തിരുവനന്തപുരം: സിപിഐയുടെ എതിർപ്പ് തള്ളി പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചു. കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണാപത്രത്തിൽ കേരളത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവച്ചു. തടഞ്ഞു വച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി കേരളം മാറിയതോടെ 1500 കോടി രൂപ ഉടൻ സംസ്ഥാനത്തിന് ലഭിക്കും. കേരളം പദ്ധതിയുടെ ഭാഗമാകുന്നതോടെ ദേശീയ വിദ്യാഭ്യാസ നയം പിന്തുടരേണ്ടി വരും.
ആർ.എസ്.എസ് അജണ്ടയാണ് പദ്ധതിക്ക് പിന്നിലെന്ന് ആരോപിച്ച് സി.പി.ഐ ഇതിനെ എതിർത്തിരുന്നു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാർ പദ്ധതിയിലെ എതിർപ്പ് ഉന്നയിച്ചിരുന്നു. അതേസമയം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഫണ്ട് വെറുതെ പാഴാക്കി കളയണോ എന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടേത്. പദ്ധതി നടപ്പാക്കാതെ കേരളത്തിന് മുന്നോട്ടുപോകാൻ കഴിയില്ലെന്നും നിയമപരമായി തടസങ്ങൾ ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്. കേന്ദ്ര ഫണ്ട് കിട്ടിയില്ലെങ്കിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ പദ്ധതികൾ അവതാളത്തിലാകുമെന്നും കേന്ദ്രത്തിൽ നിന്ന് 1186 കോടിയിലേറെ കിട്ടാനുണ്ടെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാണിക്കുന്നു. ഇതിൽ 800 കോടിയോളം മുൻ വർഷങ്ങളിലെ കുടിശികയാണ്. 2024-25ൽ പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി 3757.89 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിച്ചത്. സംസ്ഥാനത്ത് 336 സ്കൂളുകൾക്കാണ് പിഎം ശ്രീ വഴിയുള്ള കേന്ദ്ര ഫണ്ട് ലഭിക്കുക.
SUMMARY: Kerala joined in PM Shri. MoU signed