനിമയിലെ അഭിനേതാക്കളെയും മതപരമായി വിഡിയോയിൽ വിമർശിക്കുന്നുണ്ട്. വിലായത്ത് ബുദ്ധയിലെ നായക നടനായ പൃഥ്വിരാജ് ഹിന്ദുത്വ വിരുദ്ധ അജണ്ടയുടെ വക്താവാണെന്നും ഇക്കാരണത്താൽ ചിത്രത്തെ ജനം തഴഞ്ഞെന്നും യു ട്യൂബ് ചാനൽ പ്രചരിപ്പിച്ചു. അഞ്ച് വർഷത്തോളമായി സിനിമയ്ക്കുവേണ്ടി 40 കോടിയോളം രൂപ മുടക്കിയ നിർമാതാവെന്ന നിലയിൽ വലിയ സാമ്പത്തിക നഷ്ടമാണ് വ്യാജ റിവ്യൂകളുടെയും സൈബർ ആക്രമണങ്ങളുടെയും പേരിൽ തനിക്ക് നേരിടേണ്ടി വരുന്നതെന്ന് സന്ദീപ് സേനൻ പരാതിയിൽ പറഞ്ഞു.
SUMMARY: Hate campaign against Buddha in the province; Producer files complaint against YouTube channel














