മധ്യപ്രദേശിലെ ആശുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ മൊണാലിസ 2009 ഡിസംബര്‍ 30 ന് ജനിച്ചുവെന്നും വിവാഹ സമയത്ത് അവര്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘മധ്യപ്രദേശിലെയും കേരളത്തിലെയും ഉന്നത പോലിസ് ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു. വിവാഹം രജിസ്റ്റര്‍ ചെയ്ത പ്രാദേശിക അധികാരികളെ കൂടുതല്‍ വ്യക്തതയ്ക്കായി അന്വേഷണ സംഘം വിളിച്ചുവരുത്തിയിട്ടുണ്ട്,’ പോലിസ് പറഞ്ഞു.
പെൺകുട്ടിയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം മഹേശ്വറിലെ സർക്കാർ ആശുപത്രിയിലെ രേഖകൾ പരിശോധിച്ചപ്പോഴാണ് 2009 ഡിസംബർ 30 ന് വൈകുന്നേരം 5:50 നായിരുന്നു ജനനം എന്ന് കണ്ടെത്തിയത്. വിവാഹം നടന്ന കേരളത്തിലെ ഗ്രാമപഞ്ചായത്തിൽ നിന്ന് രജിസ്ട്രേഷൻ രേഖകളും പരിശോധിച്ചു. കേരളത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി മഹേശ്വർ ഗ്രാമപഞ്ചായത്ത് നൽകിയെന്ന പേരിൽ വ്യാജ രേഖകളാണ് ഫർമാൻ ഖാൻ വിവാഹ സമയം നൽകിയതെന്ന് കണ്ടെത്തി.
വൈറൽ വീഡിയോയിലൂടെ ശ്രദ്ധനേടിയ യുവതിയും യുവാവും കേരളത്തിലെത്തിയാണ് വിവാഹിതരായത്. മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇൻഡോർ സ്വദേശിനിയായ പെൺക്കുട്ടിയുടെയും ഫർമാൻ ഖാൻ്റെയും വിവാഹം നടന്നത്. ഇരുവരുടെയും വിവാഹം മുൻപും വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. പിന്നാലെ ലൗ ജിഹാദ് ആരോപണങ്ങളും പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളും നടന്നിരുന്നു.
പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്നും അതിനാൽ വിവാഹം നിയമപരമല്ലെന്നും സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നു. സംഭവത്തിൽ വ്യക്തത വരുത്തുന്നതിനായി ദമ്പതികൾ വിവാഹത്തിന് രണ്ട് ദിവസത്തിന് ശേഷം മാർച്ച് 11 ന് തിരുവനന്തപുരത്ത് പത്രസമ്മേളനം വിളിച്ചു. തങ്ങൾക്കെതിരെ കുടുംബം അടക്കം ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും ഇരുവരും നിഷേധിച്ചു. തികച്ചും അവ വാസ്‌തവ വിദുദ്ധമാണെന്നും താൻ പ്രായപൂർത്തിയായ ശേഷമാണ് വിവാഹം നടന്നതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹം പരസ്‌പര സമ്മതത്തോടെയാണെന്നും ഇരുവരും അവരവരുടെ വിശ്വാസങ്ങൾ നിലനിർത്തിയിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, രാജ്യസഭാംഗം എ എ റഹിം എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖരും തിരുവനന്തപുരത്ത് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.