ബെംഗളൂരു: മലയാളി കോളേജ് അധ്യാപകനെ വിജയനഗര ജില്ലയിലെ ഹംപിക്ക് സമീപമുള്ള ഹൊസപ്പേട്ടില്‍ കനാലിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഗുജറാത്തിൽ കോളേജ് അധ്യാപകനായ തിരുവനന്തപുരം ശ്രീകാര്യം നാഴിഞ്ചേരിൽ സാൻജോസ് കോട്ടേജിൽ ഷെറിൽ ജോസിനെയാണ് (33) മരിച്ചനിലയിൽ കണ്ടത്.
ഷെറിൽ ചൊവ്വാഴ്ചയാണ് ഹംപി സന്ദർശിക്കാനെത്തിയത്. ഹൊസപ്പേട്ടിലെ റിസോർട്ടിൽ മുറിയെടുത്തുതാമസിക്കുകയായിരുന്ന ഷെറിൽ വ്യാഴാഴ്ച രാവിലെ പുറത്തുപോയങ്കിലും പിന്നീട് തിരിച്ചെത്തിയില്ല. റിസോർട്ട് അധികൃതർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വെള്ളിയാഴ്‌ച രാവിലെ സമീപത്തുള്ള കനാലിൽ മുങ്ങിമരിച്ചനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കനാലിൽ കാൽവഴുതി വീണതായിരിക്കാം എന്നാണ് നിഗമനം.
മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഹൊസപേട്ട് കൈരളി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികളായ എം.കെ മത്തായി, പി.സുന്ദരൻ ബോബൻ പീറ്റർ, ദേവദാസ് ചെറിയാൻ എന്നിവര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള സഹായംചെയ്‌തു.
പിതാവ്: ജോസ് മാത്യു. മാതാവ്: എലിസബേത്ത് സിന്ധു ജോൺ. സഹോദരൻ: ഐവാൻ ജോസ്.
SUMMARY: Malayali college teacher found drowned














