കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളികളിലുമുണ്ടായിരുന്ന സ്വർണം കവർച്ച ചെയ്ത കേസില്‍ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജു എന്നിവരുടെ ഹർജിയാണ് ജസ്റ്റിസ് എ.ബദറുദീൻ തള്ളിയത്.
ഉത്തരവിൻ്റെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. നേരത്തെ സെഷൻസ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സ്വർണക്കവർച്ചക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു എന്നതാണ് പ്രതികള്‍ക്കെതിരായ പ്രധാന ആരോപണം. ശ്രീകോവിലിലെ കട്ടിളപ്പാളികള്‍ ചെമ്പു പാളികളെന്ന പേരില്‍ സ്വർണം പൂശാനായി കൈമാറിയ കേസില്‍ എൻ.വാസുവാണ് മൂന്നാം പ്രതി.
കട്ടിളപ്പാളിയിലെ സ്വർണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാൻ കമ്മിഷണറെന്ന നിലയില്‍ നിർദേശം നല്‍കിയത് എൻ.വാസുവാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികള്‍ കൈമാറിയ കേസില്‍ രണ്ടാം പ്രതിയും കട്ടിളപ്പാളികള്‍ കൈമാറിയ കേസില്‍ ആറാം പ്രതിയുമാണ് മുരാരി ബാബു.
കെ.എസ്.ബൈജു ഏഴാം പ്രതിയാണ്. മഹസർ തയാറാക്കിയ സമയത്തും പാളികള്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പക്കല്‍ കൊടുത്തുവിട്ട സമയത്തും ഇദ്ദേഹമായിരുന്നു തിരുവാഭരണം കമ്മിഷണർ.
SUMMARY: Sabarimala gold robbery; Bail pleas of N. Vasu and others rejected














