ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ് ആദ്യം കണ്ടെത്തിയത്. തെരുവ് നായ മനുഷ്യന്റെ അറ്റുപോയ കൈപ്പത്തിയുമായി കടിച്ചു നില്‍ക്കുന്നത് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ നിന്നും മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു.
രണ്ട് കൈകൾ, രണ്ട് കൈപ്പത്തികൾ, ഒരു മാംസക്കഷണം, കുടലിന്റെ ഭാഗങ്ങൾ എന്നിവ അഴുകിയ നിലയിലാണ് കണ്ടെത്തിയത്. തല കാണാതായിരുന്നു. സ്ത്രീയുടെതെന്ന് കരുതുന്ന ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതായാണ് നിഗമനം. കൂടുതൽ തെളിവുകൾക്കായി തിരച്ചിൽ തുടരുകയാണ്.
ബെംഗളൂരുവിൽ നിന്നുള്ള ഒരു ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബെംഗളൂരു, തുമകുരു, രാമനഗർ, ചിക്കബല്ലാപുര എന്നിവിടങ്ങളിൽ നിന്ന് കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്.