ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയില്‍ 1.75 കോടിയുടെ രക്തചന്ദനം പിടികൂടിയതായി സിറ്റി പോലീസ് കമ്മിഷണർ സീമന്ദ് കുമാർ സിങ് അറിയിച്ചു. ഹുളിമാവ് പോലീസ് സ്റ്റേഷൻ, ആർടി നഗർ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിലാണ് രക്തചന്ദനം പിടിച്ചെടുത്തത്. സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. നാലുവാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
ആദ്യ കേസിൽ, ഹുളിമാവ് പോലീസ് മൂന്ന് വാഹനങ്ങൾ തടഞ്ഞുനിർത്തി 60 ലക്ഷം രൂപ വിലമതിക്കുന്ന 1,150 കിലോഗ്രാം രക്തചന്ദനം പിടിച്ചെടുത്തു. തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നചന്ദനം കാറിന്റെ പിൻസീറ്റിനടിയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ആർടി നഗർ പോലീസ് നടത്തിയ മറ്റൊരു പരിശോധനയില്‍ ബൊലേറോ വാഹനത്തിൽ നിന്ന് 75 ലക്ഷം രൂപ വിലമതിക്കുന്ന 739 കിലോഗ്രാം രക്തചന്ദനം പിടിച്ചെടുത്തു.
ആന്ധ്രയില്‍ നിന്നും ബെംഗളൂരുവിലേക്കും തമിഴ്‌നാട്ടിലേക്കുമായി കടത്തിക്കൊണ്ടുവന്ന ചന്ദനമാണിതെന്ന് പോലീസ് കമ്മിഷണർ അറിയിച്ചു.
SUMMARY: Red sandalwood worth Rs 1.75 crore seized; five arrested