കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കടുത്തുരുത്തി മണ്ഡലത്തിലേക്ക് ജോസ് കെ. മാണി മാറിയേക്കുമെന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമാകുന്നത്. പാലാ തിരിച്ചുപിടിക്കുന്നതിനായി യുവജന സംഘടനയായ യൂത്ത് ഫ്രണ്ടിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ പാർട്ടി ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
പാലായില്‍ യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന യുവജന റാലിയ്ക്ക് ശേഷം നടന്ന പൊതുയോഗത്തില്‍ മണ്ഡലം തിരിച്ചുപിടിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞു. പാലായില്‍ വികസനമുരടിപ്പാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ഉള്ളതെന്നും അതില്‍ നിന്ന് മാറി വികസന വഴി തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കടുത്തുരുത്തി മണ്ഡലത്തിൽ കേരള കോൺഗ്രസ് എമ്മും ജോസ് കെ മാണിയും പ്രവർത്തനം സജീവമാക്കിയിരുന്നു. ഇതോടെ ജോസ് കെ മാണി പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ പരാജയപ്പെട്ടെങ്കിലും മോൻസ് ജോസഫിന്റെ ഭൂരിപക്ഷം 5000ത്തിന് താഴെയ്ക്ക് എത്തിക്കാൻ കേരള കോൺഗ്രസ് എമ്മിന് സാധിച്ചിരുന്നു.
കെ എം മാണി മരിച്ചതിനെ തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും പിന്നീട് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാലായിൽ കേരള കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനായി മത്സരിച്ച മാണി സി കാപ്പനോടായിരുന്നു യുഡിഎഫിനോടൊപ്പം മത്സരിച്ച കേരള കോൺഗ്രസിന്റെ പരാജയം. എന്നാൽ 2021 എൽഡിഎഫ് പാളയത്തിൽ എത്തിയ കേരള കോൺഗ്രസ് മാണി വിഭാഗം ജോസ് കെ മാണിയെ തന്നെ മത്സര രംഗത്തിറക്കിയിട്ടും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മാണി സി കാപ്പനോട് പരാജയപ്പെടുകയായിരുന്നു.
SUMMARY: Rumors are over; Jose K Mani will seek re-election in Pala itself