കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. ‘മിഥുന്റെ വീട് എന്റെയും’ എന്ന പേരില്‍ നടത്തുന്ന ഭവന നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു.
ഞായര്‍ രാവിലെ പടിഞ്ഞാറെകല്ലട വിളന്തറയിലാണ് വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മിഥുന്റെ മാതാപിതാക്കളും സഹോദരനും ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന്റെ മേല്‍നോട്ടത്തിലാണ് ഭവന നിര്‍മാണം.
മൂന്നുമുറിയും ഹാളും അടുക്കളയും സിറ്റൗട്ടും രണ്ട് അറ്റാച്ച്‌ഡ് ബാത്ത്‌റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. 10 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അഞ്ചു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. വീട് നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ കുടുംബത്തിന് താമസിക്കാന്‍ സമീപത്തായി മറ്റൊരു വീട് സര്‍ക്കാര്‍ ചെലവില്‍ വാടകയ്ക്ക് എടുത്തുനല്‍കി.
ജൂലൈ 17നാണ് വിളന്തറ മനുഭവനില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍ സ്‌കൂളില്‍ മരിച്ചത്. മനുവിന്റെയും സുജാതയുടെയും മൂത്ത മകനായിരുന്നു. കുടുംബത്തെ സംരക്ഷിക്കുമെന്നും എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മിഥുന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുമെന്നും ഉറപ്പുനല്‍കിയിരുന്നു.
SUMMARY: Minister V Sivankutty lays foundation stone for house for Mithun’s family