കൊച്ചി: ലൈംഗിക പീഡന ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തന്റേതെന്ന പേരില്‍ പുറത്തുവന്ന പുതിയ ശബ്ദരേഖയുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്ത്. പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പുതുതായി ഒന്നും പുറത്തുവന്ന സന്ദേശത്തിൽ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ശബ്ദരേഖയും വാട്സ് ആപ്പ് ചാറ്റും സംബന്ധിച്ചും മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഇതിന് വ്യക്തമായ മറുപടി നല്‍കാതെ വിഷയത്തില്‍ നിയമപരമായ വഴി തേടുമെന്നുമാത്രമാണ് രാഹുലിന്റെ പ്രതികരണം.
പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ എന്തിരിക്കുന്നു എന്നായിരുന്നു രാഹുൽ മാദ്ധ്യമങ്ങളോട് ചോദിച്ചത്. സമയമാകുമ്പോൾ തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും രാഹുൽ വ്യക്തമാക്കി. പുറത്തുവന്ന ശബ്ദ സന്ദേശം നിഷേധിക്കാൻ രാഹുൽ തയ്യാറായില്ല. അതിൽ വ്യക്ത വരുത്താനും രാഹുൽ തയ്യാറായില്ല. മാദ്ധ്യമങ്ങളുടെ പല ചോദ്യങ്ങൾക്കും രാഹുലിന് മറുപടിയുണ്ടായിരുന്നില്ല.
‘എന്റേതാണ് എന്നും പറഞ്ഞ് ഒരു ശബ്ദം കൊടുക്കുന്നു. അതിന് മുമ്പ് എന്നെ വിളിച്ച് ഈ ശബ്ദം നിങ്ങളുടേതാണോ എന്ന് ചോദിച്ച ശേഷം അത് പുറത്തുവിടുന്നതിന് പകരം, വോയിസ് എന്റേതാണെന്നും പറഞ്ഞ് ചിത്രം ഉൾപ്പെടെ വച്ച് കൊടുത്തതിനുശേഷം അത് എന്റേതാണോ എന്ന് ചോദിക്കുന്നു. ഞാൻ ആദ്യം തന്നെ പറഞ്ഞു, അന്വേഷണം മുന്നോട്ട് പോയതിന് ശേഷം ഒരു ഘട്ടം കഴിയുമ്പോൾ എനിക്ക് കൂട്ടിച്ചേർക്കാനുള്ളത് കൂട്ടിച്ചേർക്കും. ഈ രാജ്യത്തെ ഏതെങ്കിലും നിയമത്തിനെതിരായി ഒരു പ്രവൃത്തിയും ഞാൻ ചെയ്തിട്ടില്ല. ആ നിലയ്ക്ക് എനിക്ക് നിയമപരമായി മുമ്പോട്ട് പോകാനുള്ള അവകാശമുണ്ട്’- രാഹുൽ പറഞ്ഞു.
ലൈംഗികാരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഇന്ന് ഉച്ചയോടെയാണ് ശബ്ദരേഖ പുറത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയോട് ഗർഭിണിയാകണമെന്ന് ആവശ്യപ്പെടുന്ന വാട്സാപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗർഭഛിദ്രത്തിന് രാഹുൽ പെൺകുട്ടിയോട് ആവശ്യപ്പെടുന്നതും ചാറ്റുകളിലുണ്ട്.
അതേ സമയം രാഹല്‍ മാങ്കൂട്ടത്തിലിനെതിരായ തെളുവുകളടക്കം മുഖ്യമന്ത്രി കൈമാറാന്‍ യുവതി തയ്യാറെടുക്കുകയാണെന്ന സൂചനയും പുറത്തുവരുന്നുണ്ട് .നേരത്തെ പുറത്തുവന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പോലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എന്നാല്‍, ഗര്‍ഭഛിദ്രം നടത്തേണ്ടി വന്ന യുവതി ഇതുവരെ മൊഴി നല്‍കുകയൊ പരാതി നല്‍കുകയോ ചെയ്തിട്ടില്ല.
SUMMARY: Sexual harassment allegations: ‘I have not done anything against the law- Rahul Mankootathil














