കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി തള്ളി. പാളികള്‍ കൈമാറിയതില്‍ തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാല്‍, ഉദ്യോഗസ്ഥൻ എന്ന നിലയില്‍ സുധീഷ് കുമാറിനും പങ്കുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു.
പ്രോസിക്യൂഷനു വേണ്ടി അഡ്വ.സിജു രാജൻ ഹാജരായി. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയാണ് എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പ കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് രണ്ടു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണക്കൊള്ളയില്‍ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്.
SUMMARY: Sabarimala gold theft case: Sudheesh Kumar’s bail plea rejected














