പത്തനംതിട്ട: ശബരിമല അന്നദാനത്തില്‍ കേരളസദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സദ്യയുടെ ഭാഗമായി പപ്പടവും പായസവും അച്ചാറും നല്‍കുമെന്നും ജയകുമാര്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു ജയകുമാര്‍.
‘അന്നദാനമായി പുലാവും സാമ്പാറും നല്‍കുന്ന വിചിത്രമായ മെനുവാണ് നിലനിന്നിരുന്നത്. ഉത്തരേന്ത്യക്കാര്‍ക്ക് ഇഷ്ടമായ പുലാവും ദക്ഷിണേന്ത്യക്കാര്‍ക്ക് ഇഷ്ടമായ സാമ്പാറും ചേര്‍ത്ത് ദേശീയഐക്യത്തിന്റെ പ്രതീകമായാണ് അങ്ങനെ നല്‍കിയിരുന്നത്. ഇത് ഭക്തജനങ്ങള്‍ക്ക് ഹിതകരമായിരുന്നില്ല. അതുമാറ്റി കേരള സദ്യ നല്‍കാന്‍ ഇന്ന് തീരുമാനിച്ചു. പപ്പടവും പായസവും ചേര്‍ത്ത് കൊടുക്കും.
ഇത് ദേവസ്വം ബോര്‍ഡിന്റെ കാശല്ല. ഭക്തജനങ്ങള്‍ തീര്‍ഥാടകര്‍ക്കും അയ്യപ്പന്മാര്‍ക്കും അന്നദാനം നല്‍കാന്‍ ഏല്‍പ്പിച്ചിരിക്കുന്ന കാശാണിത്. ആ കാശ് ഏറ്റവും ഭംഗിയായി അന്നദാനം നല്‍കാന്‍ ഉപയോഗിക്കും. പമ്പാ സദ്യ അയ്യപ്പന്റെ ചരിത്രവുമായി ബന്ധപ്പെട്ടുള്ളതാണ്. അത് നിന്നുപോയി. പണ്ട് ഒരുപാട് പേര്‍ സദ്യ കൊടുക്കുമായിരുന്നു. ഇപ്പോള്‍ നമ്മള്‍ തന്നെയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അന്നദാനത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ ബാധ്യതയുണ്ട്.
SUMMARY: Kerala Sadya to be served as Annadanam at Sabarimala from now on














