തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് സ്റ്റാറ്റസ് 10 മണിക്കൂർ മുൻകൂട്ടി അറിയാൻ അനുവദിക്കുന്ന വിധത്തിൽ ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിനുള്ള സമയം ഇന്ത്യൻ റെയിൽവേ പരിഷ്‍കരിച്ചു. നിലവിൽ നാലു മണിക്കൂർ മുമ്പാണ് തയ്യാറാക്കുന്നത്. എന്നു മുതലാണ് പരിഷ്കാരം നടപ്പാക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ഉച്ചയ്ക്ക് 2.01നും രാത്രി 11.59നുമിടയിലും അർദ്ധരാത്രി 12 മുതൽ പുലർച്ചെ 5 വരെയും പുറപ്പെടുന്ന ട്രെയിനുകളിലാകും 10 മണിക്കൂർ മുമ്പ് ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുക. പുലർച്ചെ 5നും ഉച്ചയ്ക്ക് രണ്ടിനുമിടയിൽ പുറപ്പെടുന്ന ട്രെയിനുകളുടെ റിസർവേഷൻ ചാർട്ട് തലേന്ന് രാത്രി എട്ടിന് തയ്യാറാക്കും.
ഈ പരിഷ്‌കരണത്തിലൂടെ റിസർവേഷൻ സ്റ്റാറ്റസിനെക്കുറിച്ചുള്ള മുൻകൂട്ടി വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാകുകയും അവസാന നിമിഷ ആശയക്കുഴപ്പം ഒഴിവാക്കാനും സാധിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എല്ലാ സോണൽ ഡിവിഷനുകൾക്കും നൽകിയിട്ടുണ്ട്.
SUMMARY: Reservation chart ready 10 hours before train departure














