പാലക്കാട്: പാലക്കാട് മേപ്പറമ്പ് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചെന്ന് പരാതി. കുറിച്ചാംകുളം സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തിൽ രണ്ടു യുവാക്കളെ പാലക്കാട് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികളായ ആഷിഫ്, ഷെഫീഖ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് റഫീഖിന്റെ ഓട്ടോറിക്ഷ യുവാക്കള്‍ കത്തിച്ചത്.15 വയസുള്ള മകളെ ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തിതന് പിന്നാലെയാണ് കുടുംബത്തിന്റെ ഏക വരുമാനമാർഗമായ ഓട്ടോറിക്ഷ കത്തിച്ചത്.
‘ഒരുമാസത്തോളമായി മോളെ സ്‌കൂളില്‍ പോകുമ്പോഴും ട്യൂഷന് പോകുമ്പോഴും ശല്യം ചെയ്യുകയാണ്. രണ്ട് മൂന്ന് തവണ മോളെന്നോട് പറഞ്ഞു. ചെറിയ കുട്ടികളായിരിക്കും എന്ന് വെച്ച് ഞാന്‍ അത് വിട്ട് കളഞ്ഞു. എന്നാല്‍ കാര്‍ തുറന്ന് കയറെഡീ എന്നൊക്കെ യുവാവ് മകളോട് പറഞ്ഞു. ഇനി പോകുന്നില്ലെന്ന് മകള്‍ പറഞ്ഞപ്പോഴാണ് ശല്യപ്പെടുത്തുന്നവരെ അന്വേഷിച്ച് ഇറങ്ങിയത്. പത്തുമുപ്പത് വയസുള്ള പയ്യനാണ് കുട്ടിയെ ശല്യം ചെയ്തത്. ഇന്നലെ വൈകുന്നേരം ഓട്ടോറിക്ഷ ഓടി തിരിച്ച് വരുമ്പോള്‍ കണ്ടപ്പോള്‍ കാര്യം ഞാന്‍ തിരക്കി. പോലീസില്‍ പരാതിപെടുമെന്നും യുവാവിനോട് പറഞ്ഞു.
ഓട്ടോറിക്ഷ കത്തുന്നത് അയല്‍ക്കാരാണ് ആദ്യം കണ്ടത്. പിന്നീട് എല്ലാവരും ചേര്‍ന്നാണ് തീകെടുത്തിയത്. ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നത്. ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല,’ റഫീഖ് പറഞ്ഞു.
SUMMARY: Questioned for molesting daughter; Girl’s father’s autorickshaw set on fire; Two arrested