മംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനു യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ആത്മഹത്യ ചെയ്തു. മംഗളൂരു സ്വദേശിയായ സുധീർ(30) ആണ് മരിച്ചത്. ദിവ്യയെന്ന 26 വയസ്സുകാരിയുമായി ഇയാൾ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ നാളുകളിലായി ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ശക്തമായിരുന്നു. എന്നാൽ ബന്ധത്തിൽ നിന്നു പിന്മാറാൻ സുധീർ തയാറായില്ല.
ഇന്ന് ദിവ്യയെ പിന്തുടർന്ന് വഴിയിൽ തടഞ്ഞ ഇയാൾ വിവാഹാഭ്യർഥന നടത്തി. എന്നാൽ ദിവ്യ ഇതു നിരസിച്ചതോടെ വാക്കുതർക്കമുണ്ടായി. ഇതോടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ദിവ്യയെ കുത്തുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദിവ്യ വീണു. ഇതോടെ മരിച്ചെന്നു കരുതി സുധീർ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് ദിവ്യയുടെ വാടക വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദിവ്യ ആശുപത്രിയിൽ ചികിത്സയിലാണ്.
SUMMARY: Karnataka man stabs woman after she refuses to marry him, dies by suicide