മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനുനേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർത്തു. മുംബൈയിലെ ജുഹുവിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ അജ്ഞാത സംഘം പുഷ്പ പാർക്കിനു സമീപം നടനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തില്‍ താരത്തിന്റെ ഡ്രൈവറിന് പരുക്കേറ്റെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തെ നാനാവതി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നടൻ ജാക്കി ഷ്റോഫിന്റെ മകനാണ് ടൈഗർ ഷ്റോഫ്. 2014ലാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ആക്ഷൻ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.
വെടിവെപ്പിന് പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘത്തിൽപ്പെട്ട അനിൽ പണ്ഡിറ്റ് എന്ന വ്യക്തിയാണെന്നാണ് വിവരം. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഇവർ സ്വയം ഏറ്റെടുത്തതായും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതായുമാണ് വിവരം. സൽമാൻ ഖാനോടൊപ്പം പ്രവർത്തിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതാവാം വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ബിഷ്ണോയ്, സൽമാൻ ഖാനെ വധിക്കുമെന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് സാംസ്കാരിക മന്ത്രി ആശിഷ് ഷെലാർ ടൈഗർ ഷ്റോഫിന്റെ കുടുംബവുമായി സംസാരിച്ചു. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Shots fired at actor Tiger Shroff; driver injured; indications point to the Bishnoi gang.
















