കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ കഴിയില്ല. കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിപ്പെട്ടത്, ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട്. അവർ പുറത്തുണ്ട് എന്നത് ഭയപ്പെടുത്തുന്ന യഥാർഥ്യമാണ് എന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാലെ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ എന്നും അന്നും ഇന്നും എന്നും അവൾക്കൊപ്പമാണെന്നും മഞ്ജു സമൂഹമാധ്യമത്തിൽ കുറിച്ചു.
മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
“ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല.
ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ. അന്നും, ഇന്നും, എന്നും അവൾക്കൊപ്പം.”
SUMMARY:‘Only those who committed the crime were punished, those who planned it are out in broad daylight’: Manju Warrier reacts to court verdict














